11:16 pm - Thursday March 22, 2018

RSS സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ വിജയദശമി പ്രഭാഷണം

വിശിഷ്ടമായ സംഘപ്രവര്‍ത്തനത്തിന്റെ 90 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ഇപ്പോള്‍ നാം വിജയദശമി ആഘോഷിക്കുന്ന കാലഘട്ടമായ യുഗാബ്ദം 5118ന് അതായത് പൊതുവര്‍ഷം 2016ന് സവിശേഷമായൊരു പ്രാധാന്യമുണ്ട്. പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങളെക്കുറിച്ച് ഞാന്‍ കഴിഞ്ഞ വര്‍ഷം സൂചിപ്പിച്ചിരുന്നു. ശതാബ്ദി ആഘോഷങ്ങള്‍ ഈ വര്‍ഷവും തുടരുന്നതാണ്. ഈ വര്‍ഷം ഇത്തരം ചരിത്ര പുരുഷന്മാരായ കൂടുതല്‍ മഹാത്മാക്കളുടെ സ്മരണ നമുക്കു പുതുക്കേണ്ടതുണ്ട്. അവരുടെ ജീവിതവും ചിന്തകളും പിന്തുടരുന്നത് ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ പ്രാധാന്യമുണ്ടെന്നു നാം കരുതുന്നു.

ആചാര്യ അഭിനവഗുപ്തന്റെ ജീവിതത്തിന്റെ സഹസ്രാബ്ദ വര്‍ഷമാണിത്. ആത്മസാക്ഷാത്കാരം നേടിയ അദ്ദേഹം ശൈവദര്‍ശനത്തിന്റെ ഉപജ്ഞാതക്കളില്‍ അഗ്രഗണനീയനുമാണ്. ‘പ്രത്യഭിജ്ഞാനം’ എന്ന ആശയം ആവിഷ്‌ക്കരിച്ചതോടൊപ്പം ഒരു ബഹുമുഖ പ്രതിഭയായ അദ്ദേഹം കവിത, നാടകം, സംഗീതം, ഭാഷാശാസ്ത്രം തുടങ്ങിയ പ്രായോഗിക വിഷയങ്ങളും കൈകാര്യം ചെയ്യുകയും അത്തരം വൈവിധ്യമാര്‍ന്ന വിഷയങ്ങളെ പരിപോഷിപ്പിക്കുന്നതിന് ആധികാരികവും മൗലികവും അനശ്വരവുമായ സംഭാവനകള്‍ നല്‍കുകയും ചെയ്തു. ‘ശബ്ദ’ ത്തെക്കുറിച്ച് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള സൈദ്ധാന്തിക വ്യാഖ്യാനം ഈശ്വര സാക്ഷാത്കാരം നേടുന്നതില്‍ ‘ശബ്ദ’ത്തിനുള്ള കാര്യക്ഷമതയെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പ്രബന്ധമായിത്തീരുക മാത്രമല്ല, ആധുനിക കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് അഗാധമായ പഠനത്തിനുള്ള ഒരു വിഷയമായിത്തീരുകയും ചെയ്തിട്ടുണ്ട്. എല്ലാ നേട്ടങ്ങളിലും വെച്ച് ജീവിതകാലം മുഴുവന്‍ നീണ്ടുനിന്ന അദ്ദേഹത്തിന്റെ തപശ്ചര്യയിലെ ഏറ്റവും വലിയ നേട്ടം നാനത്വത്തിലെ ഏകത്വം ഒരാള്‍ക്ക് കാണാന്‍ കഴിയുന്ന തരത്തില്‍ സനാതനധര്‍മ്മത്തിന്റെ മൗലിക സവിശേഷത കാശ്മീരിന്റെ മണ്ണില്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞുവെന്നുള്ളതാണ്. ശൈവദര്‍ശനത്തിന്റെ ഒരുറച്ച പിന്‍ഗാമി ആയിരുന്നെങ്കിലും അദ്ദേഹം അങ്ങേയറ്റത്തെ ആദരവോടുകൂടി മറ്റു സമ്പ്രദായങ്ങളെക്കുറിച്ചും പഠിക്കുകയും അവയുടെ അന്തസ്സത്തയെ ഉള്‍ക്കൊള്ളുകയും ചെയ്തു. സ്വന്തം ജീവിതത്തിന്റെ ഉദാഹരണത്തിലൂടെയും ഉപദേശങ്ങളിലൂടെയും സ്‌നേഹവും ഭക്തിയും സമരസതയും ഒന്നുചേരുന്ന ഒരു ധാര്‍മ്മിക ജീവിതത്തിന്റെ സന്ദേശം നല്‍കിയ അദ്ദേഹം കശ്മീരിലെ ബഡ്ഗാവോണിനടുത്തുള്ള ബിര്‍വയിലെ ഒരു ഗുഹയില്‍ വെച്ച് – ഭൈരവ ഗുഹ – ശിവതത്വത്തില്‍ ലയിച്ചുചേര്‍ന്നു.

ദക്ഷിണ ദേശത്തുനിന്നുള്ള പ്രമുഖ സന്യാസി വര്യനും ‘ശ്രീഭാഷ്യ’ത്തിന്റെ രചയിതാവുമായ മഹാനായ രാമാനുജാര്യരുടെ ജനനത്തിന്റെ സഹസ്രാബ്ദിവര്‍ഷം കൂടിയാണിത്. തന്റെ ആരാധ്യദേവതയായ ഉത്സവമൂര്‍ത്തിയുടെ വിഗ്രഹം സുല്‍ത്താന്റെ സഭയില്‍ നിന്ന് വീണ്ടെടുക്കുന്നതിന് തെക്കുനിന്ന് ദില്ലി വരെ കാല്‍നടയായി എത്തിയ അദ്ദേഹം ദേവതയുടെ ആരാധികയായി മാറിയ സുല്‍ത്താന്റെ മകള്‍ക്ക് ക്ഷേത്രത്തില്‍ ഒരു സ്ഥാനം നല്‍കാനുള്ള ഔദാര്യം കാണിക്കുകയും ചെയ്തു. ജാതി, മതം തുടങ്ങിയ വ്യത്യാസങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം ഭക്തിയുടെയും ജ്ഞാനത്തിന്റെയും വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു. സാമൂഹ്യ സമത്വം സ്ഥാപിച്ചു. തന്റെ ജീവിതത്തില്‍ ധര്‍മ്മത്തെ അതിന്റെ ശരിയായ രൂപത്തില്‍ ആചരിച്ചും രാഷ്ട്രത്തിലുടനീളം സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പരത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ഈ വര്‍ഷം സിഖ് സമ്പ്രദായത്തിലെ പത്താമത്തെ ഗുരുവായ ശ്രീ ഗുരു ഗോവിന്ദസിംഗിന്റെ 350-ാം ജന്മവാര്‍ഷികവും നാം ആഘോഷിക്കുന്നു. രാഷ്ട്രത്തെയും സമാജത്തെയും ധര്‍മ്മത്തെയും സംരക്ഷിക്കുന്നതിനും ആത്മാഭിമാനം വളര്‍ത്തി ദൗര്‍ബ്ബല്യത്തെ ഇല്ലാതാക്കുന്നതിനും വേണ്ടി അദ്ദേഹം രാഷ്ട്രതന്ത്രജ്ഞന്റെയും ധര്‍മ്മരക്ഷകന്റെയും ഇരട്ട വ്യക്തിത്വം സ്വീകരിച്ചു. രാഷ്ട്രത്തിനും ധര്‍മ്മത്തിനും വേണ്ടി ഗുരു നടത്തിയ സമ്പൂര്‍ണ സമര്‍പ്പണത്തെയും കഠിനമായ പോരാട്ടത്തെയും അനുസ്മരിച്ചുകൊണ്ട് സ്വാമി വിവേകാനന്ദന്‍ തന്റെ പ്രസിദ്ധമായ ലാഹോര്‍ പ്രസംഗത്തില്‍ ഹിന്ദു യുവാക്കളെ അദ്ദേഹത്തിന്റെ പാത പിന്തുടരാന്‍ ആഹ്വാനം ചെയ്തിരുന്നു.

