3:19 pm - Sunday February 23, 4612

ശാസ്ത്രശാഖകളുടെ സംയോജനമാണ് ഇന്നത്തെ ആവശ്യം: ഡോ. കലാം

നാഗ്പൂര്‍: പൈതൃക- നവീന ശാസ്ത്രങ്ങള്‍ പ്രകൃതി- ആത്മീയ ശാസ്ത്രങ്ങളുമായി സംയോജിപ്പിക്കപ്പെടേണ്ടതാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം അഭിപ്രായപ്പെട്ടു. ഈ രംഗത്ത് വിജ്ഞാന്‍ ഭാരതി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രത്തെ ‘ഗ്ലോക്കല്‍’ (പ്രാദേശിക-ആഗോള) ആക്കുമെന്ന് അഭിപ്രായപ്പെട്ട ഡോ.കലാം ഇതുവഴി ജനങ്ങള്‍ക്കാവശ്യമായ സാങ്കേതിക വിദ്യകള്‍ ആഗോള ശാസ്ത്രീയ നേട്ടങ്ങള്‍ക്കുപയുക്തമാകുകയും ചെയ്യുമെന്ന് വിശദീകരിച്ചു

രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് രാജ്യമെമ്പാടും ശാസ്ത്ര പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിജ്ഞാന്‍ ഭാരതിയുടെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. വിജ്ഞാന്‍ ഭാരതി സംഘടിപ്പിച്ച ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ ത്രൂ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്ന വിഷയത്തിലുള്ള സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഡോ. കലാം.

നമുക്ക് ഒട്ടേറെ ശാസ്ത്രീയ പദ്ധതികള്‍ക്ക് വിദേശങ്ങള്‍ സാങ്കേതിക, ഉപകരണ സഹായം നിഷേധിച്ചിട്ടുണ്ട്. ഈ തടസം തരണം ചെയ്യാന്‍ നമ്മള്‍ നാല് ഐ കളുടെ തത്വങ്ങള്‍ ആര്‍ജ്ജിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മെച്ചപ്പെടല്‍ (ഇംപ്രൊവൈസ്), പുതുകണ്ടെത്തല്‍ (ഇനവേറ്റീവ്), പുതുസൃഷ്ടി (ഇന്‍വെന്‍ഷന്‍), സ്വദേശീയത (ഇന്‍ഡിജീനസ്) എന്നിവയാണ് നാല് ഐ കള്‍ എന്ന് അദ്ദേഹം വിവരിച്ചു.

ഭാരതം 1960-ല്‍ ഹോവര്‍ ക്രാഫ്റ്റ് വികസിപ്പിച്ചപ്പോള്‍ നാം ആ രംഗത്ത് രണ്ടാമത്തെ രാജ്യമായി വാഴ്ത്തപ്പെട്ടു. ഇസ്രോ എസ്എല്‍വി-3 വിക്ഷേപിച്ചപ്പോഴും പിന്നീട് പിഎസ്എല്‍വി വിക്ഷേപിച്ചപ്പോഴും ഇതുതന്നെ പറഞ്ഞു. പ്രതിരോധ ഗവേഷണ കേന്ദ്രം അഗ്‌നി-5 വിക്ഷപിച്ചപ്പോഴും നമ്മള്‍ നാലാമതായിരുന്നു.

1998-ല്‍ ഭാരതം അണുവിസ്‌ഫോടനം നടത്തിയപ്പോള്‍ ആണവോര്‍ജ്ജം വികസിപ്പിക്കുന്ന അഞ്ചാമതു രാജ്യമെന്നാണ് ഭാരതത്തെ വിശേഷിപ്പിച്ചത്. രണ്ടു പതിറ്റാണ്ടു മുമ്പ് ഭാരതം സൂപ്പര്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചപ്പോള്‍ ആരംഗത്തു നാം മൂന്നാമതാണെന്നു പറഞ്ഞു. ഞാനിതെല്ലാം പറഞ്ഞത് ഭാരതം ഇന്ന് ‘അഞ്ചാമതു രാജ്യം എന്ന രോഗാവസ്ഥ’യിലൂടെയാണ് കടന്നുപോകുന്നതെന്നു പറയാനാണ്. ഈ രോഗത്തെ മറികടക്കണമെങ്കില്‍ ഗവേഷണ രംഗത്തുള്ള സര്‍ഗ്ഗമനസ്‌കരായ യുവജനങ്ങളുടെ വമ്പിച്ച പരിശ്രമം വേണം. ‘എനിക്കു സാധിക്കു’മെന്ന വിശ്വാസം അവരില്‍ അങ്കുരിപ്പിക്കണം. നവസൃഷ്ടിയിലൂടെ, സര്‍ഗ്ഗ വൈഭവത്തിലൂടെ, സാംസ്‌കാരിക ശ്രേഷ്ഠതയിലൂടെ അതു സാധിക്കുമെന്ന് അവര്‍ തെളിയിക്കണം.

