3:21 pm - Wednesday March 20, 8109

ഭാരതീയ യുവത്വത്തിന്റെ ഭാഗ്യതാരകം

ഇന്ന് വിവേകാനന്ദ ജയന്തി-ദേശീയ യുവജന ദിനം : പ്രൊഫ:സി.ഐ ഐസക്‌
1984 മുതല്‍ ജനുവരി 12 ദേശീയ യുവജനദിനമായി ആണല്ലോ നാം ആചരിച്ചുപോരുന്നത്. ആ ദിനത്തെ യുവജന ദിനമായി പ്രഖ്യാപിച്ചത് വിവേകാനന്ദ സ്വമികളുടെ ജന്മംകൊണ്ട് (12 ജനുവരി 1863 ലെ മകര സംക്രാന്തി) ധന്യമായിത്തീര്‍ന്ന ദിനമായതുകൊണ്ടാണ്. ആധുനിക ഭാരതീയ യുവത്വത്തിന്റെ പ്രതീകമായി മാറിയ സ്വാമിജി ഭാരതീയ യുവത്വത്തെ ക്രിയാത്മകമായി ചിന്തിക്കാനും പ്രവര്‍ത്തിക്കുവാനും പഠിപ്പിച്ച മഹാപ്രഭാവനാണ്. ബ്രിട്ടീഷ് വിദ്യഭ്യാസം ഭാരതീയ യുവത്വത്തെ നിഷ്‌ക്രിയമാക്കുന്നിനുവേണ്ടി ഉണ്ടാക്കിയത് ആയിരുന്നെങ്കിലും സ്വാമിജിയുടെ ഇടപെടലിലൂടെ അത് ദേശീയതയുടെ കളരികളാക്കിമാറ്റപ്പെടുകയായിരുന്നു. സ്വാമിജിയുടെ പ്രഭാഷണങ്ങളിലൂടനീളം ഭാരതത്തിന്റെ പുനര്‍സൃഷ്ടിക്കുവേണ്ടിയുളള ഒരു യുവഭാരതത്തെയായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. “സ്വഭാവഗുണമുളള നൂറു യുവാക്കളെ കിട്ടിയാല്‍ ലോകത്തെ മാറ്റാം” എന്നുളള പ്രഖ്യപനം സ്വാമിജിയുടെ ഭാരതീയ യുവശക്തിയിലുളള വിശ്വാസമാണ് പ്രകടമാക്കുന്നത്. ശുഭാപ്തി വിശ്വാസിയായ ഒരു ഋഷിവര്യന്‍ ഒരു മഹായജ്ഞത്തിന് തുടക്കംകുറിക്കുന്നതിന്റെ ശംഖനാദമിയിരുന്നു ഈ പ്രഖ്യാപനം. ഈ ലക്ഷ്യപ്രാപ്തിക്ക് ഉതകുന്നതായിരുന്നു രാമകൃഷ്ണ മിഷന്റെ കര്‍മപരിപാടികള്‍ ഒട്ടുമിക്കതും. അതുകൊണ്ടാണ് രാമകൃഷ്ണ മിഷന്റെ സന്യാസിമാര്‍ കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമായി ജനസാമാന്യത്തിലേക്ക് ഇറങ്ങിച്ചെന്നത്. ഇത് അന്നത്തെ ജനസമൂഹങ്ങള്‍ക്ക് വേറിട്ട ഒരു അനുഭവമായി മാറി. സ്വാമിജിയുടെ സംഭാവന അഥവാ വീക്ഷണം അദ്ദേഹത്തിന്റെ മഹാസമാധിക്കുശേഷവും രാമകൃഷ്ണ മിഷന്‍ തുടര്‍ന്നുപോരുന്നു. അതുകൊണ്ടാണ് നവോത്ഥാനത്തിന്റെ ചക്രങ്ങള്‍ അദ്ദേഹത്തിന്റ മഹാസമാധിക്കുശേഷവും ഭാരതത്തില്‍ ഏറെ ചലനാത്മകമായിരുന്നത്. ഭാരതത്തിന്റെ വീഴ്ചയുടെ രഹസ്യം അതിന്റെ അന്തര്‍മുഖത (introversion) അഥവാ തന്നിലേക്കു തന്നെയുളള ചുരുങ്ങലായിരുന്നു. അതില്‍നിന്നുള്ള