കൊല്ലം: സംഘം രൂപീകരിക്കപ്പെട്ടതും വളർന്നതും സുവ്യക്തമായ ആശയ അടിത്തറയിലാണെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർപ്രമുഖ് സുനിൽ ആംബേക്കർ. സ്വയംസേവകരുടെ കഠിനാധ്വാനവും സമൂഹത്തിൻ്റെ സജീവ പിന്തുണയുമാണ് നൂറ് വർഷത്തെ യാത്രയെ കരുത്തുള്ളതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘ ശതാബ്ദിയുടെ ഭാഗമായി കൊല്ലം ചിന്നക്കട നാണി ഹോട്ടലിൽ സംഘടിപ്പിച്ച പ്രബുദ്ധ പൗരസംഗമത്തിൽ സംഘത്തിൻ്റെ വൈചാരിക അടിത്തറ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധിനിവേശവൽക്കരിക്കപ്പെട്ട സമൂഹത്തെ ഭാരതീയ ചിന്തയ്ക്ക് അനുസൃതമായി ഉയർത്തുകയാണ് സംഘം ചെയ്തത്. സാഹചര്യങ്ങൾക്കനുസരിച്ചല്ല, അവനവൻ്റെ വിചാരധാരയ്ക്ക് അനുസൃതമായാണ് സ്വയംസേവകൻ പ്രവർത്തനത്തെ കരുപ്പിടിപ്പിച്ചത്. കാലം ആ പ്രവർത്തനത്തെ ശരി വയ്ക്കുന്നു. ബ്രിട്ടീഷ് അധികൃതരുടെ വിലക്കുകളെ മറി കടന്ന് സംഘസ്ഥാപകൻ ഡോക്ടർജി വന്ദേമാതരം ചൊല്ലിയ അതേ വിദ്യാലയം ഇന്ന് വന്ദേമാതരം ആഘോഷിക്കുന്നത് കാലത്തിൻ്റെ നീതിയാണെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ സ്വന്തം കാഴ്ചപ്പാടിലൂടെ ഈ രാഷ്ട്രത്തിൻ്റെ ധർമ്മത്തെയും സംസ്കൃതിയെയും ജീവിതത്തെയും ആവിഷ്കരിക്കുകയാണ് വേണ്ടതെന്ന് സംഘസ്ഥാപകന് ഉറച്ച ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഭാരതത്തിൻ്റെ തനിമ ഹിന്ദുത്വമാണെന്നും ഇത് ഹിന്ദുരാഷ്ട്രമാണെന്നും അദ്ദേഹം സംശയ ലേശമില്ലാതെ പ്രഖ്യാപിച്ചത്.
ഹിന്ദുത്വം എന്നത് നമ്മുടെ സമൂഹത്തെയാകെ കോർത്തിണക്കുന്ന സത്തയാണ്. അതാണ് നമ്മുടെ പരസ്പര ബന്ധത്തെ ബലപ്പെടുത്തുന്നത്. ഹിന്ദു ജീവിത മൂല്യങ്ങൾ പിൻതുടരുന്നവരെല്ലാം ഹിന്ദുക്കളാണ്. അത് മതമല്ല, ജീവിത രീതിയാണ്, സംസ്കാരമാണ്. ഹിന്ദുധർമ്മം അനേകം മതങ്ങളെ ഉൾക്കൊള്ളുന്നതാണ്. ധർമ്മം എന്നത് ഈ മതങ്ങളെയെല്ലാം ശരിയായ പാതയിൽ നയിക്കുന്ന ചിട്ടകളാണ്. ഹിന്ദുരാഷ്ട്രവും ഹിന്ദുധർമ്മവും എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്. ഭിന്നതയിലേക്ക് നയിക്കുന്ന ഒന്നും ഹിന്ദുത്വത്തിലില്ല. ദേശീയ ഏകതയുടെയും രാഷ്ട്ര ഭക്തിയുടെയും വിഷയത്തിൽ സംഘം വിട്ടുവീഴ്ച ചെയ്യില്ല. ഡോക്ടർജി സമാജത്തിൽ ഒരു സംഘടന എന്ന നിലയിലല്ല സമാജത്തിൻ്റെയാകെ സംഘടന എന്ന നിലയിലാണ് സംഘത്തെ വിഭാവനം ചെയ്തത്. സംഘം ഒരു മതത്തിനും എതിരല്ല. ആർക്കും സംഘത്തിലേക്ക് കടന്നുവരാം. ഭേദമില്ലാതെ എല്ലാവരിലേക്കും സംഘാശയം എത്തണം എന്നത് ഈ കാലത്തിൻ്റെ ആവശ്യമാണ്, സുനിൽ ആംബേക്കർ പറഞ്ഞു.
പഞ്ചപരിവർത്തനം എന്ന വിഷയത്തിൽ ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദർശനൻ സംസാരിച്ചു. ഡോ. ആർ.കെ. ഭൂദേശ് അദ്ധ്യക്ഷത വഹിച്ചു. കൊല്ലം മഹാനഗർ സഹ സംഘചാലക് ഡോ. ജി. മോഹൻ, എസ്. ആർ. സജീവ്, എസ് രഞ്ജൻ എന്നിവരും പങ്കെടുത്തു.

ഭാരതീയ യുവാക്കൾ വിവേകമുള്ളവർ
സാങ്കേതികവിദ്യയുടെ സ്വാധീനത്തെ നിയന്ത്രിക്കാനാവും വിധം നമ്മുടെ യുവാക്കൾ കരുത്തും കാഴ്ചപ്പാടുമുള്ളവരാണെന്ന് ചോദ്യത്തിന് മറുപടിയായി സുനിൽ ആംബേക്കർ പറഞ്ഞു. നമ്മുടേത് ജനാധിപത്യമാണ്. സോഷ്യൽ മീഡിയ ആർക്കും ഉപയോഗിക്കാം. ഇഷ്ടവും അനിഷ്ടവും പ്രകടിപ്പിക്കാം. നമ്മുടെ രാഷ്ട്രത്തിന് വിവേകമുണ്ട്. നമ്മുടെ യുവാക്കളും കൗമാരക്കാരും വിവേകമുള്ളവരാണ്. ഭരണഘടനാ മൂല്യങ്ങളോട് പ്രതിബദ്ധതയുള്ളവരാണ് നമ്മുടെ യുവാക്കൾ. ബംഗാളിൽ 93 ശതമാനം പേർ വോട്ട് ചെയ്തത് അതിൻ്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യയുടെ യുഗമാണിത്. മാറ്റങ്ങൾ ഉണ്ടാകും. എന്നാൽ സാങ്കേതികവിദ്യയെ നമ്മുടെ സംസ്കൃതിക്ക് അനുസരിച്ച് രൂപപ്പെടുത്താൻ കഴിയണം. സമൂഹമാധ്യമങ്ങൾ നമ്മളെ നിയന്ത്രിക്കുകയല്ല, നമ്മൾ അവയെ നിയന്ത്രിക്കുകയാണ് വേണ്ടത്, അദ്ദേഹം പറഞ്ഞു.














Discussion about this post