കീവ്: റഷ്യക്കാര്‍ സ്വന്തമാക്കിയ ഉക്രൈന്‍ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാന്‍ ഉക്രൈന്‍ സേന ആക്രമണം കടുപ്പിച്ചതോടെ റഷ്യ വീര്യം കുറഞ്ഞ ആണവായുധപ്രയോഗത്തിലേക്കടക്കം കടന്നേക്കാം എന്ന് ആശങ്ക. പുതുതായി റഷ്യയുമായി കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളായ ഖെര്‍സോണ്‍, ലുഹാന്‍സ്ക്, ഡൊണെട്സ്ക്, സപോറീഷ്യ എന്നിവിടങ്ങളില്‍ പുടിന്‍ പട്ടാള നിയമം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇനി പുടിന് ഇവിടെ കര്‍ഫ്യൂകള്‍ ഏര്‍പ്പെടുത്താനും സ്വത്ത് പിടിച്ചെടുക്കാനും പ്രദേശവാസികളെ ബലം പ്രയോഗിച്ച് വേറൊരിടത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാനും രേഖകളില്ലാതെ വസിക്കുന്നവരെ ജയിലിലടക്കാനും പരിശോധന കേന്ദ്രങ്ങള്‍ തുറക്കാനും ആളുകളെ വിചാരണ കൂടാതെ 30 ദിവസത്തോളം ജയിലിലടക്കാനും സാധിക്കും. അതായത് റഷ്യയുമായി കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളില്‍ റഷ്യയുടെ അധികാരം കൂടുതല്‍ ഉറപ്പിക്കുന്നതാണ് ഈ പട്ടാള നിയമപ്രഖ്യാപനത്തിനര്‍ത്ഥം.
എന്തായാലും റഷ്യ-ഉക്രൈന്‍ യുദ്ധം കടുക്കുമെന്ന ആശങ്ക ഉണ്ടായതോടെ ഇന്ത്യക്കാരോട് ഉക്രൈന്‍ വിട്ടുപോരാന്‍ ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുകയാണ്. റഷ്യയുമായി കൂടി സംവദിച്ചതില്‍ നിന്നും ലഭിച്ച അറിവ് പ്രകാരം റഷ്യ ഉക്രൈനില്‍ ശക്തമായ ആക്രമണം വരുംദിവസങ്ങളില്‍ നടത്തിയേക്കുമെന്നാണ് അറിയുന്നത്.
ഉക്രൈന്‍ സേന ഇപ്പോള്‍ ഖെര്‍സോണ്‍ തിരിച്ചുപിടിക്കാന്‍ കടുത്ത ആക്രമണങ്ങളാണ് നടത്തുന്നത്. ഇവിടെ നിന്നും ഏകദേശം 60,000 റഷ്യന്‍ പൗരന്മാര്‍ ആക്രമണം ഭയന്ന് ഓടിപ്പോകുന്നതായി വാര്‍ത്തയുണ്ട്.
Discussion about this post