പ്രജ്ഞാചക്ഷു ശ്രീ ഗുലാബ്‌റാവു മഹാരാജിന്റെ ജന്മ ശതാബ്ദി വര്‍ഷം കൂടിയാണിത്. സന്ത് ശ്രീ ജ്ഞാനേശ്വറിന്റെ ‘മകളാ’യി സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹം ആത്മീയതയെ കുറിച്ചും ഭൗതിക ശാസ്ത്രങ്ങളെ കുറിച്ചുമുള്ള നമ്മുടേതും വൈദേശികവുമായ കൃതികള്‍ ക്ലേശപൂര്‍ണ്ണമായി പഠിച്ചു. ബ്രിട്ടീഷ് അടിമത്തത്തിന്റെ അപമാനകരമായ കാലഘട്ടത്തില്‍ അദ്ദേഹം നമ്മുടെ പരമ്പരാഗത വിജ്ഞാനത്തിന്റെയും ആധുനിക ശാസ്ത്രസിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തില്‍ അനിഷേധ്യമായ യുക്തിയിലൂടെ സ്വധര്‍മ്മത്തിന്റെയും സ്വദേശത്തിന്റെയും സംസ്‌കൃതിയുടെയും മഹത്വം പുനഃസ്ഥാപിക്കുകും നമ്മുടെ ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്തു. ശാസ്ത്രത്തിന്റെയും മാനവികതയുടെയും ഭാവിയും അര്‍ത്ഥപൂര്‍ണ്ണതയും ലോകത്തിലെ മതങ്ങളുടെ സമരസതയോടുകൂടിയ സമന്വയവും സാധ്യമാകണമെങ്കില്‍ നമ്മുടെ ആത്മീയ പാരമ്പര്യത്തെ അവയുടെ അടിത്തറയാക്കണമെന്ന് അദ്ദേഹം തന്റെ അനേകം കൃതികളിലൂടെ അസന്നിഗ്ധമായി വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷമായി നാം നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥാവിശേഷത്തെ ശ്രദ്ധാപൂര്‍വ്വം പഠിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ മേല്‍പ്പറഞ്ഞ നാലു മഹാത്മാക്കളുടെയും ഉപദേശങ്ങള്‍ പഠിക്കേണ്ടതിന്റെ ആവശ്യകത നമുക്ക് തീര്‍ച്ചയായും ബോധ്യപ്പെടും.

