3:16 pm - Monday January 20, 8375

സിപിഎമ്മിന്റെ ഗുരുദേവനിന്ദയ്‌ക്കെതിരെ പ്രതിഷേധിക്കുക : ഹിന്ദു ഐക്യവേദി

ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും തുടച്ചെറിയപ്പെടുകയും കൊച്ചുകേരളത്തില്‍ നിലനില്‍പിനായി നെറികെട്ട കളികള്‍ തുടരുകയും ചെയ്യുന്ന മാര്‍ക്‌സിസ്റ്റുകള്‍ കാലാതിവര്‍ത്തിയും ലോകാദരണീയവുമായ ശ്രീനാരായണദര്‍ശനത്തോട് ഏറ്റുമുട്ടാനുള്ള ദയനീയപരിശ്രമത്തിലാണ്. നാളിതുവരെ അവര്‍ക്ക് ശ്രീനാരായണ ഗുരുദേവന്‍ ബൂര്‍ഷ്വാസന്ന്യാസിയായിരുന്നു. എസ്. എന്‍. ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന മഹാകവി കുമാരനാശാനെ വിളിച്ചിരുന്നത് ബ്രിട്ടീഷുകാരുടെ പാദസേവകനെന്നും. ഗുരുദേവനും കുമാരനാശാനും മാത്രമല്ല എല്ലാ ദേശീയനേതാക്കളും നവോത്ഥാനനായകരും മാര്‍ക്‌സിസ്റ്റുകളുടെ അധിക്ഷേപത്തിനിരകളായിട്ടുണ്ട്. അതില്‍ ഒടുവിലത്തെ സംഭവമാണ് ശ്രീകൃഷ്ണജയന്തി ദിവസമായ 2015 സെപ്റ്റംബര്‍ 5ന് കണ്ണൂരിലെ തളിപ്പറമ്പില്‍ നടന്നത്.

 

മറവി ഒരു മഹാരോഗമായി എല്ലാ തലമുറയിലെയും മലയാളികളെ പൂര്‍ണമായി വിഴുങ്ങിയാലല്ലാതെ ഇപ്പോള്‍ ഒന്നു നിന്നുപിഴയ്ക്കാന്‍ സി. പി. എമ്മുകാര്‍ പയറ്റുന്ന കള്ളപ്രചാരണങ്ങള്‍ക്ക് നിലനില്‍പുണ്ടാവില്ല. ‘നടുവൊടിഞ്ഞ ഗാന്ധിയെ ഉരലിലിട്ട് ഇടിക്കണം, ‘ഗാന്ധി എന്താക്കി? ഇന്ത്യ മാന്തി പുണ്ണാക്കി’ എന്നെല്ലാം രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപഹസിച്ച് തെരുവില്‍ പാടി നടന്നവര്‍, ‘ഞങ്ങടെ നേതാവല്ലീ ചെറ്റ, ജപ്പാന്‍കാരുടെ കാല്‍നക്കി’ എന്ന് നേതാജി സുഭാഷ്ചന്ദ്ര ബോസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ചവര്‍, കേരളഗാന്ധി കെ. കേളപ്പനെ ‘വര്‍ഗീയവാദി’യെന്ന് മുദ്രകുത്തിയവര്‍, ശ്രീനാരായണഗുരുദേവനെ പിന്തിരിപ്പനെന്നും ബൂര്‍ഷ്വാസിയെന്നും ‘സിമന്റ്  നാണു’വെന്നും നിന്ദിച്ചവര്‍, സ്വാമി വിവേകാനന്ദനെ ‘കാവിയുടുത്ത മൂരാച്ചി’ എന്ന് കളിയാക്കിയവര്‍…. അവര്‍ തന്നെയാണ് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചത്.

