2:57 am - Sunday February 18, 2018

ഭാരതീയ സാംസ്‌കാരിക സങ്കല്‍പങ്ങളെ തകര്‍ക്കാന്‍ ഇടതുപക്ഷശ്രമം: എസ് ഗുരുമൂര്‍ത്തി

കൊച്ചി: സമൂഹത്തിലെ വ്യക്തി ബന്ധങ്ങളെയും സാംസ്‌കാരിക സങ്കല്‍പങ്ങളെയും തകര്‍ത്തെറിയാനുള്ള ബോധപൂര്‍വമായ ശ്രമം രാജ്യത്ത് അവശേഷിക്കുന്ന ഇടതുപക്ഷം നടത്തുന്നുണ്ടെന്ന് പ്രശസ്ത സാമ്പത്തിക വിദ്ഗ്ധന്‍ എസ് ഗുരുമൂര്‍ത്തി. ഭാരതീയ സംസ്‌കാരത്തിലൂന്നി സാമൂഹ്യബന്ധങ്ങളെ ആധാരമാക്കി ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണം നടത്താനുള്ള നീതി ആയോഗിന്റെ നയരേഖ അതിനാല്‍ തന്നെ ചരിത്രപരമാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്ത് പി പരമേശ്വരന്‍ നവതിയാഘോഷ ചടങ്ങിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഗുരുമൂര്‍ത്തി.

നീതി ആയോഗിന്റെ നയരേഖയെ സാധൂകരിക്കുന്ന കാഴ്ചയാണ് നോട്ടു നിരോധനം നിലനിന്ന് മൂന്നു മാസം രാജ്യത്ത് കാണാനായതെന്ന് ഗുരുമൂര്‍ത്തി ചൂണ്ടിക്കാട്ടി. എല്ലാവരും പരസ്പരം സഹായിച്ചു കൊണ്ട് പണത്തിന്റെ കുറവുകള്‍ പരിഹരിച്ചു. വ്യക്തി ബന്ധങ്ങളും സാംസ്‌കാരിക പാരമ്പര്യവും സാമ്പത്തിക രംഗത്തും പ്രാവര്‍ത്തികമാകുമെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നയരേഖയ്ക്ക് വ്യാപകമായ പ്രചാരണം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സാമ്പത്തിക വളര്‍ച്ചയ്ക്ക് പാരമ്പര്യ ബിംബങ്ങളെ തകര്‍ത്തെറിയണമെന്ന ബോധപൂര്‍വമായ പ്രചാരണമാണ് കഴിഞ്ഞ കാലങ്ങളില്‍ പാശ്ചാത്യ ലോകം നടത്തി വന്നത്. യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും അത് ഫലിപ്പിച്ചെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. കാറല്‍ മാര്‍ക്‌സ് ഇന്ത്യയെ അര്‍ധ കിരാത സമൂഹമെന്നാണ് വിശേഷിപ്പിച്ചത്. സംസ്‌കാരത്തെ ഇല്ലായ്മ ചെയ്ത് ഇന്ത്യയെ വിപ്ലവത്തിന് തയ്യാറെടുപ്പിക്കാമെന്ന് മാര്‍ക്‌സ് അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ സാമൂഹ്യമായ ബന്ധങ്ങള്‍ ശക്തമായതിനാല്‍ ഈ നയം നടപ്പാക്കിയെടുക്കാന്‍ സാധിച്ചില്ല. എന്നാല്‍ പാശ്ചാത്യ ലോകം മുന്നോട്ടു വച്ച സാമ്പത്തിക നയം ദയനീയമായി പരാജയപ്പെടുകയാണുണ്ടായതെന്ന് ഗുരുമൂര്‍ത്തി ചൂണ്ടിക്കാട്ടി. ജി 20 ഉച്ചകോടിയില്‍ മറ്റു രാജ്യങ്ങള്‍ ഇക്കാരണം മുന്‍നിര്‍ത്തി അമേരിക്കയെ പ്രതിക്കൂട്ടിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പി പരമേശ്വരനെ പോലുള്ള ദാര്‍ശനിക ചിന്തകര്‍ കാട്ടിത്തന്ന വഴിയിലൂടെയാണ് ഇന്ന് രാജ്യം സഞ്ചരിക്കുന്നത്.  ബൗദ്ധിക തലത്തില്‍ നിലനില്‍ക്കുന്ന വിടവുകള്‍ നികത്താന്‍ പരമേശ്വര്‍ജി നല്‍കുന്ന സേവനങ്ങള്‍ എന്നും തന്നെ ആകര്‍ഷിച്ചിട്ടുണ്ട്. കണ്ണടച്ച് മറയ്ക്കാവുന്നതല്ല അദ്ദേഹം സമൂഹത്തിനു നല്‍കിയ സേവനമെന്നും അദ്ദേഹം പറഞ്ഞു.