വികസനത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത നിലനില്‍ക്കുമ്പോള്‍ തന്നെ ചില ആവശ്യങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെങ്കിലും പൊതുവായി പറഞ്ഞാല്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ചില പദ്ധതികള്‍ ദേശവ്യാപകമായി നേരത്തെ കാണാന്‍ കഴിഞ്ഞിരുന്ന നിരാശയുടേതായ അന്തരീക്ഷത്തെ ഇല്ലാതാക്കുകയും ഒരു പരിധിവരെ ആത്മവിശ്വാസം വളര്‍ത്തുകയും അതുകൊണ്ടുതന്നെ രാഷ്ട്രം മുന്നോട്ടു പോകുന്നുവെന്ന തോന്നലുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, സ്വാഭാവികമായി നാം സ്വീകരിച്ച ജനാധിപത്യ മാതൃകയില്‍ പ്രതീക്ഷിക്കുന്നതുപോലെ, അധികാരശ്രേണിയില്‍ എത്താന്‍ കഴിയാതിരുന്ന രാഷ്ട്രീയ കക്ഷികള്‍ സര്‍ക്കാരിന്റെയും ഭരണ സംവിധാനത്തിന്റെയും അപര്യാപ്തതകളും പരിമിതികളും ചൂണ്ടിക്കാണിച്ചുകൊണ്ട് അവരുടെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ തിടുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തില്‍ ഈയൊരു ചിന്താ മഥനം രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി സമന്വയത്തിന്റെ ഒരു പാത കൊണ്ടുവരുമെന്നും വിമര്‍ശാനാത്മകമായ അപഗ്രഥനത്തിനും നയങ്ങളുടെ മേല്‍നോട്ടം, നവീകരണം എന്നിവയ്ക്കുമുള്ള ഒരു ഉപകരണമായിത്തീരുകയാണ് വേണ്ടത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി നാം കണ്ടുവരുന്ന വൃത്തികെട്ട തന്ത്രങ്ങള്‍ പയറ്റുന്നതിന്റെ ചിത്രം നമ്മെ ഉത്കണ്ഠാകുലരാക്കുന്നതാണ്. ഇന്ന് രാജ്യത്തും ലോകം മുഴുവനും നിലനില്‍ക്കുന്ന സാഹചര്യത്തെ സാമാന്യമായി വീക്ഷിക്കുന്നവര്‍ക്കു പോലും കാണാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. ലോകത്തിലെ മൗലികവാദ, തീവ്രവാദ, വിഘടനവാദ, സ്വാര്‍ത്ഥ ശക്തികള്‍ അഖണ്ഡവും ആത്മാഭിമാനപൂര്‍ണ്ണവും കഴിവുറ്റ സര്‍ക്കാരോടു കൂടിയതുമായ ഒരു ഭാരതത്തെ കണ്ണിലെ കരടായി കാണുകയും രാജ്യത്തുടനീളം അവരുടെ ദുഷ്പ്രചരണജാലം വ്യാപിപ്പിക്കുന്നതില്‍ വ്യാപൃതരായിരിക്കുകയുമാണ്. നമ്മുടെ സാമൂഹ്യജീവിതത്തില്‍ നിന്ന് ഭേദഭാവങ്ങളും വൈരുദ്ധ്യങ്ങളും ഉച്ചനീചത്വങ്ങളും പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ നമുക്ക് കഴിയാത്തതിനാല്‍ അങ്ങിങ്ങായി ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരം സംഭവങ്ങളെ ദുരുപയോഗപ്പെടുത്തിക്കൊണ്ടും അതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കിയും ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരിലും ഈ രാജ്യദ്രോഹ ശക്തികള്‍ അവരുടെ തിന്മകളെ എതിര്‍ക്കാന്‍ ശക്തിയുണ്ട് എന്നതിനാല്‍ സര്‍ക്കാരിനെയും ഭരണസംവിധാനത്തെയും രാഷ്ട്രീയ സ്വയംസേവകസംഘത്തെ പോലുള്ള ദേശീയ ശക്തികളെയും അതിലേക്ക് വലിച്ചിഴച്ച് അപകീര്‍ത്തിപ്പെടുത്താനും അനാവശ്യമായ വിവാദങ്ങളുണ്ടാക്കി ജനങ്ങളുടെ മനസ്സില്‍ അവയെക്കുറിച്ച് മോശമായ പ്രതിച്ഛായ ഉണ്ടാക്കാനും ശ്രമിക്കുകയാണ്. പരസ്പരം തമ്മിലടിക്കുമ്പോള്‍ തന്നെ ഈ പ്രതിലോമ ശക്തികളുടെ സ്വഭാവവും ആഗ്രഹങ്ങളും വ്യക്തമായി സൂചിപ്പിക്കുന്നത് പൊതുവും സ്വാര്‍ത്ഥതയിലധിഷ്ഠിതവുമായ താല്‍പര്യങ്ങള്‍ക്കുവേണ്ടി അവര്‍ ഒന്നിക്കുമെന്നാണ്. അതുകൊണ്ട് സമൂഹത്തില്‍ ഇത്തരം വിഘടനവാദത്തിന്റെയും അരാജകത്വത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നവരില്‍ എന്നും അവരുടെ ചതിക്കുഴിയില്‍ വീണുപോകാതിരിക്കാനാവശ്യമായ കരുതല്‍ നടപടികള്‍ ഉണ്ടാകേണ്ടത് അടിയന്തരാവശ്യമാണ്.
സംഘ സ്വയംസേവകര്‍ അവരുടെ പരിശ്രമങ്ങള്‍ ഈ ദിശയിലേക്കു തിരിച്ചുവിട്ടിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളിലും സാമൂഹ്യ സമത്വവുമായി ബന്ധപ്പെട്ട് ഇന്നു നിലനില്‍ക്കുന്ന സ്ഥിതിയെക്കുറിച്ച് സര്‍വ്വെ നടത്തുന്നത് പുരോഗമിച്ചുവരികയാണ്. ഗ്രാമങ്ങളിലും മറ്റു സ്ഥലങ്ങളിലും സംഘശാഖകളിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ജനമനസ്സുകളെ തയ്യാറാക്കുന്ന പ്രവര്‍ത്തനവും നടന്നുവരുന്നു. ഉദാഹരണമായി സംഘദൃഷ്ടിയില്‍ മധ്യഭാരതം എന്ന പ്രാന്തത്തില്‍ 9000 ഗ്രാമങ്ങളുടെ വിശദമായ സര്‍വ്വെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 40% ഗ്രാമങ്ങളില്‍ ഇന്ന് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട വിവേചനം നിലനില്‍ക്കുന്നതായി നമുക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്; 30% ഗ്രാമങ്ങളില്‍ ജലസ്രോതസ്സുകളുടെ പേരില്‍ വിവേചനം നിലനില്‍ക്കുന്നു; 35% ഗ്രാമങ്ങളില്‍ ശ്മശാനത്തിന്റെ പേരില്‍ വിവേചനം നിലനില്‍ക്കുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പരിശ്രമങ്ങളും നടന്നുവരുന്നു. പട്ടികജാതിയിലും പട്ടികവിഭാഗത്തിലും പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാരും ഭരണസംവിധാനവും അവരുടെ ക്ഷേമത്തിനുവേണ്ടി വിതരണം ചെയ്യുന്ന ധനസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സ്വയംസേവകര്‍ സഹായിച്ചുതുടങ്ങിയിട്ടുണ്ട്. സംഘസ്വയംസേവകര്‍ അവരുടെ ശക്തിക്കും അറിവിനും കഴിവിനുമനുസരിച്ച് സാമൂഹ്യസമത്വം കൊണ്ടുവരാന്‍ തീര്‍ച്ചയായും ശ്രമിച്ചുവരികയാണ്. അതേസമയം സാമൂഹ്യനന്മകള്‍ക്കുവേണ്ടി നിലകൊള്ളുന്ന വ്യക്തികളും സംഘടനകളും ഇക്കാര്യത്തില്‍ കൂടുതല്‍ സജീവമാകേണ്ടതുണ്ട്. ചില വ്യക്തികളുടെ ഔത്കൃഷ്ട്യബോധം മൂലമോ ചില പ്രശ്‌നങ്ങളുടെ പേരില്‍ സ്വീകരിക്കുന്ന നിലപാടുമൂലമോ നിരപരാധികളായ കുട്ടികള്‍ പോലും അപമാനവും ശാരീരിക പീഡനങ്ങളും സഹിക്കേണ്ടി വരുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭാരതത്തിന് തീര്‍ച്ചയായും അപമാനകരമാണ്. വിഘടനശക്തികള്‍ ഇതില്‍ നിന്ന് നേട്ടം കൊയ്യാനും ഭാരതത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനും എല്ലായിടത്തും നടക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികളുടെ ഗതിവേഗം കുറയ്ക്കാനും ഇത് ഇടയാക്കുകയാണ്.
നമ്മുടെ ഗോസമ്പത്തിന്റെ ഒരു പ്രധാന ഭാഗമായ സ്വദേശി ഇനങ്ങളുടെ സംരക്ഷണവും പോഷണവും വളര്‍ച്ചയും ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരാദര്‍ശമാണ്. ഭാരതീയ സമൂഹത്തിന്റെ വിശ്വാസവും പാരമ്പര്യവുമനുസരിച്ച് അതൊരു വിശുദ്ധ കര്‍ത്തവ്യവുമാണ്. ഭരണഘടനയുടെയും നിയമത്തിന്റെയും ചട്ടക്കൂട്ടില്‍ കര്‍ശനമായി നിന്നുകൊണ്ട് സംഘസ്വയംസേവകര്‍ മത്രമല്ല നിരവധി സന്യാസിമാരും മറ്റുവ്യക്തികളും രാജ്യത്തുടനീളം ഒരു വിശിഷ്ട കര്‍ത്തവ്യമെന്ന നിലയില്‍ ഈ പ്രവര്‍ത്തനത്തെ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. ആധുനിക ശാസ്ത്രം നാടന്‍ പശുക്കളുടെ മേന്മയും ഉപയുക്തതയും ശരിവെക്കുന്നുണ്ട്. നമ്മുടെ നിരവധി സംസ്ഥാനങ്ങള്‍ ഗോവധവും മൃഗങ്ങളോടുള്ള ക്രൂരതയും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പക്ഷെ ഈ സംസ്ഥാനങ്ങളില്‍ ചില സ്ഥലങ്ങളില്‍, ചില സമയങ്ങളില്‍ ഇത്തരം നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നത് ഉറപ്പുവരുത്താന്‍ ഗോസേവകര്‍ക്ക് പ്രത്യക്ഷമായ പ്രക്ഷോഭങ്ങള്‍ നടത്തേണ്ടി വരാറുണ്ട്. ഗോവധപ്രശ്‌നത്തെ ഉയര്‍ത്തുകയും അതിന്റെ പേരില്‍ അടിസ്ഥാനരഹിതമായ കിംവദന്തികള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന, വ്യക്തിപരവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ക്കുവേണ്ടി അതിനെ ഉപയോഗിക്കുകയും ചെയ്യുന്ന അനാശാസ്യ ശക്തികളുമായി അവരെ താരതമ്യം ചെയ്യാന്‍ കഴിയില്ല. എന്തുതന്നെയായാലും ഗോ സംരക്ഷകരുടെ വിശിഷ്ട പ്രവര്‍ത്തനം തുടരുകയും കരുത്താര്‍ജ്ജിക്കുകയും ചെയ്യും. സ്വതന്ത്രഭാരതത്തിന്റെ ജനാധിപത്യ തത്വത്തെ ആദരിച്ചുകൊണ്ട്, എന്തൊക്കെ പ്രകോപനമുണ്ടായാലും നിയമമനുസരിക്കുന്ന നമ്മുടെ ജനങ്ങള്‍ നിയമലംഘനം നടത്താതെ അവരുടെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. അവര്‍ അങ്ങനെ തന്നെ തുടര്‍ന്നും ചെയ്യും. ഗോവധനിരോധന നിയമങ്ങള്‍ തടസ്സമില്ലാതെ നടപ്പാക്കുന്നതും പൊതുവായ നിയമപാലനവും കര്‍ശനമായി ഉറപ്പുവരുത്തുന്നതോടൊപ്പം ഭരണകൂടം നിയമമനുസരിക്കുന്ന പൊതുജനങ്ങളെയും സാമൂഹ്യദ്രോഹശക്തികളെയും തുല്യനിലയില്‍ കാണാതിരിക്കുകയും വേണം. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ രാഷ്ട്രീയക്കാര്‍ രാഷ്ട്രീയനേട്ടം മുന്നില്‍ക്കണ്ട് കക്ഷിചേരുമ്പോള്‍ സമൂഹത്തിലെ വിടവ് വര്‍ദ്ധിപ്പിക്കാതിരിക്കാനും അവരുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും സമൂഹത്തില്‍ വിദ്വേഷവും അസഹിഷ്ണുതയും കുറച്ചുകൊണ്ടുവരാന്‍ ഉതകുമെന്ന് ഉറപ്പുവരുത്തുകയും വേണം. അതാണ് സമൂഹം അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. വ്യാപാരനേട്ടങ്ങള്‍ക്കു വേണ്ടി മാധ്യമലോകത്തെ ഒരു വിഭാഗം ഇത്തരം പ്രശ്‌നങ്ങളെ വൈകാരികമായി ആളിക്കത്തിക്കുന്ന പ്രവണത സ്വയം ചെറുക്കേണ്ടതാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സാഹോദര്യ മനോഭാവത്തിന്റെ ശക്തിയിലൂടെ മാത്രമേ സ്വാതന്ത്ര്യവും സമത്വവും നേടാനും നിലനിര്‍ത്താനും കഴിയുകയുള്ളൂവെന്ന് എല്ലാവരും ഓര്‍ക്കേണ്ടതാണ്. ഈ ശക്തിയുടെ അടിസ്ഥാനത്തില്‍ എല്ലാവെല്ലുവിളികളെയും നേരിടാന്‍ രാഷ്ട്രത്തിനു തീര്‍ച്ചയായും സാധിക്കും. ദേശസുരക്ഷക്കും ഐക്യത്തിനും അഖണ്ഡതയ്ക്കും മേല്‍ ഇരുണ്ട കാര്‍മേഘങ്ങള്‍ ഭീഷണിയുയര്‍ത്തുന്ന ഇന്നത്തെ കാലഘട്ടത്തിലും ശ്രീ അഭിനവഗുപ്തനെയും ശ്രീരാമാനുജാചാര്യരെയും പോലുള്ള മഹാന്മാരായ സന്യാസിവര്യന്മാര്‍ മുന്നോട്ടുവെച്ചിട്ടുള്ള നന്മയുടെ പാരമ്പര്യത്തിലൂടെ മുന്നേറാന്‍ നമുക്കു കഴിയേണ്ടതുണ്ട്.

