കൊച്ചി: വലിയ വിജ്ഞാന സമ്പത്തുണ്ടായിരുന്നെങ്കിലും ലാളിത്യം എപ്പോഴും കാത്ത് സൂക്ഷിച്ച വ്യക്തിയായിരുന്നു ആര്. ഹരിയെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. എല്ലായ്പോഴും പ്രചോദനം നല്‍കിയിരുന്ന ഋഷി തുല്യനായിരുന്നു അദ്ദേഹം. എളമക്കര ഭാസ്കരീയം കണ്വന്ഷന് സെന്ററില്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും സൈദ്ധാന്തികനും എഴുത്തുകാരനുമായ ആര്. ഹരി അനുസ്മരണ സമ്മേളനത്തില്‍ ‘പൗരധര്‍മ്മവും രാഷ്ട്ര വൈഭവവും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ധാര്‍മ്മിക പാതയില്‍ ചരിക്കുന്ന ജനങ്ങളിലൂടെ മാത്രമെ സമാജത്തില്‍ പരിവര്‍ത്തനം സാധിക്കുകയുള്ളു. ഭാരതമാതാവ് എന്ന തത്വം മനസ്സിലാക്കുമ്പോഴേ നമുക്ക് ജന്മഭൂമിയോടുള്ള കര്‍മത്തെ അറിയാനാവൂ എന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ കരിക്കുലത്തില്‍ പഠിപ്പിച്ചിരുന്നതൊക്കെ മുഗള്‍ രാജാക്കന്മാരെ കുറിച്ചായിരുന്നു. അതുകൊണ്ട് തന്നെ നല്ല ഭരണത്തെ കുറിച്ചോ രാഷ്ട്രത്തെക്കുറിച്ചോ അറിവ് ലഭിക്കുന്നത് കുറവായിരുന്നു. സംഘം രാഷ്ട്രത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ജനങ്ങള്‍ സ്വയം സമര്‍പ്പിക്കുമ്പോഴാണ് രാഷ്ട്രത്തില്‍ മാറ്റമുണ്ടാവുന്നത്.
വിവിധ ആശയങ്ങള്‍ക്ക് അധികാരങ്ങള്‍ ലഭിക്കുമ്പോള്‍ അത് എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകളും യൂറോപ്യന്മാരുമെല്ലാം എത്ര ക്രൂരമായാണ് അധികാരം പ്രയോഗിച്ചത്. നമ്മുടെ കടമകളെ കുറിച്ച്, ധര്‍മ്മത്തെക്കുറിച്ച് ബോധവാന്മാരാവുക എന്നത് പ്രധാനമാണ്. അപ്പോഴേ നമുക്കത് അനുവര്‍ത്തിക്കാന്‍ കഴിയൂ. നമ്മുടെ ശരീരം പഞ്ചതത്വങ്ങള്‍ അടങ്ങിയതാണ്. അത് ബാലന്‍സ് ചെയ്യുമ്പോഴാണ് ആറാമത്തെ തത്വം ഈശ്വരീയ തത്വം ഉണ്ടാവുന്നതും ജീവന് നിലനിര്‍ത്തപ്പെടുന്നതും. എപ്പോഴാണോ ഇതിൻ്റെ സന്തുലനം നഷ്ടപ്പെടുന്നത് അപ്പോള്‍ മരണവും സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തകരുടെ അടുത്തേക്ക് ചെല്ലുക ഹരിയേട്ടന്റെ പ്രത്യേകതയായിരുന്നുവെന്ന് ചടങ്ങില്‍ അനുസ്മരണഭാഷണം നടത്തിയ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്. ശശിധരന് പറഞ്ഞു. രാഷ്ട്രമാണ് നമ്മുടെ ആരാധ്യദേവത എന്നാണ് അദ്ദേഹം പഠിപ്പിച്ചത്. സംഘടനാ ശാസ്ത്രം സ്വയംസേവകരിലേക്ക് പകരുകയായിരുന്നു അദ്ദേഹം. സംഘം സൃഷ്ടിയാണ് നടത്തുന്നത്, നിര്മിതിയല്ലായെന്ന കാഴ്ച്ചപ്പാടായിരുന്നു അദ്ദേഹത്തിനെന്നും ശശിധരന് പറഞ്ഞു.
കൊച്ചി മഹാനഗര്‍ സംഘചാലക് അഡ്വ. പി. വിജയകുമാര്‍ അധ്യക്ഷനായി. വിശ്വസംവാദകേന്ദ്രം അധ്യക്ഷന്‍ എം. രാജശേഖരപ്പണിക്കര്‍, ഷൈജു ശങ്കരന് എന്നിവര്‍ സംസാരിച്ചു. ആര്. ഹരിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്.













Discussion about this post