മോസ്‌കോ: സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ച കാലത്തെ പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് (91) അന്തരിച്ചു. നിലവിലെ റഷ്യയുടെ ഭാഗമായ പ്രിവോയ്ലിയില്‍ 1931-ല്‍ കര്‍ഷക കുടുംബത്തിലായിരുന്നു ഗോര്‍ബച്ചേവിന്‍റെ ജനനം.
മോസ്‌കോ സ്റ്റേറ്റ് സര്‍വകലാശാലയിലെ പഠനത്തിനിടയിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാകുന്നത്. 1971-ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായി.
1985 ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. പിന്നീട് സോവിയറ്റ് യൂണിയന്‍റെ എട്ടാമത്തെ പ്രസിഡന്റുമായി. 1991-ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടിവന്നു. 1990-ല്‍ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ശീതയുദ്ധം സമാധാനപരമായി അവസാനിപ്പിച്ച ഗാര്‍ബച്ചേവ് 1985-ല്‍ അധികാരമേറ്റ ശേഷം സോവിയറ്റ് യൂണിയനെ ലോകത്തിന് മുന്നില്‍ തുറന്നിട്ട് നല്‍കുകയും വലിയ പരിഷ്‌കാരങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍, സാവധാനത്തിലുള്ള സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ച തടയിടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
Discussion about this post