ജമ്മു-കശ്മീരിലെ ഇപ്പോഴത്തെ അവസ്ഥ നമ്മെ കൂടുതല്‍ ആശങ്കാകുലരാക്കിയിട്ടുണ്ട്. അന്തര്‍ദ്ദേശീയതലത്തില്‍ ഇതുവരെ നടത്തിയ നയതന്ത്രനീക്കങ്ങളും സര്‍ക്കാരിന്റെയും പാര്‍ലമെന്റിന്റെയും ശക്തമായ നിയമനടപടികളും സ്വാഗതാര്‍ഹമാണെങ്കിലും നയങ്ങളുടെ നടത്തിപ്പും അത്രതന്നെ പ്രധാനപ്പെട്ടതാണ്. കശ്മീര്‍ താഴ്‌വരയുടെ ഭൂരിഭാഗം പ്രദേശങ്ങളും ജമ്മുവും ലഡാക്കും പ്രശ്‌നബാധിതമല്ലാത്തതും പൂര്‍ണമായി നിയന്ത്രണത്തിലുള്ളതുമാണ്. ഈ മേഖലകളില്‍ ദേശീയ പ്രവര്‍ത്തനങ്ങളുടെയും ശക്തികളുടെയും സാന്നിധ്യം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. പ്രശ്‌നബാധിത മേഖലകളിലെ ബാഹ്യവും ആന്തരികവുമായ ഛിദ്രശക്തികളെ നേരിടുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ഭരണസംവിധാനത്തിന്റെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം കൃത്യമായ ധാരണയുടെയും പൊതുവായ നയത്തിന്റെയും അടിസ്ഥാനത്തില്‍ നടക്കേണ്ടതാണ്. മീര്‍പ്പൂര്‍, മുസഫറാബാദ്, ഗില്‍ഗിത്ത്, ബാള്‍ട്ടിസ്ഥാന്‍ എന്നിവ ഉള്‍പ്പെടെ കശ്മീരിന്റെ മുഴുവന്‍ ഭാഗങ്ങളും ഭാരതത്തിന്റെ അവിഭാജ്യഭാഗമാണെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ഈ മേഖലകളില്‍ നിന്ന് ഒഴിഞ്ഞു പോകേണ്ടി വന്നവര്‍ കശ്മീര്‍ താഴ്‌വരയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട പണ്ഡിറ്റുകള്‍ തുടങ്ങിയ ഹിന്ദുസഹോദരങ്ങളെ മുഴുവന്‍ ആദരവോടെയും സുരക്ഷിതത്വത്തോടെയും അവരുടെ ക്ഷേമം ഉറപ്പുവരുത്തിക്കൊണ്ട് പുനരധിവസിപ്പിക്കേണ്ടത് അടിയന്തിര കര്‍ത്തവ്യമാണ്. വിഭജനസമയത്ത് പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട പ്രദേശങ്ങളില്‍ താമസിച്ചിരുന്ന ഹിന്ദുക്കള്‍ ഭാരതത്തിലേക്ക് വരികയും ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ അവരോട് സംസ്ഥാനത്ത് താമസിക്കാന്‍ ആവശ്യപ്പെട്ടതുമാണ്. അവര്‍ക്ക് എല്ലാതരത്തിലുള്ള പൗരാവകാശങ്ങളും സംസ്ഥാനത്ത് അനുവദിക്കേണ്ടതാണ്. ജമ്മുവിനോടും ലഡാക്കിനോടുമുള്ള സംസ്ഥാന ഭരണകൂടത്തിന്റെ വിവേചനത്തോടു കൂടിയ സമീപനം ഉടനെ അവസാനിപ്പിക്കേണ്ടതാണ്. ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ ദേശീയ കാഴ്ചപ്പാടോടുകൂടിയ വികാരത്തോടെ സുതാര്യവും സ്പഷ്ടവും നിഷ്പക്ഷവുമായ വിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വിജയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അനുഭവം ഉണ്ടാവുകയും താഴ്‌വരയിലെ ജനങ്ങളെ സ്വാംശീകരിക്കുന്ന പ്രക്രിയ മുമ്പോട്ട് നീങ്ങുകയുമുള്ളു.

അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള വിഘടന ശക്തികളാണ് കശ്മീര്‍ താഴ്‌വരയിലെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് ഇന്ന് മുഴുവന്‍ ലോകത്തിനുമറിയാം. ഭാരതത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ സക്രിയമായിരിക്കുന്ന ചില ശക്തികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളെ അവരുടെ പ്രവര്‍ത്തന കേന്ദ്രമാക്കിക്കൊണ്ട് വിഘടനവാദം, അക്രമം, മയക്കുമരുന്ന് കള്ളക്കടത്ത് എന്നിവയില്‍ ഏര്‍പ്പെട്ടുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉറിയിലെ സൈനിക ക്യാമ്പിനു നേരെയുള്ള ഭീകരാക്രമണം നമ്മുടെ സുരക്ഷാ സേനയുടെ ഭാഗത്ത് കൂടുതല്‍ തുടര്‍ച്ചയായ സജ്ജീകരണത്തിന്റെയും കരസേന, സുരക്ഷാ സേന, ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ആവശ്യകത എടുത്തു കാണിക്കുന്നുണ്ട്. ഒരു നിമിഷ നേരത്തെ അശ്രദ്ധക്ക് നാം എത്ര വലിയ വില കൊടുക്കേണ്ടിവരുന്നു എന്ന സൂചനയും ഇതില്‍ നിന്നു ലഭിക്കുന്നു. ഈ ഒരു ഭീകരാക്രമണത്തിന് കഴിവുറ്റതും കാര്യക്ഷമവുമായ നീക്കത്തിലൂടെ ഉചിതവും ശക്തവുമായ മറുപടി നല്‍കിയ നമ്മുടെ സര്‍ക്കാരിനെയും സൈനികരെയും 3 സേനാ വിഭാഗങ്ങളെയും ഞാന്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. നയതന്ത്രത്തിന്റെയും സുരക്ഷയുടെയും കാര്യത്തില്‍ കാണിച്ച ഈയൊരു നിശ്ചയദാര്‍ഢ്യവും കാര്യക്ഷമതയും നമ്മുടെ എല്ലാ നയങ്ങളിലും സ്ഥിരമായി പ്രതിഫലിക്കേണ്ടതാണ്. അതിര്‍ത്തി പ്രദേശങ്ങളിലെന്നപോലെ സമുദ്രതീരങ്ങളിലും ജാഗ്രത പാലിച്ചുകൊണ്ട് സര്‍ക്കാരും ജനങ്ങളും ഒത്തൊരുമിച്ച് എല്ലാതരത്തിലുമുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തങ്ങളെയും അവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടതാണ്.

സംസ്ഥാനങ്ങളുടെ ക്രമസമാധനപാലന സംവിധാനങ്ങളുടെ പൂര്‍ണ്ണമായ സഹകരണവും അനിവാര്യമാണ്. ഫെഡറല്‍ സംവിധാനമാണ് നമ്മുടെ രാജ്യത്ത് നാം പിന്തുടരുന്നത്. ആദരവോടെയും സത്യസന്ധതയോടെയും അത് നടപ്പിലാക്കുന്നതോടൊപ്പം നാമെല്ലാവരും, പ്രത്യേകിച്ച് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വം വഹിക്കുന്നവര്‍, ഒരു കാര്യം ആദരവോടെയും വിശ്വസനീയവുമായ രീതിയില്‍ എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്. ചരിത്രാതീത കാലം മുതല്‍ നാം ഒരു ജനതയും ഒരു രാജ്യവും ഒരു രാഷ്ട്രവും ആയിരുന്നു. ഭാവിയിലും അങ്ങനെയായിരിക്കണം. നാമൊന്നായിരിക്കുക തന്നെ ചെയ്യും. നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ഈ ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതാവണം, ദുര്‍ബ്ബലപ്പെടുത്തുന്നതാവരുത്. സാമൂഹ്യ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നേതൃത്വം കൊടുക്കുന്ന ആളുകള്‍ ഈ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ ബദ്ധശ്രദ്ധരായിരിക്കണം. ഇതോടൊപ്പം ഈയൊരു ഉത്തരവാദിത്തബോധത്തോടെ പെരുമാറാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന സംവിധാനങ്ങളും ഉണ്ടാകേണ്ടതുണ്ട്.

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി വിദ്യാഭ്യാസ നയത്തെക്കുറിച്ച് നമ്മുടെ രാജ്യത്ത് നടന്നുവരുന്ന ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. വ്യക്തിയില്‍ സാമൂഹ്യവും ദേശീയവുമായ ധാരണ വളര്‍ത്തിക്കൊണ്ട് കാര്യക്ഷമതയും ഉത്തരവാദിത്തബോധവും വളര്‍ത്തുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഈ പരിശ്രമത്തിന്റെ ഭാഗമായി വിദ്യാഭ്യാസം എളുപ്പം ലഭ്യമാകുന്നതും ചെലവുകുറഞ്ഞതുമായിരിക്കണം എന്നൊരു ധാരണ പൊതുവെ വളര്‍ന്നുവന്നിട്ടുണ്ട്. വിദ്യാഭ്യാസം വ്യക്തിയെ ഉപജീവനത്തിനു സഹായിക്കുന്നതോടൊപ്പം സ്വയം പര്യാപ്തനും സ്വാഭിമാനമുള്ളവനുമാക്കി മാറ്റണം. അറിവു നേടുന്നതോടൊപ്പം ഒരു പൗരനെന്ന നിലയില്‍ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിതം നയിക്കുന്ന ഒരു നല്ല വ്യക്തിയായി മാറാനും അവനു കഴിയണം. വിദ്യാഭ്യാസം ഈ ലക്ഷ്യം നേടാന്‍ കഴിയുന്നതും പാഠ്യപദ്ധതി അതിനനുസൃതവുമാകണം. വിദ്യാഭ്യാസത്തെ കാര്യക്ഷമമായി വിനിമയം ചെയ്യുന്ന വിശിഷ്ടമായ പ്രവര്‍ത്തനം നടത്തുന്ന അധ്യാപകര്‍ക്ക് അതിനനുസൃതമായ കഴിവും യോഗ്യതയും ഉറപ്പുവരുത്താന്‍ കഴിയത്തക്കവിധമായിരിക്കണം അവരുടെ പരിശീലനത്തിനും ക്ഷേമത്തിനുമുള്ള സംവിധാനങ്ങള്‍. സര്‍ക്കാരും സമൂഹവും വിദ്യാഭ്യാസ മേഖലയില്‍ പങ്കാളികളാകുകയും രണ്ടുകൂട്ടരും ഒരുമിച്ച് വിദ്യാഭ്യാസത്തിന്റെ കച്ചവടവല്‍ക്കരണത്തിനെതിരെ ജാഗ്രത പാലിക്കുകയും വേണം. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ വിഷയം പഠിക്കാന്‍ ഒരു സമിതിയെ നിയമിക്കുകയും അത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. സമിതിയുടെ ശുപാര്‍ശകള്‍ വിദ്യാഭ്യാസ വിദഗ്ധരുടെയും വിദ്യാഭ്യാസ മേഖലയിലെ പ്രക്ഷോഭകരുടെയും കാഴ്ചപ്പാടുമായി ഒത്തുപോകുമോയെന്ന കാര്യം കാണാനിരിക്കുന്നതേയുള്ളൂ. അതിനുശേഷമേ അത്തരമൊരു മാറ്റത്തിനുവേണ്ടിയുള്ള ഉചിതമായ രൂപരേഖ ഉരുത്തിരിഞ്ഞുവരികയുള്ളൂ. ഇല്ലെങ്കില്‍ ധാരണ വെറും സ്വപ്നം മാത്രമായി അവശേഷിക്കുകയേയുള്ളു.

