3:21 pm - Thursday March 19, 1418

കമലനേത്രനെ കണികണ്ടുണരുമ്പോള്‍…

ഇന്ന് വിഷു. മനസ്സിലും മണ്ണിലും സമൃദ്ധിയുടെ കണിക്കൊന്നകള്‍ വിരിഞ്ഞുനില്‍ക്കുന്ന നിര്‍വൃതിദായക ദിവസം. പ്രകൃതി മുഴുവന്‍ ഉര്‍വരതയുടെ ഉദാത്തഭാവങ്ങളാല്‍ മനുഷ്യനെ പരിരംഭണം ചെയ്യുന്ന ദിനം. കാര്‍ഷിക സമൃദ്ധിയുടെ ഒളിമങ്ങാത്ത ഓര്‍മ്മകളില്‍ ഊയലാടുന്ന ദിനം. നന്മയും വിശുദ്ധിയും നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ ഒരു ഉദാഹരണം കൂടിയാകുന്നു വിഷു ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍. എല്ലാവരും ഒരേവികാരത്തോടെ മുന്നോട്ടുപോകുമ്പോള്‍ സംഭവിക്കുന്ന ഗുണപരമായ മാറ്റം അനുഭവവേദ്യമാകുന്ന അവസരങ്ങളാണ് ഉത്സവങ്ങള്‍. അതുകൊണ്ടു തന്നെ ഓരോ ഉത്സവത്തിനുവേണ്ടിയും ഹൃദയങ്ങള്‍ പ്രതീക്ഷാഭരിതമായി കാത്തിരിക്കുകയാണ്. അതിന്റെ തനിമയിലും ഗരിമയിലും ആണ്ടിറങ്ങുമ്പോള്‍ കൈവരുന്ന അനുഭൂതി തന്നെയാണ് ഓരോ ഉത്സവത്തിന്റെയും സ്വത്വം. വിഷുവിന്റെ വരവോടെ എവിടെയും ആഹ്ലാദത്തിന്റെ തിരയടികേള്‍ക്കാം. അതിന്റെ അവാച്യമായ അനൂഭൂതിയില്‍ വിലയം പ്രാപിക്കുമ്പോള്‍ മനുഷ്യത്വത്തിന്റെ അസുലഭസുന്ദരമായ സംഗീതമാണ് നമുക്കുകേള്‍ക്കാനാവുന്നത്. എല്ലാവരും ഒരേമനസ്സോടെ ആഘോഷിക്കുന്ന അവസരത്തില്‍ കൈവരുന്ന വികാരം തന്നെയാണ് നമ്മെയൊക്കെ മുന്നോട്ടു നയിക്കുന്നത്. ഇന്ന് ഇത്തരം ഉത്സവങ്ങള്‍ അതിന്റെ തനിമയോടെയും ഗരിമയോടെയും ആഘോഷിക്കുന്നുണ്ടോ എന്നത് സംശയമാണ്. ഏത് യന്ത്രങ്ങളുടെ ലോകത്തായാലും ഏത് അVishu_kani_(1)ന്തരീക്ഷത്തിലായാലും മനസ്സില്‍ ഗ്രാമത്തിന്റെ വിശുദ്ധിയും നന്മയും ഇത്തിരി കൊന്നപ്പൂവും വേണമെന്ന കവിവചനത്തില്‍ തന്നെയുണ്ട് വിഷുവിന്റെ ലാളിത്യം. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധമാണെന്നതിന്റെ ഉദാത്തമായ ഉദാഹരണമായാണ് കവി ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ന് കേവലം ഒരാഘോഷത്തിനപ്പുറം വിഷു ഉള്‍പ്പെടെയുള്ള ഉത്സവങ്ങളെ നാം പരിഗണിക്കുന്നുണ്ടോ എന്നത് സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരവും അതിന്റെ ഉപോല്‍പ്പന്നമായ സംഘര്‍ഷവും വ്യാപിക്കുന്നു. തൊട്ടയല്‍ക്കാരന്‍ ഒരു നേരത്തെ ആഹാരത്തിനും ഇത്തിരി മരുന്നിനും വേണ്ടി യാചിക്കുമ്പോള്‍ അതിന്റെ നേരെ ഉളളു തുറന്ന് ഒന്ന് നോക്കാന്‍പോലും സാധിക്കാത്ത സാമൂഹികാവസ്ഥ സംജാതമായിരിക്കുന്നു. എനിക്ക്, എന്റേത് എന്നൊക്കെയുള്ള താല്‍പ്പര്യങ്ങളുടെ ഇടുങ്ങിയ വഴികളായിരിക്കുന്നു ഓരോരുത്തരുടെയും മനസ്സ്. മലിനീകരണം അന്തരീക്ഷത്തില്‍ മാത്രമല്ല മനസ്സുകളിലും ജീര്‍ണതയുണ്ടാക്കുന്നു. ചുറ്റുപാടും ചെറുതായൊന്നു നിരീക്ഷിച്ചാല്‍ തന്നെ ഇതൊക്കെ വ്യക്തമായി മനസ്സിലാക്കാം. തത്വശാസ്ത്രങ്ങളും ആചാര്യവചനങ്ങളും എത്രയെത്രയുണ്ടായാലും, കേട്ടുകൊണ്ടിരുന്നാലും ദീനരോടും പീഡിതരോടും ദയാപുരസ്സരം പെരുമാറാന്‍ എന്തുകൊണ്ടോ കഴിയാതെ വരുന്നു. അതൊന്നും അന്വേഷിക്കേണ്ട കാര്യം തനിക്കില്ല എന്ന കാഴ്ചപ്പാടിന് സംഗതിവശാല്‍ ശക്തികൂടി വരികയാണ്. ആഘോഷത്തിന്റെ പേരില്‍ എത്ര പണം ചെലവഴിക്കാനും തയാറാവുന്നവര്‍ നിത്യദാരിദ്ര്യത്തിന്റെ തീക്കാറ്റേറ്റ് പൊള്ളുന്നവരെ ആശ്വസിപ്പിക്കാന്‍ ഒരുതുള്ളി വെള്ളം നല്‍കുന്നില്ല. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ഒരാശ്രമാചാര്യന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയും അല്ലാതെയും ഒരു നിര്‍ദ്ദേശം വെക്കുകയുണ്ടായി. ”നിങ്ങള്‍ വിഷുവിന് പടക്കവും മത്താപ്പൂവും മറ്റും വാങ്ങി പണം വൃഥാ ചെലവഴിക്കരുത്. ആ പണം ദരിദ്രവിഭാഗങ്ങള്‍ക്ക് ഭക്ഷണത്തിനായി ചെലവഴിക്കൂ” എന്നതായിരുന്നു അത്. വന്‍ സ്വീകാര്യതയാണ് അതിന് ലഭിച്ചത്. ആഘോഷങ്ങള്‍ക്കായി എത്ര പണം ചെലവഴിക്കാനും തയാറായി ഒരു വിഭാഗം നില്‍ക്കുന്നുണ്ട്. അടിച്ചുപൊളിച്ച് ആഘോഷിക്കുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം. എന്നാല്‍ അവര്‍ക്ക് ദിശാബോധം നല്‍കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാവുന്നില്ല. അങ്ങനെ വന്നാല്‍ നിശ്ചയമായും മാറ്റമുണ്ടാവും. വെറുതെ പണം ചെലവഴിക്കാനുള്ള അവസരമാണ് ആഘോഷങ്ങള്‍ എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന സമൂഹമാണ് ഭൂരിഭാഗവും. മദ്യം ഉള്‍പ്പെടെയുള്ളവയുടെ ഉപഭോഗം ഉത്സവവേളകളില്‍ എത്രകണ്ട് വര്‍ദ്ധിക്കുന്നു എന്ന് പരിശോധിച്ചാല്‍ മാത്രം മതി ഇത് വ്യക്തമാവും. ആ സങ്കല്‍പ്പം മാറണം. നന്മയിലേക്കുള്ള ചുവടുവെപ്പിന് ആക്കം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണം. വിഷു ഉള്‍പ്പെടെയുള്ള ഉത്സവങ്ങളെ സാമൂഹികമാറ്റത്തിനുള്ള അവസരമാക്കി മാറ്റാന്‍ കഴിയണം. കോഴിക്കോട്ടെ കാശ്യപാശ്രമ ആചാര്യന്റെ ആഹ്വാനം പ്രസക്തമാവുന്നതും ഇവിടെയാണ്. സമ്പല്‍സമൃദ്ധവും സ്‌നേഹപൂര്‍ണവുമായ ഒരു ലോകത്തിന്റെ നിര്‍മ്മിതിക്കായി പരിശ്രമിക്കുമ്പോള്‍ ഉത്സവങ്ങള്‍ ഒരു നിമിത്തമാവുകയാണ്. അത് പ്രവൃത്തിപഥത്തിലെത്തിക്കാന്‍ സകലര്‍ക്കും കഴിയുമാറാകണമെന്നാണ് പ്രാര്‍ത്ഥന. അങ്ങനെ വരുമ്പോഴാണ് ഉത്സവങ്ങള്‍ക്ക് മാനുഷിക മുഖം കൈവരുന്നത്.

 

ഏവര്‍ക്കും ഹൃദ്യമായ വിഷു ആശംസകള്‍ !

News Feed
Filed in

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ ആദ്യഘട്ടമായ ഗോശാല നാടിനു സമര്‍പ്പിച്ചു

Al-Qaeda man whose poem studied in Kerala dies in US attack in Yemen

Related posts