 

അതേ ദിവസം ഓണാഘോഷമെന്ന പേരില്‍ കണ്ണൂരിലെ തളിപ്പറമ്പില്‍ നടന്ന പരിപാടിയില്‍ ഘോഷയാത്ര സംഘടിപ്പിച്ചത്. ശ്രീനാരായണഗുരുദേവനെ ആണിയടിച്ച് കുരിശില്‍ തറച്ചത്. അദ്ദേഹത്തിന്റെ മഹദ് വചനങ്ങളെ ‘പല ജാതി, പല മതം, പല ദൈവം’ എന്ന് വികൃതമായി എഴുതി പലകയില്‍ പ്രദര്‍ശിപ്പിച്ചത്. ഗുരുദേവനെ കയറില്‍കെട്ടി വലിക്കുന്ന തരത്തില്‍ പൊതു നിരത്തില്‍ അവതരിപ്പിച്ചത്. അവര്‍ തന്നെയാണ് കണ്ണൂരിലെ നങ്ങാരത്ത് പീടികയില്‍ സ്വന്തം കെട്ടിടത്തിലിരുന്ന ഗുരുദേവപ്രതിമയുടെ കൈ തകര്‍ത്ത് പൊന്തക്കാട്ടിലെറിഞ്ഞത്.  തകര്‍ന്ന് വികൃതമായ ആ പ്രതിമയ്ക്കുമുന്നില്‍ ‘ഞാനെന്ത് തെറ്റ് ചെയ്തു ആര്‍എസ്എസുകാരാ’ എന്ന് നീലമഷിയില്‍ എഴുതിവെച്ച് പിന്നെയും ഗുരുദേവനെ അപമാനിച്ചത്. കേരള നവോത്ഥാനത്തിനും സാമൂഹ്യപരിവര്‍ത്തനത്തിനും ദിശാബോധം പകര്‍ന്ന ലോകാരാധ്യനായ ഗുരുദേവനെതിരെ തുടര്‍ന്നു കൊണ്ടിരിക്കുന്ന സി. പി. എമ്മിന്റെ പ്രാകൃത നടപടികള്‍ക്ക് സമാനമായത് അഫ്ഗാനിസ്ഥാനിലെ ബാമിയാനില്‍ ബുദ്ധപ്രതിമകള്‍ തകര്‍ത്തെറിഞ്ഞ താലിബാന്‍ ഭീകരത മാത്രമാണ്.

 

നികൃഷ്ടമായ ഈ ഗുരുനിന്ദയ്‌ക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കാനാണ് സി. പി. എം. നേതൃത്വം ശ്രമിച്ചതെന്നത് കാണാതെ പോകരുത്. സംഭവത്തിനുശേഷം തിരുവനന്തപുരത്ത് ചേര്‍ന്ന സി. പി. എം. സംസ്ഥാനസമിതിയോഗത്തിലും ഗുരുനിന്ദ ആവര്‍ത്തിക്കുകയായിരുന്നു. ഇപ്പോള്‍ നാടെങ്ങും പൊതുസമ്മേളനങ്ങള്‍ നടത്തി ഗുരുദേവദര്‍ശനങ്ങളെയും ഗുരുദേവനെയും തെറ്റായി വ്യാഖ്യാനിക്കാനും നുണപ്രചാരണം നടത്താനുമാണ് സി. പി. എം. നീക്കം. ഗുരുദേവന്‍ ഹിന്ദുസന്ന്യാസിയല്ലെന്നും ഹിന്ദുവിരുദ്ധനാണെന്നും സമര്‍ത്ഥിക്കാനാണ് നുണപ്രചാരണത്തില്‍ ഗീബല്‍സിനെപോലും പരാജയപ്പെടുത്തിയ മാര്‍ക്‌സിസ്റ്റുകള്‍ ശ്രമിക്കുന്നത്. മതംമാറ്റത്തിനും ഹിന്ദുസമൂഹത്തിലെ അസമത്വങ്ങള്‍ക്കുമെതിരെ ശക്തമായ പോരാട്ടം നടത്തിയ ഗുരുദേവനെ തേജോവധം ചെയ്യാന്‍ മതപരിവര്‍ത്തനം തൊഴിലാക്കിയ സുവിശേഷകരെയും അവര്‍ ഒപ്പം കൂട്ടുന്നുവെന്നതാണ് പരിഹാസ്യം. കോട്ടയത്തെ വര്‍ഗ്ഗീയവിരുദ്ധസെമിനാറില്‍ മതപരിവര്‍ത്തനത്തിന്റെ അപ്പോസ്തലനായ തങ്കുപാസ്റ്ററെ ആദരിച്ചിരുത്തിയത് ഇതിനു തെളിവാണ്. ശ്രീനാരായണഗുരുവചനങ്ങളുടെ അര്‍ത്ഥവും സാഹചര്യവും മറച്ചുപിടിച്ച് അദ്ദേഹത്തെ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കാനുള്ള നീക്കം അപക്വവും അപകടകരവുമാണ്. കൊടിയ ജാതിപീഡനങ്ങളില്‍ മനംമടുത്ത് മതം മാറിയാലോ എന്ന് ചിന്തിച്ച സഹോദരന്‍ അയ്യപ്പനോടാണ് ഗുരുദേവന്‍ ‘മതമേതായാലെന്താ മനുഷ്യന്‍ നന്നായാല്‍ പോരേ’ എന്ന് ചോദിച്ചത്. നെയ്യാറ്റിന്‍കരയില്‍ മതം മാറിപ്പോയ കുടുംബങ്ങളെ ഹിന്ദുധര്‍മ്മത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് ഗുരുദേവചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ്.