എങ്കിലും പുതിയ തലമുറക്കുവേണ്ടിയുള്ള വിദ്യാഭ്യാസ വ്യവസ്ഥയില്‍ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും സര്‍വ്വകലാശാലകളില്‍ നിന്നും ലഭിക്കുന്ന കാര്യങ്ങളോടൊപ്പം എല്ലാതരം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും കുടുംബം മുതല്‍ ഉത്സവങ്ങള്‍ വരെയുള്ള പരിപാടികള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. നമ്മുടെ കുടുംബങ്ങളില്‍ മുതിര്‍ന്നവരും ഇളയവരുമായ തലമുറകള്‍ തമ്മില്‍ സൗഹാര്‍ദ്ദപരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടോ? അത്തരം ചര്‍ച്ചകള്‍ ക്രമേണ ഉത്തരവാദിത്ത ബോധവും വ്യക്തിപരവും ദേശീയവുമായ സ്വഭാവവും മൂല്യങ്ങളോടുള്ള ആദരവും ജോലി ചെയ്യാനുള്ള പ്രതിബദ്ധതയും തിന്മകളുടെ ആകര്‍ഷണത്തില്‍ നിന്ന് മുക്തമാകാനുള്ള മനസ്സും സൃഷ്ടിച്ച് ചെറുപ്പക്കാരുടെ സ്വഭാവത്തെ ശരിയായ രീതിയില്‍ രൂപപ്പെടുത്തിയെടുക്കാന്‍ സഹായിക്കുന്നുണ്ടോ? മുതിര്‍ന്നവര്‍ സ്വയംമാതൃകയായി അവര്‍ക്ക് പ്രേരണയാകുന്ന ഒരു സാഹചര്യം ഉണ്ടാകാറുണ്ടോ? നമുക്കല്ലാതെ മറ്റാര്‍ക്കാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയുക? നമ്മുടെ അനുഭവം സൂചിപ്പിക്കുന്നത് കുട്ടികള്‍ക്ക് വീടുകളില്‍വെച്ച് ശരിയായ പെരുമാറ്റവും ലക്ഷ്യബോധവും നല്ല പ്രവണതകളും വികസിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അവര്‍ക്ക് പഠനത്തില്‍ നന്നായി ശ്രദ്ധ കേന്ദ്രീരിക്കാനും കഴിവുകള്‍ ശരിയായി വിനിയോഗിക്കാനും കഴിയുകയുള്ളൂ എന്നാണ്. അത്തരം ചര്‍ച്ചകള്‍ തുടങ്ങുകയും തുടരുകയും ചെയ്യേണ്ടത് ആവശ്യമാണ്. നിരവധി സന്യാസിമാരും വ്യക്തികളും സംഘടനകളും ഈ യത്‌നത്തില്‍ വ്യാപൃതരാണ്. സംഘത്തിലും ‘കുടുംബപ്രബോധന്‍’ എന്ന പേരില്‍ സ്വയംസേവകര്‍ ഇത്തരം പ്രവര്‍ത്തനത്തില്‍ സക്രിയരാണ്. പുറത്തു നിന്ന് ആരെങ്കിലും മുന്‍കൈ എടുക്കാന്‍ കാത്തിരിക്കുന്നതിനു പകരം നമ്മുടെ കുടുംബങ്ങളില്‍ നമുക്കു തന്നെ ഈ പ്രവര്‍ത്തനം ആരംഭിക്കേണ്ടതുണ്ട്.

സാമൂഹ്യ വിദ്യാഭ്യാസവും സംസ്‌കാരവും പകര്‍ന്നുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ നിരവധി പരിപാടികളും ഉത്സവങ്ങളും പ്രചരണങ്ങളും സാമൂഹ്യതലത്തില്‍ നടന്നുവരുന്നുണ്ട്. പക്ഷെ ചില സമയങ്ങളില്‍ അന്തഃസത്ത നഷ്ടപ്പെട്ട് വെറും അര്‍ത്ഥരഹിതമായ ആചാരമായി അവ മാറാറുമുണ്ട്. മാറുന്ന കാലത്തിനാവശ്യമായ വിധത്തില്‍ അവയെ പുനഃസംവിധാനം ചെയ്യാന്‍ നാം തയ്യാറാവുകയാണെങ്കില്‍ സാമൂഹ്യ വിദ്യാഭ്യാസത്തിനുള്ള നല്ല ഉപകരണങ്ങളായി അവയെ മാറ്റാന്‍ കഴിയും. മഹാരാഷ്ട്രയില്‍ സാര്‍വ്വജനിക (പൊതു) ഗണേശോത്സവം സംഘടിപ്പിക്കുന്ന ചില സംഘങ്ങള്‍ അത്തരം ചില നല്ല പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. വര്‍ഷപ്രതിപദ ഉത്സവത്തെ സംബന്ധിച്ചും ഇത്തരം ചില നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്ട്. ഉപയോഗകരമായി നവീകരിക്കപ്പെടുന്ന പരിപാടികളെയും ഉത്സവങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടതും പിന്തുണക്കേണ്ടതും സ്വീകരിക്കേണ്ടതും ആവശ്യമാണ്. സര്‍ക്കാര്‍തലത്തിലും സര്‍ക്കാരിതരതലത്തിലും ചില പുതിയ പരിശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തകരും നമ്മുടെ സ്വയംസേവകരുമാണ് കൂടുതല്‍ കൂടുതല്‍ ആളുകളെ അതില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കേണ്ടത്. തൈനടല്‍, സ്വച്ഛ്ഭാരത അഭിയാന്‍, യോഗദിനം തുടങ്ങിയ പരിപാടികളുടെ പ്രാധാന്യം മനസ്സില്‍ സൂക്ഷിച്ചുക്കൊണ്ട് നമ്മുടെ സ്വയംസേവകരും മറ്റ് വ്യക്തികളോടൊപ്പം അത്തരം പരിപാടികളില്‍ പങ്കുചേരുകയും അതിന്റെ ഫലമായി അത്തരം പരിപാടികള്‍ക്ക് കൂടുതല്‍ പൂര്‍ണ്ണത കൈവരുത്താനും കൂടുതല്‍ കാര്യക്ഷമതയും ആകര്‍ഷണീതയതും കൊണ്ടുവരാനും കഴിഞ്ഞിട്ടുണ്ട്. ഈ പ്രവര്‍ത്തനം നാം തുടരുന്നതാണ്. സമൂഹത്തിന്റെ ആന്തരികമായ സംഘടിതരൂപമാണ് രാഷ്ട്രത്തിനും ലോകത്തിനും പൂര്‍ണ്ണതയും ഏകാത്മകതയും ശാന്തിയും പുരോഗതിയും പ്രദാനം ചെയ്യുന്നത്. ഈ സത്യത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ സ്വയംസേവക സംഘം കഴിഞ്ഞ 90 വര്‍ഷങ്ങളായി തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുവന്നതും ഇനിയും പ്രവര്‍ത്തിക്കാന്‍ പോകുന്നതും.

