10:27 pm - Tuesday October 17, 2017

ആറന്മുള പൈതൃക സംരക്ഷണത്തിന് സത്വരനടപടി : ശ്രീപദ് നായിക്ക്

പത്തനംതിട്ട: ആറന്മുളയുടെ പൈതൃകവും സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കാന്‍ സത്വരനടപടികള്‍ കൈക്കൊള്ളുമെന്ന് കേന്ദ്ര സാംസ്‌ക്കാരിക-വിനോദ സഞ്ചാര മന്ത്രി ശ്രീപദ് യശോ നായിക്ക് വ്യക്തമാക്കി. വള്ളിക്കാവ് മാതാ അമൃതാനന്ദമയീ മഠത്തില്‍ ശ്രീകൃഷ്ണാഷ്ടമി പുരസ്‌ക്കാരദാന ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നല്‍കിയ നിവേദനത്തിനു മറുപടിയായിട്ടാണ് ഈ ഉറപ്പു നല്‍കിയത്.

ആറന്മുളയുടെ നഷ്ടപ്പെട്ട സൗഭാഗ്യങ്ങളും സംസ്‌കൃതിയും വീണ്ടെടുക്കാനും പൗരാണിക ശേഷിപ്പുകള്‍ സംരക്ഷിക്കുന്നതിനും ഒരു ബൃഹദ് പദ്ധതിയ്ക്ക് രൂപം നല്‍കണമെന്ന് നിവേദനത്തില്‍ പൈതൃക ഗ്രാമ കര്‍മ്മസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രകൃതി രമണീയമായ ആറന്മുളയ്ക്ക് വിശ്വവിഖ്യാതമായ പൈതൃക സമ്പത്തും ചരിത്ര പശ്ചാത്തലവുമുണ്ട്. കാവും വയലും കുന്നും പുഴയും നീര്‍ത്തടവും പച്ചപ്പും പകര്‍ന്ന് നല്‍കുന്ന മനോഹാരിത ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പുണ്യനദിയായ പമ്പ അനുദിനം നശിച്ചുകൊണ്ടിരിക്കുന്നു. കാര്‍ഷിക സംസ്‌കൃതിയുടെ ഈറ്റില്ലവും ഇതിഹാസ നാഗരികതയുടെ കളിത്തൊട്ടിലുമായ പമ്പാതീരവും ആറന്മുള ഗ്രാമവും ഒരു വലിയ കാലഘട്ടത്തിന്റെ ഈടുവെയ്പുകളാണ്. പള്ളിയോടങ്ങളും ആറന്മുള കണ്ണാടിയും നാടിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന തച്ചു ശാസ്ത്രത്തിന്റെയും കരകൗശല-ലോഹശാസ്ത്രത്തിന്റെയും വിസ്മയങ്ങളാണ്. പുത്തന്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കി പ്രകൃതിയെ നശിപ്പിക്കുവാനും ആറന്മുളയുടെ പൈതൃകത്തെ ഇല്ലായ്മ ചെയ്യുവാനും നടക്കുന്ന നീക്കങ്ങളെ തടയുന്നതിന് അതിശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ആറന്മുളയെ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച് രാഷ്ട്രത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കണമെന്നും ദേശീയോദ്ഗ്രഥനത്തിന്റെ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനബിന്ദുവായിത്തീര്‍ന്നിട്ടുള്ള ആറന്മുളയ്ക്ക് പ്രത്യേക പാക്കേജും കര്‍മ്മപദ്ധതിയും തയ്യാറാക്കണമെന്നും പൈതൃകഗ്രാമ കര്‍മ്മസമിതി നേതൃസംഘം ആവശ്യപ്പെട്ടു.

നിവേദക സംഘത്തില്‍ ആറന്മുള പൈതൃക ഗ്രാമകര്‍മ്മ സമിതി പ്രസിഡന്റ് പി. ഇന്ദുചൂഡന്‍, വര്‍ക്കിംഗ് പ്രസിഡന്റ് കെ. ഹരിദാസ്, ജനറല്‍ കണ്‍വീനര്‍ പി. ആര്‍. ഷാജി എന്നിവരും ഉണ്ടായിരുന്നു.

News Feed
Filed in

എന്‍ഐഎ വരട്ടെ, എല്ലാം അന്വേഷിക്കട്ടെ

കെ. മനോജ്‌ വധക്കേസ്‌ സി.ബി.ഐക്ക്‌

Related posts