അയോദ്ധ്യ: ബാലകരാമനെ കാണാന്‍ അയോദ്ധ്യയിലേക്ക് രാമഭക്തരുടെ അണമുറിയാത്ത പ്രവാഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന രാമഭക്തരാല്‍ ഓരോ ദിവസവും നിറയുകയാണ് അയോദ്ധ്യ. എല്ലാവര്‍ക്കും ഒരു നിമിഷമൊന്ന് ബാലകരാമന്റെ കോമളരൂപം ദര്‍ശിക്കണം. എത്രവേണമെങ്കിലും കാത്തിരിക്കാന്‍ അവര്‍ തയാറാണ്. രാവിലെ ക്ഷേത്ര നടതുറന്ന് രാത്രി അടയ്‌ക്കുന്നതുവരെ ആ പ്രവാഹം തുടരുകയാണ്. ചെറിയ അരുവികള്‍ ചേര്‍ന്ന് പുഴയായി സമുദ്രത്തില്‍ ചേരുന്ന പോലെ അയോദ്ധ്യയൊരു കടലായി മാറുകയാണ്, രാമഭക്തരുടെ കടല്‍, രാമമന്ത്രമല്ലാതെ മറ്റൊന്നും അവിടെ കേള്‍ക്കാനില്ല.
ഉത്തര്‍പ്രദേശിന്റെയും സമീപസംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളില്‍ നിന്ന് വലുതും ചെറുതുമായ വാഹനങ്ങളിലാണ് ശൈത്യം പോലും വകവെക്കാതെ ജനം ഒഴുകിയെത്തുന്നത്. ചിലരാണെങ്കില്‍ കിലോമീറ്ററുകള്‍ നടന്നും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രത്യേക ആസ്ത ട്രെയിനുകളും അയോദ്ധ്യയിലേക്ക് ദിനം പ്രതി എത്തുന്നു. കേരളത്തില്‍ നിന്നുള്ള ആദ്യ ആസ്ത ട്രെയിന്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അയോദ്ധ്യയിലെത്തിയത്.
വരുന്ന ഭക്തര്‍ക്കെല്ലാം എത്രയും വേഗത്തില്‍ ദര്‍ശനം നടത്താനുള്ള സൗകര്യമാണ് ക്ഷേത്ര ട്രസ്റ്റ് ഒരുക്കിയിരിക്കുന്നത്. പോലീസിനുപുറമെ അര്‍ദ്ധസൈനിക വിഭാഗങ്ങളെയും സുരക്ഷയ്‌ക്കും ഭക്തരെ നിയന്ത്രിക്കുന്നതിനുമായി നിയോഗിച്ചിട്ടുണ്ട്. രാമക്ഷേത്രത്തിന് സമീപത്തും പരിസരത്തെ വിവിധ വേദികളിലുമായി ദിവസവും വിവിധ കലാരൂപങ്ങളുടെ അവതരണവും നടക്കുന്നുണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ സമയങ്ങളില്‍ ഭക്ഷണവും സൗജന്യമായി വിതരണം ചെയ്യുന്നു. പ്രാണപ്രതിഷ്ഠ കഴിഞ്ഞ് 15 ദിവസങ്ങള്‍ക്കുള്ളില്‍ 30 ലക്ഷത്തിലധികം ഭക്തര്‍ അയോദ്ധ്യയിലെത്തിയെന്നാണ് കണക്ക്. പ്രതിദിനം രണ്ടു ലക്ഷത്തോളം ഭക്തര്‍.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, നിയമസഭാ സ്പീക്കര്‍ സതീഷ് മഹാന എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രിമാരും എംഎല്‍എമാരും എംഎല്‍സിമാരും ഞായറാഴ്ച ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കോണ്‍ഗ്രസ് എംഎല്‍എമാരായ ആരാധന മിശ്ര, വീരേന്ദ്ര ചൗധരി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Discussion about this post