കൊച്ചി: ഐഎസ്എല്ലിന്‍റെ ആദ്യ അങ്കത്തില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ സൂപ്പര്‍ വിജയത്തിന് പിന്നില്‍ കോച്ച് വുകുമനോവിച്ചിന്‍റെ 4-3-3 വിന്യാസം. ഇളകിമറിഞ്ഞ മഞ്ഞപ്പടയ്ക്ക് മുന്നില്‍ ബ്ലാസ്റ്റേഴ്സ് പന്തുതട്ടിയാണ് ഉദ്ഘാടന മത്സരത്തിന് തുടക്കമായത്. പതിഞ്ഞ തുടക്കമായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. മൂന്നാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ മികച്ച ഒരു മുന്നേറ്റം നടത്തിയെങ്കിലും അത് കോര്‍ണറില്‍ കലാശിച്ചു. അഞ്ചാം മിനിറ്റില്‍ ലൂണ ഒരുക്കിയ അവസരത്തിന് ലെസ്‌കോവിച്ച് തലവച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി. തൊട്ടുപിന്നാലെ ഈസ്റ്റ് ബംഗാളിന് അവസരം. ബോക്സിന് പുറത്തുനിന്ന് അലക്സ് ലിമ പായിച്ച കിടിലന്‍ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി ഗില്‍ തട്ടിയകറ്റി. 13-ാം മിനിറ്റില്‍ മികച്ച അവസരം ബ്ലാസ്റ്റേഴ്സിന്. മൈതാനമധ്യത്തില്‍ നിന്ന് സഹല്‍ നീട്ടി നല്‍കിയ പാസുമായി ജെസെല്‍ ഇടതുപാര്‍ശ്വത്തിലൂടെ കുതിച്ചശേഷം ബോക്സിലേക്ക് നല്‍കിയ ക്രോസിന് അപ്പോസ്തോലോസ് ജിയാനോ കാല്‍വച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 17-ാം മിനിറ്റില്‍ ജെസെലിന്‍റെ ഒരു ഷോട്ടും ലക്ഷ്യം കണ്ടില്ല. 23-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് പ്യുട്ടിയ പായിച്ച ഷോട്ടും പുറത്തേക്ക് പറന്നു.
ഗോള്‍ പിറക്കാത്ത ആദ്യപകുതിയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ബ്ലാസ്റ്റേഴ്സിനെയാണ് രണ്ടാം പകുതിയില്‍ കണ്ടത്. തുടക്കം മുതല്‍ എതിര്‍ ഗോള്‍മുഖത്തേക്ക് തുടര്‍ച്ചയായി പന്തെത്തിച്ചെങ്കിലും ഈസ്റ്റ് ബംഗാള്‍ ഗോളി കമല്‍ജിത് സിങ്ങിന്‍രെ് മിന്നുന്ന പ്രകടനവും കരുത്തുറ്റ പ്രതിരോധവും ഗോളടിക്കുന്നതില്‍ നിന്ന് മ്ഞ്ഞപ്പടയെ തടഞ്ഞുനിര്‍ത്തി. 49-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും ഈസ്റ്റ് ബംഗാള്‍ ഗോളിയുടെ മിന്നുന്ന രക്ഷപ്പെടുത്തല്‍ വിലങ്ങുതടിയായി. പ്പോസ്തോലോസ് ജിയാനോയുടെ നല്ലൊരു ഷോട്ടാണ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. നാല് മിനിറ്റിനുശേഷം വീണ്ടും കമല്‍ജിത് സിങ് ഈസ്റ്റ് ബംഗാളിനെ ഗോളില്‍ നിന്ന് രക്ഷിച്ചു. ഇത്തവണ ലൂണയുടെ ശ്രമമാണ് കമല്‍ജിത് വിഫലമാക്കിയത്. തുടര്‍ന്നും നിരവധി തവണ എതിര്‍ ഗോള്‍ മുഖം വിറപ്പിച്ചെങ്കിലും സമനിലക്കെട്ട് പൊട്ടിക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. 70-ാം മിനിറ്റില്‍ സഹലിനെ പിന്‍വലിച്ച് കെ.പി. രാഹുലിനെ കളത്തിലിറക്കി.
തൊട്ടടുത്ത മിനിറ്റില്‍ മഞ്ഞപ്പടയെ ആവേശത്തിലാറാടിച്ച് ബ്ലാസ്റ്റേഴ്സ് സമനിലക്കെട്ട് പൊട്ടിച്ചു. സൂപ്പര്‍താരം അഡ്രിയാന്‍ ലൂണയാണ് ഗോള്‍ നേടിയത്. ഖബ്ര ബോക്സിലേക്ക് നീട്ടി നല്‍കിയ പാസ് നിലംതൊടും മുന്‍പേ ലൂണ വലയിലേക്ക് അടിച്ചുകയറ്റി. ഐഎസ്എല്‍ ഒന്‍പതാം സീസണിലെ ആദ്യ ഗോളായി ഇത്. സ്റ്റേഡിയം ഇളകിമറിഞ്ഞു. 79-ാം മിനിറ്റില്‍ അപ്പോസ്തോലോസ് ജിയാനോവിന് പകരം ഇവാന്‍ കലിയൂസ്നി മൈതാനത്തിറങ്ങി. രണ്ട് മിനിറ്റിന് ശേഷം ഉജ്ജ്വലമായ ഒരു ഗോളിലൂടെ കലിയൂസ്നി മഞ്ഞപ്പടയുടെ ലീഡ് ഉയര്‍ത്തി. ഒറ്റയ്ക്ക് പന്തുമായി മുന്നേറി എതിര്‍ കളിക്കാരെ ഡ്രിബിള്‍ചെയ്ത് ബോക്സില്‍ പ്രവേശിച്ച ശേഷം കലിയൂസ്നി പായിച്ച ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോളി കമല്‍ജിത് സിങ്ങിനെ നിഷ്പ്രഭനാക്കി വലയില്‍ കയറി.
തുടര്‍ന്നും ബ്ലാസ്റ്റേഴ്സ് മിന്നുന്ന ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കമല്‍ജിതിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. 87-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ഒരു ഗോള്‍ മടക്കി. അലക്സ് ലിമയാണ് ലക്ഷ്യം കണ്ടത്. 88-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളും അടിച്ചു. ഒരു കോര്‍ണറിനൊടുവിലായിരുന്നു ഗോള്‍. ലൂണ എടുത്ത കോര്‍ണര്‍ എതിര്‍താരം ക്ലിയര്‍ ചെയ്തെങ്കിലും പന്ത് കിട്ടിയത് ബോക്സിന് പുറത്ത് കലിയൂസ്നിയുടെ കാലുകളില്‍. പന്ത് കിട്ടിയ കലിയൂസ്നി പായിച്ച കിടിലന്‍ ഷോട്ട് കമല്‍ജിത് സിങ്ങിനെ കീഴടക്കി വലയില്‍ കയറി. 16ന് എടികെ മോഹന്‍ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.
Discussion about this post