 

നാടാകെ ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തുകയും സംഘടിച്ച് ശക്തരാകാന്‍ ആഹ്വാനം ചെയ്യുകയും ഭക്തസഹസ്രങ്ങള്‍ക്ക് ജപിക്കാന്‍ മന്ത്രമുഗ്ധമായ കീര്‍ത്തനങ്ങള്‍ എഴുതുകയും ചെയ്ത മഹാനായ ആ ഹിന്ദുസന്ന്യാസിയെയാണ് കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്നതിന് തടയിടാന്‍ സി. പി. എമ്മുകാര്‍ ഇപ്പോള്‍ തെറ്റായി വ്യാഖ്യാനിക്കുന്നത്.ശ്രീനാരായണഗുരുദേവനും എസ്. എന്‍. ഡി. പിക്കുമെതിരായ ഈ ആക്രമണം ഒറ്റപ്പെട്ടതോ യാദൃച്ഛികമോ പൊടുന്നനെ ഉണ്ടായതോ അല്ല. ശ്രീനാരായണഗുരുദേവന്‍, മഹാത്മാ അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, പണ്ഡിറ്റ് കറുപ്പന്‍, മന്നത്ത് പത്മനാഭന്‍,  കെ കേളപ്പന്‍, ടി. കെ. മാധവന്‍, കണ്ടന്‍ കുമാരന്‍, ശുഭാനന്ദഗുരുദേവന്‍, കുമാരഗുരുദേവന്‍, വാഗ്ഭടാനന്ദന്‍, അയ്യാവൈകുണ്ഠസ്വാമികള്‍ തുടങ്ങിയ നവോത്ഥാനനായകന്മാര്‍ നടത്തിയ സാമൂഹ്യപരിഷ്‌ക്കരണപരിശ്രമങ്ങളെ കമ്യൂണിസ്റ്റ്പ്രസ്ഥാനങ്ങള്‍ അതിന്റെ തുടക്കം മുതല്‍ അപമാനിച്ചുപോന്നിട്ടുണ്ട്.

