3:21 pm - Saturday March 20, 9384

സാമൂഹ്യപരിവര്‍ത്തനം വര്‍ഷപ്രതിപദയുടെ സന്ദേശം – കെ.പി. രാധാകൃഷ്ണന്‍

ഭാരതീയമായ പുതുവര്‍ഷാരംഭമാണ് വര്‍ഷപ്രതിപദ. ഏറ്റവും പ്രാചീനമായ കാലഗണനാസമ്പ്രദായമാണ് ഭാരതത്തിന്റെത്. യുഗാബ്ദ കലണ്ടര്‍ ആരംഭിച്ചിട്ട് 5117 വര്‍ഷം പൂര്‍ത്തിയാകുന്നു. 5118-മാത്തെ വര്‍ഷമാണ് ഈ വരുന്ന വര്‍ഷപ്രതിപദ ദിനത്തില്‍ ആരംഭിക്കുന്നത്. ഇന്ന് പ്രചാരത്തിലുള്ള ഇംഗ്ലീഷ് കലണ്ടറിന് 2015 വര്‍ഷത്തെ പഴക്കമേയുള്ളു. ആ കലണ്ടറനുസരിച്ച് 21- നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്. എന്നാല്‍ യുഗാബ്ദം അനുസരുച്ച് ഇത് 51- നൂറ്റാണ്ടാണ് കലണ്ടര്‍ മാറുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് മുപ്പത് നൂറ്റാണ്ടുകളാണ്; ഒരു സമൂഹത്തിന്റെ ദീര്‍ഘകാലത്തെ ജീവിതവും സംസ്‌കൃതിയും ചരിത്രവുമാണ്.

dr-hedgewar

ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍

ഓരോ സമൂഹവും അതിന്റെ തനിമ നിലനിര്‍ത്തുന്നത് ശരിയായ ചരിത്രബോധത്തിലൂടെയാണ്. കാലബോധത്തില്‍ നിന്നാണ് ചരിത്രബോധം രൂപപ്പെടുന്നത്. കാലബോധം ഉടലെടുക്കുന്നത് കാലഗണനയില്‍ നിന്നാണ്. നമ്മുടെ കാലഗണനയ്ക്കുമേല്‍ പാശ്ചാത്യമായ കാലഗണന അടിച്ചേല്‍പിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ച് ചരിത്രബോധത്തെ താളം തെറ്റിച്ചിരിക്കുന്നു. ചരിത്രബോധം നഷ്ടമാകുമ്പോള്‍ സമൂഹത്തിന്റെ മുഖമാണു നഷ്ടമാകുന്നത്. ഈ പ്രതിസന്ധിയ്ക്കുള്ള പരിഹാരം ഭാരതീയമായ കാലഗണനയിലേക്ക് തിരിച്ചുപോവുക എന്നതാണ്. നമ്മുടെ പൈതൃകത്തില്‍ അഭിമാനം കൊള്ളുന്ന ഒരു ജനതയെ സൃഷ്ടിച്ചെടുക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്.

പുതുവര്‍ഷത്തിന്റെ തുടക്കം എന്നത് മാറ്റത്തിന്റെ ഉദ്‌ഘോഷമാണ്. ഈ മാറ്റത്തിനു നമുക്ക് പ്രേരണ ലഭിക്കുന്നത് മഹത് വ്യക്തിത്വങ്ങളുടെ ജീവിത മാതൃകയിലൂടെയാണ്. ഇത്തരമൊരു ദീപസ്തംഭമാണ് രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ സ്ഥാപകനായ ഡോ. കേശവബലിറാം ഹെഡ്‌ഗേവാര്‍. അദ്ദേഹം ഭൂജാതനായത് യുഗാബ്ദം 4991-ലെ യുഗാദി നാളിലാണ്(ക്രി.വ. 1889). ജന്മനാ ദേശഭക്തന്‍ എന്നതാണ് ഡോക്ടര്‍ജിയുടെ സവിശേഷത. നാഗപ്പൂരിലെ ഒരു സാധാരണകുടുംബത്തില്‍ കഷ്ടപ്പാടുകളുടെ പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ രൂപപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതം.
പ്രശസ്തിപരാങ്മുഖനായ ഡോക്ടര്‍ജി തന്റെ ദൗത്യനിര്‍വ്വഹണം എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടു. 1925ല്‍ രാഷ്ട്രീയസ്വയംസേവകസംഘം രൂപീകൃതമാകുന്നതിനുള്ള കളമൊരുക്കലാണ് അതിനുമുമ്പുള്ള അദ്ദേഹത്തിന്റെ ജീവിതകാലഘട്ടം. കോണ്‍ഗ്രസ്സിലും വിപ്ലവപ്രസ്ഥാന ങ്ങളിലും ഒക്കെയുള്ള ഡോക്ടര്‍ജി യുടെ അനുഭവങ്ങളും രാജ്യത്തിന്റെ സാമൂഹ്യ അന്തരീക്ഷവുമെല്ലാം ഹിന്ദുത്വ കാഴ്ചപ്പാടില്‍ ഉറച്ചു നില്‍ക്കുന്ന സംഘടിത സമൂഹത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടി. ആദര്‍ശനിഷ്ഠരായ വ്യക്തികളെ വളര്‍ത്തിയെടുത്തുകൊണ്ട് ഡോക്ടര്‍ജി തന്റെ ലക്ഷ്യത്തിന് അടിത്തറ പാകി. തന്റെ മരണത്തിനു മുമ്പ് സംഘപ്രവര്‍ത്തനം ഭാരതമൊട്ടാകെ വ്യാപിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ഡോക്ടര്‍ജിയുടെ കാലത്ത് രാജ്യത്തെ ഗ്രസിച്ചിരുന്ന ശക്തികള്‍ പ്രച്ഛന്നവേഷത്തില്‍ ഇന്നും സജീവമാണ്. സ്വതന്ത്രഭാരതത്തില്‍ അധികാരത്തിന്റെ ഇടനാഴികളിലും ബൗദ്ധികമേഖലയിലുമെല്ലാം അവര്‍ സ്വാധീനശക്തികളായി നില്‍ക്കുന്നു. ഹിന്ദുത്വദര്‍ശനത്തിനുമേല്‍ അവര്‍ ചാപ്പകുത്തിയ ദളിത് വിരുദ്ധം, സ്ത്രീവിരുദ്ധം, അപരിഷ്‌കൃതം, വര്‍ഗ്ഗീയം, ഫാസിസം എന്നീ പ്രയോഗങ്ങള്‍ ദൂരെ വലിച്ചെറിയപ്പെടേണ്ടതുണ്ട്. ഫാസിസവും വര്‍ഗ്ഗീയതയും കൂടപ്പിറപ്പുകളായ സെമറ്റിക് മതവിശ്വാസങ്ങള്‍ ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നു പ്രഖ്യാപിച്ച ഹിന്ദുത്വദര്‍ശനത്തെ അധിക്ഷേപിക്കുന്ന വിരോധാഭാസം നാമിന്നു നേരില്‍ കാണുന്നു.

