ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രൂപപ്പെട്ടുവരുന്ന നവ ഭാരതം “അവസരങ്ങൾ നിറഞ്ഞ ഇന്ത്യ” കൂടിയാണെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, നൈപുണ്യ-സംരംഭക വികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
“ഇന്ന് ഏതെങ്കിലും ചായ്‌വുകളോ ശിപാർശകളോ ഇല്ലാതെ തന്നെ വിജയത്തിന്‍റെ പടവുകൾ താണ്ടുന്നതിന് നമുക്ക് കഴിയും”, ബംഗളുരുവിലെ പിഇഎസ് സർവ്വകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ചലനരഹിതമായ ഒരു ജനാധിപത്യ രാജ്യമായാണ് ഇന്ത്യയെ നേരത്തെ ലോകം കണ്ടിരുന്നത്; മന്ദഗതിയിൽ ചരിക്കുന്നതും തീരെ അനിയന്ത്രിതവുമായ ഒരു രാജ്യം എന്ന അവസ്‌ഥയായിരുന്നു അത് ” ചന്ദ്രശേഖർ പറഞ്ഞു.
“ ദൽഹിയിൽ നിന്ന് നൂറ് രൂപ അയച്ചാൽ അതിൽ വെറും പതിനഞ്ച് രൂപ മാത്രമാണ് യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് എത്തിയിരുന്നതെന്ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി പോലും സമ്മതിക്കുന്നതായിരുന്നു അക്കാലത്തെ സ്ഥിതി. ബാങ്കിംഗ് സംവിധാനമെന്നത് കേവലം ഒമ്പത് കുടുംബങ്ങൾക്ക് മാത്രമായിരുന്നു അക്കാലത്ത് പ്രാപ്യമായിരുന്നത്”, രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അന്ന് സ്വജനപക്ഷപാതവും മൂലധന പ്രതിസന്ധിയും വലിയതോതിൽത്തന്നെ നേരിടേണ്ടിയും വന്നു.
എന്നാലിന്ന് ഇന്ത്യയുടെ ചിത്രം തികച്ചും വ്യത്യസ്തമാണെന്നു വിദ്യാർഥികളുമായി സംവദിക്കവേ അദ്ദേഹം പറഞ്ഞു. “ഇന്ന്, ഡൽഹിയിൽ നിന്ന് റിലീസ് ചെയ്യുന്ന ഓരോ രൂപയും സർക്കാരിന്റെ വിവിധ ഡിജിറ്റൽ ഇന്ത്യ സംരംഭങ്ങളിലൂടെ യാതൊരു കാലതാമസവും അഴിമതിയും കൂടാതെ തന്നെ വിവിധ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ടെത്തുന്നു”.
കൊവിഡ്കാല തിരിച്ചടിക്കിടയിലും മോദി സർക്കാരിന്റെ പ്രകടനത്തിന്‍റെ റിപ്പോർട്ട് കാർഡ് ശ്രദ്ധേയമായ പുരോഗതി കാണിക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2022-23 ഏപ്രിൽ-ജൂൺ പാദത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം 13.5 ശതമാനം വളർച്ചയോടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറി. അടിസ്ഥാന സൗകര്യ വികസനത്തിലും മറ്റ് വികസന പദ്ധതികളിലും നിക്ഷേപം നടത്തി യുവതലമുറയ്ക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കേന്ദ്ര സർക്കാർ ഊന്നൽ നൽകിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിനായി മാത്രം പത്ത് ലക്ഷം കോടി രൂപ ഇന്ത്യ നീക്കിവച്ചിരിക്കുകയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത ദശാബ്ദത്തിൽ ഇന്ത്യയുടെ ടെക്കാഡിനെക്കുറിച്ച് സംസാരിക്കവേ , 75,000-ത്തോളം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളും ഏകദേശം 104 യൂണികോണുകളും ഉള്ള ഏറ്റവും ഊർജസ്വലമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവയാകട്ടെ, “യുവാക്കളുടെ കഠിനാധ്വാനം, അഭിനിവേശം, സ്വയം നവീകരിക്കപ്പെടുന്നതിനുള്ള കഴിവ്എ എന്നിവ വഴി സ്വയമേവ വളർന്നു വന്നവയാണ്. അവരുടെ കുടുംബ പശ്ചാത്തലമോ രാഷ്ട്രീയ ബന്ധങ്ങളോ അതിനു തടസ്സം നിന്നതുമില്ല”, അദ്ദേഹം പറഞ്ഞു. .
സർവ്വകലാശാലയിൽ നിന്ന് ഇന്ന് പുതുതായി ബിരുദം സ്വീകരിച്ച 3495 വിദ്യാർഥികളോട് “നിങ്ങൾക്കു മുന്നിൽ മുമ്പെങ്ങുമില്ലാത്ത വിധം വളരെ വിപുലമായ അവസരങ്ങളുണ്ടെന്ന വസ്തുത മറക്കരുതെന്ന് രാജീവ് ചന്ദ്രശേഖർ അഭ്യർത്ഥിച്ചു. “നമ്മളുടേത് പോലെ യുവജനങ്ങളുടെ ശക്തിയാൽ സമ്പന്നമായ ഒരു രാഷ്ട്രം ലോകമെമ്പാടും സ്വാധീനം ചെലുത്തണം’; അതിനു നമുക്ക് കഴിയണം . പുതിയ ഇന്ത്യയുടെ സാമ്പത്തിക സാധ്യതകൾ സാക്ഷാത്കരിക്കാൻ നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം,” അദ്ദേഹം പറഞ്ഞു.
സർവ്വകലാശാല വൈസ് ചാൻസലർ ജെ സൂര്യ പ്രസാദ്, ചാൻസലർ ഡോ. എം.ആർ. ദൊരൈസ്വാമി, പ്രോ ചാൻസലർ പ്രൊഫ. ഡി. ജവഹർ, രജിസ്ട്രാർ ഡോ. കെ.എസ്. ശ്രീധർ, വിദ്യാർത്ഥികൾ, ബിരുദം നേടിയ രക്ഷിതാക്കൾ മുതലായവർ ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തു.
Discussion about this post