 

1988ല്‍ അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷം അന്ന് കേരളം ഭരിച്ചിരുന്ന മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ ബഹിഷ്‌കരിക്കുകയായിരുന്നു. ശതാബ്ദി ആഘോഷത്തെ പരിഹസിച്ചുകൊണ്ട് ഇ. എം. എസ്. നമ്പൂതിരിപ്പാട് ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ ഗുരുദേവദര്‍ശനങ്ങള്‍ പിന്തിരിപ്പനാണെന്നും കേരളത്തില്‍ അതിന് ഇനി ഒരു പ്രസക്തിയുമില്ലെന്നുമാണ് വിമര്‍ശിച്ചത്.

 

കന്യാകുമാരിയില്‍ വിശ്രുതമായ വിവേകാനന്ദസ്മാരകത്തിന്റെ നിര്‍മ്മാണത്തിന് വേണ്ടി അണാ പൈസ സംഭാവന നല്‍കാത്ത ഏകസര്‍ക്കാര്‍ ഇ. എം. എസ്. ഭരിച്ച കേരളമായിരുന്നു. ‘കാവിയുടുത്ത മൂരാച്ചിയുടെ സ്മരണകള്‍ അനാവശ്യമാണെ’ന്നായിരുന്നു സിപിഎം നേതാവിന്റെ കണ്ടെത്തല്‍!ഗുരുദേവനടക്കമുള്ള എല്ലാ ഹിന്ദുധര്‍മ്മാചാര്യന്മാര്‍ക്കുമെതിരായ പ്രചാരവേലയാണ് എന്നും സി. പി. എം. നടത്തിയിട്ടുള്ളത്. ഇസ്ലാമികതീവ്രവാദികളെ കൂട്ടുപിടിച്ച് ശിവഗിരിമഠം പിടിച്ചെടുക്കാനും നശിപ്പിക്കാനും സി. പി. എം. നടത്തിയ ശ്രമം കേരളം മറന്നിട്ടില്ല. ശ്രീനാരായണധര്‍മ്മം പുനഃസ്ഥാപിക്കാന്‍ സ്വാമി പ്രകാശാനന്ദ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ പട്ടിണിസമരത്തെ ഏറ്റവും നികൃഷ്ടമായ ഭാഷയിലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ. കെ. നായനാര്‍ അപഹസിച്ചത്.കേരളത്തിലെ ആശ്രമങ്ങള്‍ക്കും ഹിന്ദുസന്യാസിമാര്‍ക്കും എതിരെ ആള്‍ദൈവങ്ങളെന്ന ആരോപണവുമായി സി. പി. എം. നടത്തിയ വേട്ടയാടല്‍ സമീപകാലസംഭവമാണ്. സാമൂഹ്യസേവനത്തിന്റെ പാതയില്‍ മുന്നേറുന്ന മാതാ അമൃതാനന്ദമയീമഠത്തിനെതിരെ നടന്ന പ്രചാരവേലയും സി. പി. എമ്മിന്റെ ഹിന്ദുവിരുദ്ധമനോഭാവത്തിന് തെളിവാണ്.

 