ഭാരതീയ ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് യുവശക്തിയിലൂടെ മാത്രമെ സാദ്ധ്യമാകൂവെന്ന് സ്വാമിജി വിശ്വസിച്ചിരുന്നു. സമകാലീന ഭാരതത്തിന്റെ ‘കൊളോണിയല്‍’ ആധുനികതയെ സ്വാമിജി യുക്തിയുക്തമായി ഇങ്ങനെ നിരീക്ഷിച്ചു: “അപൂര്‍ണ്ണ വിദ്യാഭ്യാസം സിദ്ധിച്ച, ദേശീയതയില്‍നിന്നും അന്യവല്‍ക്കരിക്കപ്പെട്ട, ഏതാനും കുറെ ആളുകളെ മാത്രമാണ് ആധുനിക ആംഗല വിദ്യാഭ്യാസത്തിനു സൃഷ്ടിക്കാനായത്, അല്ലാതെ കൂടുതലൊന്നുമില്ല”(വിവേകാനന്ദ സാഹിത്യസര്‍വസ്വം എട്ടാം വാല്യം പേജ്476). അതുമാത്രമായിരുന്നു ഈ വിദ്യാഭ്യാസസമ്പ്രദായം ആവിഷ്‌കരിച്ചവര്‍ ഉദ്ദേശിച്ചിരുന്നതും. അതുകൊണ്ട് അദ്ദേഹം “മനുഷ്യസൃഷ്ടിക്ക് ഉതകുന്നതാകണം എല്ലാവിധ വിദ്യാഭ്യാസങ്ങളും പരിശീലനങ്ങളും”എന്നുള്ള നിരീക്ഷണം നടത്തിയത്. സ്വാമിജിയുടെ ഈ നിരീക്ഷണത്തെയും ഭാരതീയ സാമൂഹ്യ ആത്മീയരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തെയും നെഹ്‌റു വിശേഷിപ്പച്ചത് കാലത്തിന്റെ കുത്തൊഴുക്കില്‍ എങ്ങോ, എന്നോ ആത്മാഭിമാനം കൈമോശം വന്നുപോയ ഹിന്ദുവിന്റെ ടോണിക്ക് എന്നായിരുന്നു. (ഇന്ത്യയെ കണ്ടെത്തല്‍ പുറം 368). ഭാരതീയയുവത്വത്തിന്റെ ആകുലതകളെയും ആശങ്കകളെയും പരിമിതികളെയും അടുത്തറിഞ്ഞ സ്വാമിജി സോഷ്യലിസത്തെ ഒരു മുട്ടുശാന്തിയായി മാത്രമാണ് കരുതിയിരുന്നത്. കാലം അത് പിന്നീട് തെളിയിക്കുകയും ചെയ്തു. സ്വാമിജി പറഞ്ഞു: “ഞാനൊരു സോഷ്യലിസ്റ്റാണ്, ഇതൊരു കുറ്റമറ്റ വ്യവസ്ഥിതിയായതുകൊണ്ടല്ല, മറിച്ച് മുഴുപട്ടിണിയേക്കാള്‍ ഭേദമാണല്ലോ ഒരു കഷണം അപ്പമെങ്കിലും കൊടുക്കാന്‍ കഴിയുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. (I am a soci-alist, not because it is a perfect system, but because I believe that half a loaf is b-etter than no bread). ലോകം സോഷ്യലിസ്റ്റ് ആശയങ്ങളുമായി സംവദിക്കുവാനാരംഭിക്കുന്നതിനും എത്രയോ ആണ്ടുകള്‍ക്കുമുമ്പേ അദ്ദേഹം സോഷ്യലിസത്തെ വിലയിരുത്തിയിരുന്നു. അദ്ദേഹം സോഷ്യലിസ്റ്റ് ആശയത്തെ അന്നത്തെ ഭാരതീയ സാമ്പത്തിക പരിപ്രേഷ്യത്തില്‍ നിന്നുകൊണ്ടായിരുന്നു