3:11 pm - Sunday November 23, 8369

തപസ്യ കലാസാഹിത്യ വേദി 39ാം സംസ്ഥാന വാര്‍ഷിക ഉത്സവം

കേരളത്തിലെ പ്രമുഖ കലാസാംസ്കാരിക പ്രസ്ഥാനമായ തപസ്യ കലാ സാഹിത്യവേദിയുടെ 39ാ മത് വാര്‍ഷികാഘോഷങ്ങള്‍ക്ക് കഥകളിയുടെ നാടായ തിരുവല്ല ആഥിത്യമരുളുകയാണ്. എഴുപത്തിയഞ്ചുകളിലെ അടിയന്തിരാവസ്ഥയുടെ ഇരുണ്ട വഴികളില്‍നിന്നും സ്വധര്‍മ്മത്തിന്‍റേയും സംസ്കാരത്തിന്‍റേയും വെളിച്ചം സ്വന്തമാക്കി ജൈത്രയാത്രതുടങ്ങിയ തപസ്യ കലാസപര്യയുടെ 4 പതിറ്റാണ്ടുകള്‍ പിന്നിടുകയാണ്.

 

അധികാരത്തിന്‍റെ ഇടവഴികളില്‍ പട്ടിനും വളക്കും പദവികള്‍ക്കും വേണ്ടി, ഭാഷയേയും സംസ്കാരത്തെയും വിറ്റുതുലയ്ക്കാത്ത സര്‍ഗ്ഗധനരായ തപസ്വികളുടെ നേതൃത്വവും സാന്നിദ്ധ്യവും അനുഗ്രഹവുമാണ് ഈ പ്രസ്ഥാനത്തെ ഇത്രകാലം മുന്നോട്ട് നയിച്ചത്. വി.ടി.ഭട്ടതിരിപ്പാട്, കെ.പി.കേശവമേനോന്‍, എന്‍,എന്‍.കക്കാട്, തിക്കോടിയന്‍, ഒളപ്പമണ്ണ, വൈലോപ്പള്ളി ശ്രീധരമേനോന്‍, തകഴി ശിവശങ്കരപ്പിള്ള, സുകുമാര്‍ അഴീക്കോട്, എം.വി.ദേവന്‍, കുഞ്ഞുണ്ണിമാഷ്, വി.എം.കോറാത്ത്, പ്രൊഫ. സി.കെ.മൂസ്സത്, വി.കെ.എന്‍, ഒ.വി.വിജയന്‍, മാധവിക്കുട്ടി, ഭരത് ഗോപി, നരേന്ദ്രപ്രസാദ് തുടങ്ങിയവരുടെ സാന്നിധ്യങ്ങള്‍കൊണ്ട് അനുഗ്രഹിക്കപ്പെട്ട വാര്‍ഷികോത്സവങ്ങള്‍, മഹാകവി അക്കിത്തം, പി.നാരായണക്കുറുപ്പ്, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, എം.എ.കൃഷണന്‍ തുടങ്ങിയ പ്രതിഭകളുടെ നേതൃത്വം. ശിവറാംകാരന്ത്, വി.എസ്.വാക്കന്‍കര്‍, മനോജ് ദാസ്, ജയമോഹന്‍, മൃദുല സിന്‍ഹ, ചന്ദ്രശേഖരകമ്പാര്‍, ശ്രീകൃഷ്ണആലഹനഹള്ളി തുടങ്ങി അഖിലഭാരത പ്രശസ്തിനേടിയവരുടെ മാര്‍ഗ്ഗദര്‍ശനങ്ങള്‍…… പ്രവര്‍ത്തന നൈരന്തര്യത്തിന്‍റെ മുപ്പത്തിയൊന്‍പത് വര്‍ഷം.

 

സാസ്കാരിക കേരളത്തിന്‍റെ ഹൃദയത്തുടിപ്പുകള്‍ അടയാളപ്പെടുത്തി കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ മഹാകവി അക്കിത്തത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ തീര്‍ത്ഥയാത്രയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം കൂടെയാണിത്. അതിന്‍റെ സ്മരണപുതുക്കി സമുദ്രതീരം വഴി തപസ്യ കേരളത്തെ പ്രദക്ഷിണംചെയ്യുന്ന തീര്‍ത്ഥയാത്ര നവംബറില്‍ നടക്കും. 

 

ഫിബ്രവരി 13,14,15 തീയതികളില്‍ തിരുവല്ല D.T.P.C സത്രംഹാളില്‍ (കണ്ണഞ്ചിറ കൃഷ്ണപിള്ള നഗര്‍) നടക്കുന്ന വാര്‍ഷികോത്സവം കേരളത്തിന്‍റെ സാംസ്കാരികോത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് തപസ്യയുടെ പ്രവര്‍ത്തകര്‍. ഈ മഹോത്സവത്തിന്‍റെ വിജയത്തിനായി എല്ലാവരുടെയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. 

News Feed
Filed in

ഉജ്വല സത്യാഗ്രഹത്തിന്റെ സ്മരണയ്ക്ക് ഒരു വയസ്സ് …….

വിശ്വസംവാദകേന്ദ്രത്തിന്റെ എറണാകുളം മേഖലാ സിറ്റിസണ്‍ ജേണലിസം പഠന ശിബിരം ആരംഭിച്ചു

Related posts