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റു കക്ഷികള്‍ വിജയകരമായി നടപ്പാക്കിയതിന്റെ ഫലമാണ് രാജ്യം നേരിട്ട വര്‍ഗ്ഗീയകലാപങ്ങള്‍. ബാബരി പോലുള്ള പ്രശ്‌നങ്ങള്‍ ഇത്ര സങ്കീര്‍ണ്ണമാക്കിയത് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരാണെന്നു നിഷ്പക്ഷചിന്തകന്മാര്‍ തുറന്നു സമ്മതിക്കാന്‍ തുടങ്ങിയിരിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഭാരതം വര്‍ഗ്ഗീയ കലാപത്തിന്റെ അഗ്നിഗോളമായി മാറും എന്നു പ്രവചിച്ചവര്‍ ഇന്നു അക്ഷമരാണ്. കാശ്മീരില്‍ പോലും അവരുടെ തന്ത്രങ്ങള്‍ പൊളിയുന്നതും ഹിന്ദു-മുസ്ലീം കൂട്ടായ്മകള്‍ രൂപപ്പെടുന്നതും അവരെ അസ്വസ്ഥരാക്കുന്നു. ജെ.എന്‍.യു, ഹൈദരാബാദ് സര്‍വ്വകലാശാലാ സംഭവങ്ങള്‍ പെരുപ്പിച്ചെടുത്ത് രാജ്യത്തെ ശാന്തിയുടെ ഊടും പാവും തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നു. ഇത്തരം ശക്തികളുടെ പ്രജനനകേന്ദ്രം കേരളമാണെന്നതാണ് വസ്തുത. ഈ മണ്ണില്‍ തന്നെ ഭാരതവിരുദ്ധ-ഹിന്ദുവിരുദ്ധശക്തികള്‍ക്കെതിരായ ജനമുന്നേറ്റം ഉണ്ടാകേണ്ടതുണ്ട്. അതിനുള്ള ഏറ്റവും യോജിച്ച അവസരമാണു ജനാധിപത്യപരമായ വോട്ടവകാശം വിനിയോഗിക്കാനുള്ള തിരഞ്ഞെടുപ്പ്. ന്യൂനപക്ഷപ്രീണനക്കാരും അഴിമതിക്കാരും വര്‍ഗ്ഗീയവാദികളുമായ രാഷ്ട്രീയ മുന്നണികളെ മടുത്ത കേരള ജനത  ഒരു പരിവര്‍ത്തനം ആഗ്രഹിക്കുന്നു.
ഭാരതീയമായ പുതുവര്‍ഷത്തിലേക്ക് നാം കാലെടുത്തുവെയ്ക്കുന്നത് രാഷ്ട്രഭക്തിയുടെ പുത്തന്‍ ഉണര്‍വ്വ് സമൂഹത്തില്‍ പകരാനും ഉച്ചനീ ചത്വങ്ങള്‍ അവസാനിപ്പിച്ച് സാമൂഹ്യ സമരസത കൈവരിക്കാനുംവേണ്ടി യാവണം. സമാജസമരസതയെ സം ബന്ധിച്ച ശക്തമായ കാഴ്ച്ചപ്പാട് മു ന്നോട്ടവെച്ച പരംപൂജനീയ ദേവറ സ്ജിയുടെ നൂറാം ജന്മവാര്‍ഷികം കൂടിയാണ് ഈ അവസരം
ഈ നിലക്ക് ശരിയായ ചരിത്രാവബോധത്തോടുകൂടി മഹാപുരുഷന്‍മാരില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് രാഷ്ട്രവൈഭവത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് വര്‍ഷപ്രതിപദ ഉത്സവത്തില്‍നിന്ന് നമുക്ക് ലഭിക്കുന്ന സന്ദേശം.

(ആര്‍.എസ്.എസ്. സംസ്ഥാന ബൗദ്ധിക്ശിക്ഷണ്‍ പ്രമുഖ് ആണ് ലേഖകന്‍)

 

കടപ്പാട് : കേസരി വാരിക

News Feed
Filed in

Dr Keshav Baliram Hedgewar and Muslims

ചുവപ്പ് മായുന്ന ക്യൂബ— അഡ്വ. ബി.ഗോപാലകൃഷ്ണന്‍

Related posts