3:21 pm - Sunday March 19, 1578

പുതിയ ജില്ലകള്‍ക്ക് വേണ്ടിയുള്ള ആവശ്യത്തിന് പിന്നില്‍ സ്ഥാപിത താല്‍പ്പര്യം: ഭാരതീയ വിചാരകേന്ദ്രം

കോഴിക്കോട്: കേരളത്തിലെ ജില്ലകളുടെ എണ്ണം 14 ആയി നിജപ്പെടുത്തണമെന്നും അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ജില്ലാ അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിക്കുകയാണ് വേണ്ടതെന്നും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം പ്രതിനിധിസഭ ആവശ്യപ്പെട്ടു. ഓരോ ജില്ലയ്ക്കും കീഴിലുള്ള എല്ലാ പ്രദേശങ്ങളിലും സര്‍ക്കാര്‍ പദ്ധതികളും സേവനങ്ങളും ലഭ്യമാക്കുന്നതില്‍ അപാകതയുണ്ടോ എന്നു പഠിക്കാനും ഉണ്ടെങ്കില്‍ ഫലപ്രദമായ പരിഹാരം നിര്‍ദ്ദേശിക്കാനും വിദഗ്ദ്ധരടങ്ങുന്ന കമ്മീഷനെ നിയോഗിക്കണം.

ഓരോ വര്‍ഷം പിന്നിടുമ്പോഴും ജനസംഖ്യ കുറഞ്ഞുവന്നുകൊണ്ടിരിക്കുന്ന കേരളത്തില്‍ ഇനിയും ജില്ലകള്‍ രൂപീകരിക്കുന്നത് ദുര്‍വ്യയമാണ്. ഗതാഗത, വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ അനുദിനം മെച്ചപ്പെടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ക്കൂടുതല്‍ ജനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത് അനാവശ്യ ചെലവുകള്‍ സൃഷ്ടിക്കുകയേ ഉള്ളൂ.

കേരളത്തിലെ ഭൂവിസ്തൃതി അനുസരിച്ച് ഓരോ ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ജില്ലയുടെ ഏറ്റവും അറ്റത്തുള്ള പ്രദേശത്ത് എത്തിച്ചേരുവാന്‍ രണ്ടര മണിക്കൂറില്‍ അധികം സമയം ആവശ്യമില്ല. ഗതാഗത സൗകര്യവും വാര്‍ത്താ വിനിമയ സൗകര്യവും വളരെയധികം വര്‍ദ്ധിച്ചിട്ടുമുണ്ട്. എന്നിട്ടും പുതിയ ജില്ല വേണം എന്ന ആവശ്യം സ്ഥാപിത താല്‍പ്പര്യത്തോടുകൂടിയുള്ളതാണ്.
പ്രതിനിധി സഭ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ധ്രുവീകരണത്തിനപ്പുറം വൈകാരികവും പ്രത്യയശാസ്ത്രപരവുമായ സംഘര്‍ഷമാണ് ഭാരതത്തില്‍ നില നില്‍ക്കുന്നതെന്ന് ഭാരതീയ വിചാരകേന്ദ്രം ജോയന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ചൂണ്ടിക്കാട്ടി. അയോധ്യ പ്രശ്‌നം ഉയര്‍ന്നുവന്നതോടുകുടിയാണ് ഇത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞുവന്നത്. ദേശീയവാദികള്‍ ഒരു ഭാഗത്തും വൈദേശിക ആശയങ്ങള്‍ പിന്തുടരുന്നവര്‍ മറുവശത്തുമെന്ന സ്ഥിതിയാണുള്ളത്.

സ്വന്തം മണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കുന്ന ദേശീയ വാദികള്‍ക്ക് അനുകൂലമാണ് കാര്യങ്ങളെങ്കിലും എതിര്‍ വിഭാഗത്തിനു പ്രഹരശേഷിയുണ്ടെന്നത് മറക്കരുത് അദ്ദേഹം പറഞ്ഞു. ഇ. സി. അനന്തകൃഷ്ണന്‍, കാഭാ സുരേന്ദ്രന്‍, ഡോ. കെ. ജയപ്രസാദ്, ഡോ. സി. ഐ. ഐസക് തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്ന് രാവിലെ 10ന് തളി ഗുരുവായൂരപ്പന്‍ ഹാളില്‍ സമ്മേളനത്തിന്റെ ഉദ്ഘാടനസഭ നടക്കും. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ നിലവിളക്ക് തെളിയിക്കും. കേരള നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഡോ. എം. ജി. എസ്. നാരായണന്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം. മോഹന്‍ദാസ്, ഡോ. പ്രഭാകരന്‍ പലേരി എന്നിവര്‍ സംസാരിക്കും. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിട്ട റീജ്യണല്‍ ഡയറക്ടര്‍ കെ. കെ. മുഹമ്മദ് പുരാണ- ഇതിഹാസങ്ങള്‍ ആര്‍ക്കിയോളജി വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്ന് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ സംബന്ധിച്ച് മുപ്പതില്‍പരം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. നാളെ മലബാര്‍ വികസനം സാദ്ധ്യതകള്‍ വെല്ലുവിളികള്‍, അംബേദ്ക്കര്‍ ചിന്തയുടെ പ്രസക്തി എന്നീ വിഷയങ്ങള്‍ സംബന്ധിച്ച സെമിനാര്‍ നടക്കും. സമാപന സമ്മേളനത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. പി. മോഹനന്‍, രാജീവ് ശ്രീനിവാസന്‍, ആര്‍. സഞ്ജയന്‍, ഡോ. സി.ഐ. ഐസക്ക് എന്നിവര്‍ സംസാരിക്കും.

News Feed
Filed in

P Jayarajan named as accused in Kathiroor Manoj murder

ഡോ. മോഹന്‍ ഭാഗവത് ആര്‍.എസ്.എസ്. കേന്ദ്രകാര്യാലയത്തില്‍ ദേശീയ പതാക ഉയര്‍ത്തി

Related posts