വീക്ഷിച്ചിരുന്നത്. സി. രാജ ഗോപാലാചാരിയുടെ വാക്കുകളെ കടംകൊളളുകയാണെങ്കില്‍: ‘സ്വാമിജി ഹിന്ദുമതത്തിന്റെയും ഭാരതത്തിന്റെയും രക്ഷകനാണ്. ഹിന്ദുമതം നശിച്ചിരുന്നെങ്കില്‍ നമുക്ക് സ്വാതന്ത്ര്യം ഉണ്ടാവില്ലായിരുന്നു. (ആര്‍. സി. മജുംദാര്‍, അഡ്വാന്‍സ്ഡ് ഹിസ്റ്ററി ഒഫ് ഇന്ത്യ, 1970, പുറം 881). 1901 ല്‍ ധാക്കയില്‍നിന്നും സ്വാമിജിയെ കാണാനെത്തിയ യുവാക്കന്മാരോട് അദ്ദേഹം അക്കാലത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രീതിശാസ്ത്രത്തിലുളള അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട്‘പണത്തിന്റെയും വാണിജ്യത്തിന്റെയും യന്ത്രത്തിന്റെയും മാത്രമായ വ്യാപാരികളുടെ ലോകത്ത് ഭിക്ഷാപാത്രത്തിന് സ്ഥാനമില്ല’ എന്നു പറഞ്ഞിരുന്നതായി ഭൂപേന്ദ്ര ദത്തയുടെ ‘”സ്വാമിവിവേകാനന്ദ പേട്രിയോട്ട് പ്രോഫറ്റ്”’ എന്ന ജീവചരിത്രഗ്രന്ഥത്തില്‍ രേഖപ്പെ ടുത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ സ്വാമിജിയുടെ അടിസ്ഥാനലക്ഷ്യം ദീര്‍ഘകാലമായി നിദ്രയിലാണ്ടിരുന്ന ഭാരതത്തിന്റെ ദേശീയവികാരത്തെ തട്ടിയുണര്‍ത്തുക എന്നതായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഭാരതത്തിന്റെ പുനര്‍സൃഷ്ടിക്കുവേണ്ടി യുവഭാരതത്തിന് മുന്‍ഗണന കല്‍പ്പിച്ചിരുന്നത്. “സ്വഭാവഗുണമുളള നൂറു യുവാക്കളെ കിട്ടിയാല്‍ ലോകത്തെ മാറ്റാമെന്ന് ഒരു തികഞ്ഞ വിപ്ലവകാരിക്കല്ലേ പറയാനാകൂ? അന്നും ഇന്നും ലോകത്ത് ഏറ്റവുമധികം യുവാക്കളുള്ള നാടാണ് ഭാരതം എന്നതുകൂടി കൂട്ടിച്ചേര്‍ത്തുവായിക്കുമ്പോഴെ സ്വാമിജി കൃത്യമായ ദൗത്യബോധത്തിന്റെയും വീക്ഷണത്തിന്റെയും (mission & vision) ഉടമകൂടിയായിരുന്നു എന്നത് മനസ്സിലാക്കാനാകൂ. അതാകട്ടെ യുവജന കേന്ദ്രീകൃതവുമായിരുന്നു. സ്വാമിജി തന്റെ പ്രഭാഷണങ്ങളിലുടനീളം ഭാരതത്തിന്റെ പുനര്‍സൃഷ്ടിക്കുവേണ്ടി യുവഭാരതത്തെയായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. ഇത് ദേശീയസമൂഹമനസ്സില്‍ ആത്മാഭിമാനം ജനിപ്പിച്ചു. ഇത് പ്രത്യക്ഷമായിത്തന്നെ സ്വാതന്ത്ര്യസമരത്തെ ചലനാത്മകമാക്കുകയും ചെയ്തു. അതുകൊണ്ടാണ് അദ്ദേഹം ഭാരതത്തിലെ ബുദ്ധിജീവികള്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ സ്വീകാര്യനായി മാറിയത്. എം.