നിങ്ങള്‍ ശ്രേഷ്ഠ സാംസ്‌കാരികതയുള്ള സംഘടനയില്‍ പെട്ടവരാണ്. ശ്രേഷ്ഠത ആകസ്മികമായി സംഭവിക്കുന്നതല്ല. വ്യക്തിയും സംഘടനകളും രാഷ്ട്രവും നിരന്തരം നടത്തുന്ന ശ്രമത്തിലൂടെയേ അതുണ്ടാകൂ. ലക്ഷ്യവും സങ്കല്‍പ്പവും പ്രയത്‌നവും അതിന്റെ സാധ്യമാക്കലുമാണ് അതിനു വേണ്ടത്. ഇതിന് അവരവരോടുതന്നെയാണ് മത്സരിക്കേണ്ടത്, കലാം പറഞ്ഞു.

ബയോ-നാനോ-ഇന്‍ഫോ ടെക്‌നോളജികളുടെ സങ്കലനം നാനോ റോബോട്ടുകളുടെ വികസനത്തിനു വഴി തുറക്കുമെന്നു പറഞ്ഞ അദ്ദേഹം ചികിത്സാ രംഗത്തെ വന്‍ വിപ്ലവമായിരിക്കുമെന്നും വിശദീകരിച്ചു. എന്നാല്‍ ഇതിനപ്പുറം ബയോ-നാനോ-ഇന്‍ഫോ-ഇക്കോ സങ്കലനമാണ് താന്‍ സങ്കല്‍പ്പിക്കുന്നതെന്നും 2020-ല്‍ ഭാരതത്തില്‍ അതിന്റെ പ്രയോഗം സാധ്യമാകുമെന്നു കരുതുന്നുവെന്നും ഡോ. കലാം പറഞ്ഞു.

ഭാരതം തന്റെ സങ്കല്‍പ്പത്തില്‍ 2020-ല്‍ ഇങ്ങനെയായിരിക്കുമെന്ന് അേേദ്ദഹം വിവരിച്ചു- നഗരവും ഗ്രാമവും തമ്മില്‍ അന്തരം കുറഞ്ഞ രാഷ്ട്രം. ഊര്‍ജ്ജവും ശുദ്ധജലവും തുല്യമായി വിതരണം ചെയ്യുന്ന രാഷ്ട്രം. കൃഷി-വ്യവസായ-സേവന മേഖലകള്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രം. സാമ്പത്തിക-സാമൂഹിക വേര്‍തിരിവുകള്‍ക്കതീതമായി ഏവര്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്ന സംവിധാനമുള്ള രാഷ്ട്രം. മികച്ച പണ്ഡിതരും ശാസ്ത്രജ്ഞരും കണ്ടുപിടുത്തക്കാരുമുള്ള രാഷ്ട്രം. ഏവര്‍ക്കും ആരോഗ്യപരിരക്ഷയുള്ള രാഷ്ട്രം. സുതാര്യവും ഉത്തരവാദിത്തവും അഴിമതിയുമില്ലാത്ത രാഷ്ട്രം. സമ്പൂര്‍ണ്ണമായി ദാരിദ്ര്യം മാറിയ, നിരക്ഷരതയില്ലാത്ത, സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ ഇല്ലാത്ത രാഷ്ട്രം. ഭീകരപ്രവര്‍ത്തനങ്ങളില്ലാത്ത, വളര്‍ച്ചാ ശേഷി നിലനിര്‍ത്തുന്ന രാഷ്ട്രം. ജീവിക്കാന്‍ ഏറ്റവും മികച്ച, അതിന്റെ നേതൃത്വത്തിലുള്ളവരില്‍ അഭിമാനിക്കുന്ന രാഷ്ട്രം.

ഇതു നേടാന്‍ കൃഷിയിലും ഭക്ഷ്യ സംസ്‌കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ആരോഗ്യത്തിലും വിദ്യാഭ്യാസത്തിനും ശ്രദ്ധിക്കണം. വിവര, ആശയവിനിമയ സാങ്കേതിക വിദ്യക്ക് പ്രാമുഖ്യം കൊടുക്കണം. രാജ്യമെമ്പാടും ഗുണമുള്ള, ആശ്രയിക്കാവുന്ന വൈദ്യുതോര്‍ജ്ജം, ഉപരിതല ഗതാഗതം, അടിസ്ഥാന സൗകര്യം എന്നിവ ലഭ്യമാക്കണം. സ്വാശ്രയത്വമുള്ള നിര്‍ണ്ണായകമായ സാങ്കേതിക വിദ്യയാര്‍ജ്ജിക്കണം. ഇതെല്ലാം തമ്മില്‍ ബന്ധിതമാണ്, ഡോ. കലാം പറഞ്ഞു.

 

News Feed
Filed in

മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്‍ കെ. പെരച്ചന്‍ അന്തരിച്ചു

Introduce Gita, Mahabharata in class 1: SC judge

Related posts