10:48 pm - Thursday March 22, 2018

പാപംചെയ്യാത്തവര്‍ കല്ലെറിയട്ടെ

ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍വരികയും നരേന്ദ്രമോദി പ്രധാനമന്ത്രിയാകുകയും ചെയ്താല്‍ ഭാരതത്തില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുമെന്നും മറ്റുമുള്ള തെറ്റിദ്ധാരണകള്‍ പുലര്‍ത്തിയവരാണ് ഭാരതത്തിലെ ചില ന്യൂനപക്ഷമതസമൂഹങ്ങള്‍. ഇങ്ങനെയൊന്നും സംഭവിക്കുന്നില്ലെന്നു വന്നപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ മതംമാറ്റം നടത്തുന്നുവെന്ന ആരോപണമുന്നയിച്ച് പ്രതിപക്ഷം പാര്‍ലമെന്റ് നിശ്ചലമാക്കുകയാണ് ഇപ്പോള്‍. മതംമാറ്റത്തിനെതിരെ കേരളത്തിന് നടപടിയെടുക്കാമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി എം. വെങ്കയ്യനായിഡു വ്യക്തമാക്കിയശേഷവും മോദി എന്തുകൊണ്ട് നിശബ്ദത പാലിക്കുന്നുവെന്നാണ് ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ അംഗങ്ങള്‍ക്ക് ആകെക്കൂടി ചോദിക്കാനുള്ളത്. എനിക്ക് മനസിലാകാത്തത് എന്തുകൊണ്ട് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിനെതിരെ മറ്റ് മതസമൂഹങ്ങള്‍ ഇത്ര പ്രക്ഷുബ്ധമാകുന്നു എന്നാണ്. ഹിന്ദുമതത്തില്‍നിന്ന് മതംമാറിയവരാണ് ഭാരതത്തിലെ മറ്റു മതവിഭാഗങ്ങള്‍. മുഗള്‍ചക്രവര്‍ത്തിയായ അറംഗസീബും ടിപ്പുസുല്‍ത്താനും എത്രയോ ലക്ഷം ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതംമാറ്റി. സെന്റ് തോമസ് കേരളത്തില്‍ വന്നശേഷമാണ് ക്രിസ്തുമതത്തിലേക്ക് മറ്റു മതസ്ഥര്‍ ചേക്കേറിയതെന്നാണ് വിശ്വാസം.

ഞാന്‍ കോട്ടയത്ത് ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ ലേഖികയായിരുന്നു. അന്ന് അവിടെ ഒരു വലിയ വിഭാഗം ദളിതരെ ക്രിസ്തുമതത്തിലേക്കാകര്‍ഷിക്കുകയുണ്ടായി. ക്രിസ്തുമതത്തില്‍ തൊട്ടുകൂടായ്മ ഉണ്ടാവില്ലെന്നും അവര്‍ക്ക് ക്രിസ്ത്യന്‍ ശ്മശാനത്തില്‍ ശവമടക്കാമെന്നും മറ്റും വാഗ്ദാനം നല്‍കിയായിരുന്നു ഈ മതംമാറ്റം. അന്ന് ദളിതരായവരുടെ ശവമടക്കിയിരുന്നത് പ്രത്യേകം അനുവദിച്ചിരുന്ന ശ്മശാനത്തിലായിരുന്നു. മതംമാറ്റത്തിന് ക്രൈസ്തവസഭകള്‍ വേറെയും വാഗ്ദാനങ്ങള്‍ ദളിതര്‍ക്ക് നല്‍കിയിരുന്നു. പക്ഷെ ദളിതര്‍ മതംമാറിയശേഷവും അവര്‍ ചേന്നന്‍ പൈലിയും കോരന്‍ യാക്കോബും മറ്റുമായി തുടര്‍ന്നു. അവര്‍ക്ക് പള്ളിയിലെ ഇരിപ്പിടം ഏറ്റവും പുറകിലായിരുന്നു. അവര്‍ പണ്ട് ജീവിച്ചപോലെതന്നെ ഒറ്റപ്പെട്ട്, തൊട്ടുകൂടായ്മയോടെ ജീവിച്ചു. ഇടയ്ക്ക് ചില അച്ചന്മാര്‍ അവരുടെ കുടിലുകളിലെത്തി അന്ത്യകൂദാശ നല്‍കിയതൊഴിച്ചാല്‍. അക്കാലത്താണ് യഹോവാ സാക്ഷികള്‍ എന്ന വിഭാഗം ഏറ്റുമാനൂരിലെ ഒരു സ്‌കൂളില്‍ ജനഗണമന പാടുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാതിരുന്നത്. യഹോവാസാക്ഷികള്‍ യഹോവയില്‍ മാത്രം വിശ്വസിക്കുന്നു. ഭാരതമാതാവിനെ അമ്മയായി വണങ്ങാന്‍ അവരുടെ സഭ സമ്മതിക്കില്ലെന്നുമായിരുന്നു വാദം. അവര്‍ക്കെതിരെ ശക്തമായ നിലപാട് ആ സ്‌കൂളിലെ പ്രധാനാധ്യാപിക സ്വീകരിച്ചിരുന്നു.

 

പെന്തക്കോസ്ത് സഭയില്‍ ചേര്‍ന്നാല്‍ പൈസ തരാമെന്നും വീടുവെച്ചുതരാമെന്നും മറ്റും വാഗ്ദാനം നല്‍കിയാണ് മതംമാറ്റം നടത്തിവന്നത്; ഇപ്പോഴും നടത്തുന്നതത്രെ. ഒരിക്കല്‍ ഞാന്‍ ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ ഒരു സ്ത്രീ എന്റെ അടുത്തുവന്നിരുന്നു. ഏകദൈവത്തില്‍ വിശ്വസിക്കണമെന്നും പെന്തക്കോസ്ത് ആകണമെന്നും അവര്‍ നിര്‍ബന്ധിച്ചത് ഞാന്‍ ഓര്‍ക്കുന്നു. മറ്റൊരിക്കല്‍ ഞാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിലെ ജോലി കഴിഞ്ഞുമടങ്ങുമ്പോള്‍ ഒരു സ്ത്രീ എന്റെ ഒപ്പംകൂടി പെന്തക്കോസ്ത് സഭയില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയും അതുകൊണ്ടുള്ള ഗുണഗണങ്ങള്‍ വര്‍ണിക്കുകയും ചെയ്തു. ദേവീഭക്തയാണെന്നും എനിക്ക് ഒരു ദൈവമേയുള്ളൂ എന്നുമായിരുന്നു എന്റെ മറുപടി. എന്നാല്‍ അവര്‍ അതില്‍ തൃപ്തയായില്ല. ഹിന്ദുമതത്തില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ട് എന്നായിരുന്നു അവരുടെ ആക്ഷേപം. എനിക്ക് അവരോട് കൂടുതലൊന്നും പറയാനുണ്ടായിരുന്നില്ല. പറഞ്ഞിട്ട് കാര്യമുണ്ടെന്നും തോന്നിയില്ല. അത്രക്ക് അന്ധമായിരുന്നു അവരുടെ മതവിശ്വാസം. ദളിതര്‍ക്കും മറ്റുമിടയില്‍ നിലനിന്ന തൊട്ടുകൂടായ്മയും അയിത്തവും മറ്റുമാണ് ഹിന്ദുമതത്തിന്റെ പ്രതിഛായയെ വികലമാക്കിയത്. ദൈവത്തിന്റെ സൃഷ്ടികളെല്ലാം ഒരുപോലെയാണെന്നിരിക്കെ അവരില്‍ അവര്‍ണ-സവര്‍ണഭേദം കല്‍പ്പിക്കുന്നത് അര്‍ത്ഥശൂന്യമാണ്. ഏതെങ്കിലും ഒരു ജാതിയിലേക്ക് ഇതരജാതിയില്‍നിന്നുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചു കൊണ്ടുവന്നാല്‍ അനാവശ്യമായ സംഘര്‍ഷങ്ങള്‍ ഇപ്പോഴും ഉടലെടുക്കുന്നുണ്ട് എന്നത് ഒരു വാസ്തവമാണ്. ഇതിന് മാറ്റംവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

 