പരമ്പരാഗതമായി നമ്മുടെ സമൂഹം നിരവധി വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. വൈവിധ്യങ്ങളുടെ പിന്നിലുള്ള ഏകതയെ നമ്മുടെ പൂര്‍വ്വീകര്‍ എന്നും സാക്ഷാത്കരിച്ചിരുന്നു. അവരുടെ അങ്ങേയറ്റത്തെ തപസ്സാണ് ലോകത്തിനു മുഴുവന്‍ ഈ സത്യം പകര്‍ന്നു കൊടുക്കാന്‍ കഴിയുന്ന ഒരു ഉപകരണമായി നമ്മുടെ രാഷ്ട്രത്തെ സൃഷ്ടിച്ചതും, ഈ വിശിഷ്ട ദൗത്യം നിര്‍വ്വഹിക്കാനായി അതിനെ മുന്നോട്ടു നയിക്കുന്നതും. ഈ അധ്യയന പ്രക്രിയ സൃഷ്ടിയുടെ അവസാനം വരെ നടക്കണമെന്നതിനാല്‍ ഈ രാഷ്ട്രവും അതുവരെ മുന്നോട്ടുപോകേണ്ടതുണ്ട്. അതുകൊണ്ടാണ് നമ്മുടെ രാഷ്ട്രത്തെ അമരമെന്നു വിളിക്കുന്നത്. ഭൗതികാവാദത്തിലും സ്വയം സൃഷ്ടിച്ച സംഘര്‍ഷത്തിലും മുഴുകിയിരിക്കുന്ന ലോകത്തിന് ഒരിക്കല്‍കൂടി ഈ സത്യം ആവശ്യമായിവന്നിരിക്കുകയാണ്. നമ്മുടെ ഭാഗത്തുനിന്ന് ഈ ദൗത്യം നിറവേറ്റിക്കൊണ്ട് മുന്നോട്ടുപോകേണ്ടത് നമ്മുടെ നിലനില്‍പ്പിന്റെ പിന്നിലുള്ള യുക്തി തെളിയിക്കല്‍ കൂടിയാണ്.
മുഴുവന്‍ സൃഷ്ടിയുടെയും ഏകതയെന്ന സത്യത്തിന്റെ ശക്തമായ ആധാരത്തില്‍ നിലകൊള്ളുന്ന സനാതന ധര്‍മ്മത്തെയും സംസ്‌കാരത്തെയും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത് ഇന്നത്തെ കാലത്തിനനുസരിച്ച് മുഴുവന്‍ ലോകത്തിന്റെയും മുന്നില്‍ ഒരു ജീവസ്സുറ്റ ഉദാഹരണമായി നമുക്ക് അവതരിപ്പിക്കേണ്ടതുണ്ട്. സ്ഥലകാലങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് എന്നാല്‍ നമ്മുടെ സംഘടിതവും ശക്തവും ചൂണഷാധിഷ്ഠിതമല്ലാത്തതും സമത്വപൂര്‍ണ്ണവും സമ്പൂര്‍ണ്ണവും സമ്പന്നവുമായി ദേശീയ ജീവിതത്തിന്റെ ശക്തിയുടെ സഹായത്താല്‍ മാത്രമെ ഇക്കാര്യം നമുക്കു നിര്‍വ്വഹിക്കാനാകൂ. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അടിമത്തത്തിന്റെയും ആത്മവിസ്മൃതിയുടെയും തെറ്റായ സ്വാധീനത്തില്‍ നിന്നും പുറത്തുവന്ന് നമ്മുടെ പാരമ്പര്യ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ നയങ്ങള്‍ക്ക് രൂപം നല്‍കാന്‍ നമുക്കു കഴിയണം. ഇതിനുവേണ്ടി നമ്മുടെ ഹൃദയങ്ങള്‍ മഹത്തായ സനാതന മൂല്യങ്ങളും ആദര്‍ശങ്ങളും സംസ്‌കാരവും കൊണ്ട് സമ്പന്നമാവണം. ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ ജീവിതത്തിലൂടെയും പെരുമാറ്റത്തിലൂടെയും സഹസ്രാബ്ദങ്ങളായി ലോകം നേരിടുന്ന വിഷമകരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടുകൊണ്ട് ആത്മവിശ്വാസത്തോടെ നാം മുന്നോട്ടു കുതിക്കുകയാണെന്ന് ലോകത്തിനു കാണിച്ചുകൊടുക്കാന്‍ നമുക്കു കഴിയണം. മഹാനായ ആചാര്യന്‍ ഗുലാബ്‌റാവു മഹാരാജ് തന്റെ അനേകം കൃതികളിലൂടെയും ജീവിതകാലം മുഴുവന്‍ നീണ്ടുനിന്ന തപസ്സിലൂടെയും നല്‍കിയ സന്ദേശത്തിന്റെ ആകെത്തുകയും ഇതു തന്നെയാണ്.
ദൃഢനിശ്ചയത്തോടെ സര്‍ക്കാര്‍ ഈ പാതയിലൂടെ മുന്നോട്ടുപോകുകയും ഭരണസംവിധാനം സര്‍ക്കാര്‍ നയങ്ങളെ തികഞ്ഞ കാര്യക്ഷമതയോടെയും ആവേശത്തോടെയും നടപ്പാക്കുകയും അവസാനത്തെ വരിയിലെ അവസാനത്തെ ആള്‍ക്കുവരെ സന്തോഷപൂര്‍ണവും ഗുണപരവും സുരക്ഷിതവും സംതൃപ്തവുമായ ജീവിതം നയിക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുകയും വേണം. അതേസമയം ജനങ്ങളും സമരസതയോടു കൂടിയതും സംഘടിതവും ജാഗ്രതയുള്ളതുമായ ജീവിതം നയിച്ചുകൊണ്ട് സര്‍ക്കാരിനെയും ഭരണസംവിധാനത്തെയും സഹായിക്കുകയും ആവശ്യമെങ്കില്‍ കാര്യങ്ങളുടെ നിയന്ത്രണം നിര്‍വ്വഹിക്കുകയും ചെയ്യേണ്ടതും നമ്മുടെ ദേശീയ ജീവിതത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ്. ഈ മൂന്ന് ഘടകങ്ങളും ഒരുമയോടെ ഒരേ ദിശയിലേക്ക് പൂര്‍ണ്ണമായ ആസൂത്രണത്തോടെയും പരസ്പരധാരണയോടെയും നീങ്ങുകയാണെങ്കില്‍ നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യുന്നതോടൊപ്പം തിന്മകളുടെയും രാക്ഷസീയ ശക്തികളുടെയും അവരുടെ കുടില തന്ത്രങ്ങളുടെയും കാപട്യത്തിന്റെയും മേല്‍ വിജയം വരിക്കാന്‍ നമുക്ക് കഴിയുകയും ചെയ്യും.
ഈ പ്രവര്‍ത്തനം വളരെ പ്രയാസമേറിയതാണ്. എന്നാല്‍ ഇത് പൂര്‍ത്തിയാക്കുകയല്ലാതെ നമുക്കു മുന്നില്‍ മറ്റൊരു വഴിയുമില്ല. ശക്തമായ പ്രതിബദ്ധതയിലൂടെയും സമ്പൂര്‍ണ്ണമായ സമര്‍പ്പണത്തിലൂടെയും അസാധ്യമായ കാര്യവും സാധ്യമാക്കാമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ശ്രീ ഗുരു ഗോവിന്ദ സിംഹന്റെ പൈതൃകമാണ് നമ്മുടേത്. മുഴുവന്‍ ശക്തിയോടെയും ഈ ആദര്‍ശവും സമര്‍പ്പണവും പിന്തുടരാന്‍ നമുക്കു സാധിക്കണം.