സാമൂഹ്യസമത്വത്തിനും ജാതിക്ക് അതീതമായ ഹൈന്ദവമുന്നേറ്റത്തിനും വേണ്ടി എസ്. എന്‍. ഡി. പിയും കെ. പി. എം. എസും അടക്കമുള്ള ഹിന്ദുസംഘടനകള്‍ കൈകോര്‍ക്കുന്നതിലെ അസഹിഷ്ണുതയാണ് സി. പി. എമ്മിന്റെ പ്രകടനങ്ങളില്‍ കാണുന്നത്. കാലാതിവര്‍ത്തിയായ ഗുരുദേവദര്‍ശനത്തോടാണ് കാലഹരണപ്പെട്ട കമ്യൂണിസം ഏറ്റുമുട്ടാന്‍ പരിശ്രമിക്കുന്നത്. കാറല്‍ മാര്‍ക്‌സിന്റെ വൈരുദ്ധ്യാധിഷ്ഠിതമായ ഭൗതികവാദത്തിനാണോ ശ്രീനാരായണഗുരുദേവന്റെ ഏകാത്മതയിലൂന്നിയ സമഗ്രമാനവദര്‍ശനത്തിനാണോ ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തില്‍ പ്രസക്തിയെന്ന ചോദ്യത്തിന് ജനങ്ങള്‍ ഉത്തരവും ആശ്വാസവും കണ്ടെത്തുന്നത് ഗുരുദേവന്റെ മഹദ്‌വചനങ്ങളിലാണ്.അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങള്‍ ഉയര്‍ത്തി എസ്. എന്‍. ഡി. പി. യോഗത്തേയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും തെരഞ്ഞുപിടിച്ച് സി. പി. എം. അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് എല്ലാവിധ സാമാന്യമര്യാദകളേയും ലംഘിച്ചുകൊണ്ടാണ്. ശ്രീനാരായണഗുരുദേവന്‍ സ്ഥാപിച്ച എസ്. എന്‍. ഡി. പി. യോഗവും ഗുരുദേവന്റെ സമാധിസ്ഥാനമായ വര്‍ക്കല ശിവഗിരിമഠവും ജന്മസ്ഥാനമായ ചെമ്പഴന്തിയും എന്നെന്നും സി. പി. എമ്മിന്റെ അവഹേളനത്തിന് ഇരയായിട്ടുണ്ട്. ഇതെല്ലാം സി. പി. എമ്മിന്റെ ഗുരുനിന്ദയുടെയും ശത്രുതയുടെയും പ്രകടമായ ഉദാഹരണങ്ങളാണ്.

 

സര്‍വാദരണീയരായ ധര്‍മ്മാചാര്യന്മാരെ അപമാനിക്കുന്ന സി. പി. എം. ധാര്‍ഷ്ട്യത്തിന് പ്രബുദ്ധകേരളം ചുട്ടമറുപടി നല്‍കുമെന്ന് ഉറപ്പാണ്. ഹിന്ദുഐക്യധാരയിലേക്ക് വിശ്വാസത്തിന്റെയും ധര്‍മ്മത്തിന്റെയും പാതയിലൂടെ പിന്നാക്കവിഭാഗങ്ങളെ ആനയിച്ച ശ്രീനാരായണഗുരുദേവന് നേരെ അക്കാലത്ത് അയിത്തവാദികള്‍ നടത്തിയിട്ടുള്ള അതിക്രമങ്ങളെക്കാള്‍ ഭീകരവും നിന്ദ്യവുമാണ് ഇപ്പോള്‍ സി. പി. എം നടത്തുന്ന പ്രചാരവേല. ശ്രീനാരായണഗുരു സൃഷ്ടിച്ച മഹത്തായ സാമൂഹ്യവിപ്ലവത്തെ തിരിച്ചറിയാന്‍ കഴിയാത്ത സംഘടനയാണ് സി. പി. എം. ആത്മീയതയിലൂന്നി ഗുരുദേവന്‍ നടത്തിയ നവോത്ഥാനസംരംഭങ്ങളെ തികച്ചും ആത്മീയവിരുദ്ധവും ഭൗതികവുമായ കാഴ്ചപ്പാടിലൂടെ വിമര്‍ശിക്കുകയും നവോത്ഥാനത്തിന്റെ കാരണക്കാര്‍ തങ്ങളാണെന്ന് ഊറ്റം കൊള്ളുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് കാപട്യത്തിനെതിരായ ജനരോഷത്തില്‍ മുഴുവന്‍ കേരളവും പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

ഹിന്ദു ഐക്യവേദി, കേരളം

 

News Feed
Filed in

RSS Clarification on media reports related ‘RSS Chief pitches for review on Reservation Policy’

രാഷ്ട്രീയ സ്വയംസേവക സംഘം കാഞ്ഞങ്ങാട് മുന്‍ ജില്ലാ സംഘചാലക് കുട്ടമ്മത്ത് എ. ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു.

Related posts