ഈഴവര്‍ തെങ്ങുചെത്തുന്നവരാണെന്നും ദളിതര്‍ കറുത്തതാണെന്നും മറ്റുമുള്ള കുറ്റപ്പെടുത്തലുകള്‍ക്ക് പതിറ്റാണ്ടുകളുടെയെന്നല്ല നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സ്വാമി വിവേകാനന്ദന്‍ കൊടുങ്ങല്ലൂരില്‍ വന്ന് ആലിന്‍ചുവട്ടില്‍ ധ്യാനനിരതനായിരുന്നപ്പോള്‍ അതുവഴി വന്ന ഒരു പൂജാരിയോട് താന്‍ അകത്തുകയറിക്കോട്ടേയെന്ന് ചോദിച്ചു. ഈ തലേക്കെട്ടെല്ലാം കെട്ടിയ നിങ്ങള്‍ എന്ത് ജാതിക്കാരനാണെന്ന് എങ്ങനെ അറിയാമെന്നായിരുന്നു പൂജാരിയുടെ മറുചോദ്യം. വിവേകാനന്ദന് അമ്പലത്തില്‍ കയറാന്‍ അനുവാദം നല്‍കിയില്ലത്രെ. പിന്നീട് അതിലെവന്ന കൊടുങ്ങല്ലൂര്‍ രാജാവ് സ്വാമി വിവേകാനന്ദന്റെ മുഖത്തെ തേജസ് കണ്ട് അദ്ദേഹം വലിയമനുഷ്യനാണെന്ന് തിരിച്ചറിഞ്ഞ് സ്വന്തം കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഈ സംഭവമാണ് സ്വാമി വിവേകാനന്ദനെ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. കൊല്ലത്തും മറ്റും മുസ്ലിം മതത്തിലേക്ക് ഹിന്ദു-ക്രിസ്ത്യന്‍ മതങ്ങളില്‍നിന്നും മതംമാറ്റം നടക്കപ്പെടുന്നുണ്ട്. മുസ്ലിം യുവാക്കള്‍ പ്രേമം നടിച്ച് വിവാഹം കഴിച്ച് കുട്ടികളെ മദ്രസകളിലെത്തിച്ച് മതംമാറ്റുകയും ഖുറാന്‍ അഭ്യസിപ്പിക്കുകയും ചെയ്യുന്നു. മാതാപിതാക്കള്‍ പോലീസില്‍ കേസിന് പോകുമ്പോള്‍ പല പെണ്‍കുട്ടികളും പറയും അവര്‍ ഏകദൈവ വിശ്വാസികളാണെന്നും അവരുടെ വിശുദ്ധഗ്രന്ഥം ഖുറാന്‍ ആണെന്നും.

 

ഈ പ്രവണതക്കെതിരെയാണ് ഹിന്ദുഹെല്‍പ് ലൈന്‍ എന്ന സംഘടന പ്രവര്‍ത്തിക്കുന്നത്. മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടതനുസരിച്ച് പെണ്‍കുട്ടികളെ വീണ്ടെടുത്ത് അവരെ സ്വധര്‍മത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ചെയ്യുന്നത്.  മാതാപിതാക്കളുടെ പൂര്‍ണസമ്മതത്തോടെയും അധികൃതരുടെ അറിവോടും കൂടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതില്‍ പ്രലോഭനത്തിന്റെയോ ഭീഷണിയുടെയോ പണത്തിന്റെയോ പ്രശ്‌നം ഉദിക്കുന്നതേയില്ല. എന്നിട്ടും ഇതിനെതിരെ ചന്ദ്രഹാസമിളക്കുന്നവര്‍ ലൗജിഹാദ് മിഥ്യയാണെന്ന് വാദിക്കുന്നു! ഇഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്കവകാശമുണ്ട്. പക്ഷേ സംഘപരിവാര്‍ അവരുടെ അജണ്ട നടപ്പാക്കുന്നു എന്നു പറയുന്നവര്‍ മറ്റു മതങ്ങളിലേക്ക് ഹിന്ദുക്കളെ മാറ്റുന്നത് ഏത് അജണ്ടയുടെ പേരിലാണെന്ന് മാത്രം വ്യക്തമാക്കുന്നില്ല. കഴിഞ്ഞ ദിവസം കേരളത്തില്‍ സ്വധര്‍മത്തിലേക്ക് ചില ഹിന്ദുക്കള്‍ മടങ്ങിവന്നതിനെതിരെ അനാവശ്യമായി ശബ്ദമുയര്‍ത്തിയ ചിലര്‍ കേന്ദ്രം ഇടപെടണമെന്നാണ് ആവശ്യപ്പെട്ടത്. മതംമാറ്റക്കാര്യത്തില്‍ ബിജെപിയോ കേന്ദ്രസര്‍ക്കാരോ യാതൊരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാനസര്‍ക്കാരുകളാണെന്ന് പറഞ്ഞതോടെ വിമര്‍ശകരുടെ നാവിറങ്ങിപ്പോയി.