രാഷ്ട്രീയ സ്വയംസേവക സംഘം സമാജത്തില്‍ ദിവ്യഗുണങ്ങള്‍ നിറച്ചും അനുകൂല അന്തരീക്ഷം സൃഷ്ടിച്ചും ജീവനുള്ള മാതൃകകള്‍ നിര്‍മ്മിച്ചും ഈയൊരു ദൗത്യമാണ് നിര്‍വ്വഹിച്ചുവരുന്നത്. നിസ്വാര്‍ത്ഥവും കളങ്കരഹിതവുമായ സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിയെയും സംഘടിപ്പിക്കുക, പാവനമായ ഈ ഹിന്ദുരാഷ്ട്രത്തെ ഐശ്വര്യത്തിന്റെ നെറുകയിലെത്തിക്കുക എന്ന ലക്ഷ്യവുമായി സമന്വയിക്കാന്‍ അവനെ പ്രാപ്തനാക്കുക, ലളിതവും സാധാരണവുമായ പരിപാടികളിലൂടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായി വളരാന്‍ സഹായകമായ ശാഖാ സാധനയിലുടെ നയിക്കുക, അത്തരം സാധകരെ അവരുടെ കാര്യക്ഷമതക്കനുസരിച്ച് ആവശ്യാനുസരണം രാഷ്ട്രജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിലേക്ക് നിയോഗിച്ച് സേവന മനോഭാവത്തോടെ ആവശ്യമായ പ്രവര്‍ത്തനത്തില്‍ വ്യാപൃതരാക്കുക- ഈയൊരു ദൗത്യമാണ് രാഷ്ട്രീയസ്വയംസേവകസംഘം ഏറ്റെടുത്തിട്ടുള്ളത്.
സമാജത്തില്‍ ഉടനെ ഉണ്ടാകേണ്ട അനിവാര്യമായ മാറ്റം ലക്ഷ്യമാക്കിയുള്ള സമരസത, ഗോ സംവര്‍ദ്ധന, കുടുംബപ്രബോധന്‍ തുടങ്ങിയവയെക്കുറിച്ച് ഞാന്‍ നേരത്തെ ലഘുവായി പരാമര്‍ശിക്കുകയുണ്ടായി. പക്ഷെ മുഴുവന്‍ സമൂഹവും ഈയൊരു ദിശയില്‍ സക്രിയമാകേണ്ടതുണ്ട്. നവരാത്രിയുടെ ഒന്‍പതു ദിവസങ്ങളില്‍ ദേവന്മാര്‍ – ആ സമയത്തെ ദിവ്യശക്തി – സംഘടിതരായി അവരുടെ ശക്തിയെല്ലാം സംയോജിപ്പിച്ച് പത്താമത്തെ ദിവസം ചണ്ഡന്‍, മുണ്ഡന്‍, മഹിഷാസുരന്‍ തുടങ്ങിയ രാക്ഷസീയ ശക്തികളുടെ തലയറുത്ത് മാനവവംശത്തെ അവരുടെ കെടുതിയില്‍ നിന്നു മുക്തമാക്കി. ഇന്ന് വിജയദശമിയാണ് – വിജയത്തിന്റെ ഉത്സവം. ഇപ്പോള്‍ നിങ്ങളോട് വിടപറയും മുമ്പ്, സംഘം ഏറ്റെടുത്ത ദേശീയ ദൗത്യത്തിന് നിങ്ങളുടെ സ്‌നേഹത്തിന്റെയും പ്രോത്സാഹനത്തിന്റേതുമായ ശീതളച്ഛായയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം കൂടുതല്‍ സഹകരണത്തിനും പങ്കാളിത്തത്തിനും വിനീതമായി അപേക്ഷിക്കുകയും ചെയ്യുന്നു.

വിജയദശമിയുടെ ഈ മംഗള മുഹൂര്‍ത്തത്തില്‍ ഈ പ്രാര്‍ത്ഥനയോടെ നിങ്ങള്‍ക്കേവര്‍ക്കും എന്റെ ശുഭാശംസകള്‍ നേരുന്നു.

അല്ലയോ ശിവ ഭഗവാനേ, ഈ അനുഗ്രഹം എനിക്കു നല്‍കിയാലും: ശുഭകാര്യങ്ങള്‍ ചെയ്യുന്നതില്‍ എനിക്ക് ഒരിക്കലും ശങ്കയുണ്ടാകാതിരിക്കട്ടെ.
ശത്രുവിനോട് യുദ്ധം ചെയ്യാന്‍ യുദ്ധക്കളത്തില്‍ പ്രവേശിക്കുമ്പോള്‍ എനിക്ക് യാതൊരു ഭയവും ഉണ്ടാകാതിരിക്കട്ടെ.
വിജയിക്കാന്‍ ഞാന്‍ നിശ്ചയദാര്‍ഢ്യമുള്ളവനായിത്തീരട്ടെ. എന്നെ സ്വയം ശിക്ഷിതനാക്കാന്‍ ഞാന്‍ എപ്പോഴും അങ്ങയെ വാഴ്ത്തുമാറാകട്ടെ.
എന്റെ അന്ത്യം അടുക്കുമ്പോള്‍ യുദ്ധക്കളത്തില്‍ പോരാടിക്കൊണ്ട് മരിക്കാന്‍ എനിക്ക് കഴിയുമാറാകട്ടെ.
ഭാരത മാതാ കീ ജയ്!

സ്വന്തം കുടുംബത്തിനു അധികാരം വീതിച്ചു നല്‍കുകയും മറ്റ് കുടുംബങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സി.പി.എം : പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍

Deadly cocktail combination of Marxist-Jehadi nexus behind murder of Ramith: writes J Nandakumar

Related posts