ന്യൂഡൽഹി: മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നിർദ്ദേശിച്ചു. കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ സിസോദിയയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം.
സിബിഐ നിർദ്ദേശം അനുസരിച്ച് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് സിസോദിയയുടെ പ്രാഥമിക പ്രതികരണം. സിബിഐ തന്റെ വീട് 14 മണിക്കൂർ പരിശോധിച്ചുവെന്നും, ബാങ്ക് ലോക്കർ ഉൾപ്പെടെയുള്ളവയിൽ സമഗ്രമായ പരിശോധന നടത്തിയെന്നും സിസോദിയ പറഞ്ഞു.
പരിശോധനയുടെ വിശദാംശങ്ങൾ സിബിഐ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, അറസ്റ്റിനുള്ള നീക്കമാണ് നടക്കുന്നത് എന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ, ആം ആദ്മി പാർട്ടി കമ്മ്യൂണിക്കേഷൻ മേധാവിയും മനീഷ് സിസോദിയയുടെ അടുത്ത അനുയായിയുമായ വിജയ് നായരെ കഴിഞ്ഞ മാസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മദ്യനയ കുംഭകോണത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം തുടരുകയാണ്.
Discussion about this post