എന്‍.റോയി തന്റെ ‘’ഇന്ത്യ ഇന്‍ ട്രാന്‍സിഷന്‍’’ എന്ന ഗ്രന്ഥത്തില്‍ സ്വാമികളിലെ ഈ പ്രതിഭാസത്തെ ഇങ്ങനെ വിലയിരുത്തുന്നു: വിവേകാനന്ദന്‍ തുറന്ന ദേശീയതയുടെ പാത പ്രഭാപൂരിതമായ ആദ്ധ്യാത്മിക സാമ്രാജ്യവാദത്തിന്റേതായിരുന്നു (Sp-iritual imperialism). യുവഭാരതത്തെ ഭാരതത്തിന്റെ ആത്മീയദൗത്യത്തില്‍ വിശ്വാസം അര്‍പ്പിക്കുവാനായി അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പില്‍ക്കാലത്തെ തീവ്രദേശീയതയുടെ (or-thodox nationalism) നിദാനം വിവേകാനന്ദന്റെ ഈ ദര്‍ശനമായിരുന്നു. ചുരുക്കത്തില്‍ അദ്ദേഹം ഹൈന്ദവീയതയുടെ ചക്രവാതമായിമാറുകയായിരുന്നു (cyclonic Hindu) ചെയ്തത്. സുകുമാര്‍ അഴീക്കോട് ഈ പ്രതിഭാസത്തെ കാണുന്നത് ഇപ്രകാരമാണ്: ‘ശ്രീരാമകൃഷ്ണന്‍ ദക്ഷിണേശ്വരത്തില്‍ ഏതോ മഹാനന്ദം അനുഭവിച്ചു ജീവിച്ചപ്പോള്‍, ആ പ്രചോദനമേറ്റ് ശിഷ്യന്‍ ലോകം മുഴുവനും സഞ്ചരിച്ചു. അദ്ദേഹം രാഷ്ട്രീയത്തെ അസ്പൃശ്യമായി കണ്ടില്ല. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളോടെ ആധ്യാത്മികഗ്രഹം അപരഗ്രഹത്തോട് അടുത്തടുത്തുവന്നു. ചിക്കാഗോയിലെ ചരിത്രപ്രസിദ്ധമായ പ്രസംഗവും അതിനുശേഷം കൊളംബോ മുതല്‍ അല്‍മോറവരെ നടത്തിയ പ്രഭാഷണപരമ്പരയിലും സ്വാമിജികളുടെ മുഖ്യമായ വിഷയം യുവജനങ്ങളായിരുന്നു. അതുമൂലം യുവജനങ്ങളുടെ പ്രസക്തി ഭാരതീയ വ്യവഹാരമണ്ഡലത്തില്‍ പരശ്ശതം വര്‍ദ്ധിച്ചു. ഇരുപതാംനൂറ്റാണ്ടിലെ നമ്മുടെ സ്വാതന്ത്ര്യസമരങ്ങളില്‍ അത് പ്രകടമാകുകയും ചെയ്തു. ചുരുക്കത്തില്‍ നമ്മളിന്ന് എന്തായിരിക്കുന്നുവോ അതിന് ഏറെ കടപ്പെട്ടിരിക്കുന്നത് സ്വാമിജിയോടാണ്. (ഭാരതീയവിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)
കടപ്പാട്‌  : ജന്മഭൂമി
http://www.janmabhumidaily.com/news258770

If you abuse my religion again, I will throw you overboard.: Swami Vivekananda to a christian Missionary on his voyage to India

ഘര്‍വാപസി വിവാദമാക്കുന്നവരോട്

Related posts