 

ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതും നരേന്ദ്രമോദി പ്രധാനമന്ത്രിയായതും ഭാരതത്തിലെ പല രാഷ്ട്രീയ കക്ഷികള്‍ക്കും പിടിച്ചില്ല. പ്രത്യേകിച്ച് കോണ്‍ഗ്രസിന്. പക്ഷേ ഇപ്പോള്‍ ഝാര്‍ഖണ്ഡിലും ജമ്മുകശ്മീരിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി ജയിച്ചുകയറുകയും കോണ്‍ഗ്രസ് തകര്‍ന്നടിയുകയും ചെയ്തിരിക്കുകയാണ്. സോണിയ-രാഹുല്‍ പ്രഭൃതികളുടെ നേതൃപാടവമില്ലായ്മയ്ക്കല്ലേ ഇത് അടിവരയിടുന്നത്? ഇപ്പോള്‍ മതവിശ്വാസമില്ലാത്ത സിപിഎമ്മും മതംമാറ്റത്തിന്റെ പേരില്‍ വലിയ കോലാഹലമുണ്ടാക്കുകയാണ്. നിര്‍ബന്ധിത മതംമാറ്റം ആവാം, ഹിന്ദുമതത്തിലേക്ക് മറ്റുള്ളവര്‍ വരുന്നതിനെതിരെ നിയമനിര്‍മാണം വേണമെന്നാണ് അവരുടെ ആവശ്യം. ഇനി എങ്ങോട്ടുപോകണമെന്നറിയാതെ കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയം മരവിച്ച് നില്‍ക്കുകയാണ്. ഇരുമുന്നണികളും തമ്മില്‍ ഒരുകാര്യത്തിലും വ്യത്യാസമില്ലെന്ന് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയുകയാണ്. മദ്യനിരോധനത്തിന്റെ കാര്യത്തിലായാലും ബാര്‍കോഴയുടെ കാര്യത്തിലായാലും കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ പ്രത്യയശാസ്ത്രപരമായ ഐക്യത്തിലാണ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് 1981 ല്‍ മീനാക്ഷിപുരത്ത് 800 ഹിന്ദുക്കളെ കൂട്ട മതംമാറ്റം നടത്തിയത്. അത് അന്ന് ഇന്ദിരയെ ഭയന്ന് ചര്‍ച്ച പോലുമായില്ല. അന്നത്തെ പ്രചാരണം ”കിറശൃമ ശ െവേല ാമി ശി വേല രമയശില’േ’ എന്നായിരുന്നല്ലോ! ബാക്കി ഉള്ളവര്‍ നപുംസകങ്ങളോ? നിര്‍ബന്ധിത മതംമാറ്റത്തിനെതിരെ നിയമനിര്‍മാണം നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷേ ജനതാ സര്‍ക്കാര്‍ ഇങ്ങനെ ഒരു ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ശക്തമായ എതിര്‍പ്പാണുയര്‍ന്നത്.

 

”മതേതര ഇന്ത്യ” എന്ന് നമ്മള്‍ അഭിമാനപൂര്‍വം ലോകത്തോട് വിളംബരം ചെയ്യുമ്പോഴും ശക്തമായ മതവേര്‍തിരിവ് ഇവിടെ നിലനില്‍ക്കുന്നു. ക്രിസ്തുമതത്തിലേക്ക് മതം മാറിയ ദളിതര്‍ക്ക് അവരുടെ കറുപ്പ് നിറം മാറ്റാനാകാത്ത പോലെ അവരുടെ ദളിത് വിശേഷണവും മാറ്റാനായില്ല. അവര്‍ കോരന്‍ പൈലിയും കറുമ്പന്‍ ചാക്കോയുമായി ”ദളിത് ക്രൈസ്തവര്‍” എന്ന വിശേഷണത്താല്‍ അറിയപ്പെടുന്നു. ഭാരത മഹാരാജ്യത്തിലെപ്പോലെ ഇത്രയധികം കപടനാട്യമുള്ള മറ്റൊരു രാജ്യം ഈ ഭൂലോകത്തിലില്ല എന്നാണ് ഇപ്പോള്‍ അരങ്ങേറുന്ന ‘ഘര്‍ വാപസി’ ക്കെതിരായ കോലാഹലം തെളിയിക്കുന്നത്. മതം ഒരിക്കല്‍ മതംമാറിപ്പോയവര്‍ സ്വമേധയാ മടങ്ങിവരുന്നതില്‍ മറ്റ് മതവിഭാഗങ്ങള്‍ എന്തിനാണ് ഇത്രക്ക് ആശങ്കാകുലരാകുന്നത്? ക്രിസ്തുമതത്തിലേക്കും ഇസ്ലാമിലേക്കും ആരെങ്കിലും മതംമാറ്റുമ്പോള്‍ അത് ഒരു ചലനവും സൃഷ്ടിക്കുന്നില്ലല്ലോ. ഭാരതം ഹിന്ദുവിരുദ്ധമായിരിക്കണമെന്ന് ആര്‍ക്കാണ് ഇത്ര താല്‍പര്യം?

News Feed

Vanvasi Raksha Pariwar Kumbha 2014- Reaching New Horizons towards the Upliftment of the Vanvasis

If you abuse my religion again, I will throw you overboard.: Swami Vivekananda to a christian Missionary on his voyage to India

Related posts