S Gurumurthy delivering keynote address at P Parameswarji Navati Celebrations at A J Hall Kaloor, Ernakulam. Sri .K.C.Sudhir Babu (General Secretary,BVK), Padma Shri P.Parameswaran, Dr .Vijay Bhatkar ( Chancellor,Nalanda University), Sri.R.Sanjayan (Joint Director, BVK), Dr.M.Mohandas (President,BVK), Dr.A.R.S Menon(Programme Committee C0-convenor) are also seen.[From left to right]

Dr .Vijay Bhatkar giving the inaugural address of P Parameswarji Navati Celebrations at A J Hall Kaloor, Ernakulam. Sri .K.C.Sudhir Babu (General Secretary,BVK), Sri.S.Gurumurthy (Columnist&Economist), Padma Shri P.Parameswaran, Sri.R.Sanjayan (Joint Director, BVK), Dr.M.Mohandas (President,BVK), Dr.A.R.S Menon(Programme Committee C0-convenor) are also seen. .[From left to right]

ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും വിജ്ഞാനദാഹികള്‍ ഇന്ത്യയിലേക്കെത്തുന്ന നിലവാരത്തിലുള്ള സര്‍വകലാശാലകള്‍ ഉണ്ടാകുന്ന കാലത്ത് മാത്രമേ വികസിത രാജ്യം എന്ന പൂര്‍ണ സങ്കല്‍പത്തിലേക്ക് രാജ്യം മാറുകയുള്ളൂവെന്ന് നവതിയാഘോഷം ഉദ്ഘാടനം ചെയ്ത നളന്ദ സര്‍വകലാശാല ചാന്‍സലര്‍ ഡോ വിജയ് ഭട്കര്‍ പറഞ്ഞു. നളന്ദ, തക്ഷശില എന്നിവിടങ്ങളില്‍ നിന്നും പകര്‍ന്നു നല്‍കിയ വിജ്ഞാനമാണ് പൗരാണിക ലോകത്തിനു മുന്നില്‍ ഇന്ത്യയ്ക്ക് ഗുരുസ്ഥാനം ലഭിക്കാന്‍ കാരണം. ആ നിലവാരത്തിലേക്ക് ഉയരാന്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സാധിക്കണമെന്നും ഡോ ഭട്കര്‍ പറഞ്ഞു. 

ഓരോ കാലഘട്ടവും ഓരോ സംസ്‌കാരങ്ങള്‍ക്ക് മേല്‍ക്കോയ്മ ഉണ്ടായിരുന്നവയാണ്. എന്നാല്‍ പൗരാണിക കാലം മുല്‍ക്ക് തുടര്‍ച്ച അവകാശപ്പെടാവുന്ന ഓരേയൊരു സംസ്‌കാരം ഭാരതത്തിന്റേതു മാത്രമണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര കണ്ടു പിടുത്തങ്ങളുടെ ബലത്തില്‍ നാലു നൂറ്റാണ്ടുകള്‍ യൂറോപ്പിന്റെ അധീനതയിലായരുന്നു. സൈനിക ശക്തിയുടെ ബലത്തില്‍ 20-ാം നൂറ്റാണ്ടില്‍ അമേരിക്ക ലോകത്ത് അധികാരം സ്ഥാപിച്ചു. 21-ാം നൂറ്റാണ്ട് ഇന്ത്യയുടെതാണെന്നും അദ്ദേഹം പറഞ്ഞു.

പി പരമേശ്വരന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ ഭാരതീയ വിചാരകേന്ദ്രം പ്രസിഡന്റ് ഡോ എം മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍ സഞ്ജയന്‍,  ജനറല്‍ സെക്രട്ടറി കെ സി സുധീര്‍ ബാബു, ആഘോഷസമ്മിതി സഹ സംയോജകന്‍ ഡോ എ ആര്‍ എസ് മേനോന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

 

The Left attempting to destroy Indian culture: S. Gurumurthy

രാഷ്ട്രനന്മ ലക്ഷ്യമാക്കി പാഠ്യവിഷയങ്ങള്‍ തിരുത്തിയെഴുതണം: ഭാരതീയ വിചാരകേന്ദ്രം സെമിനാര്‍

Related posts