ദോഹ: ഫുട്‌ബോളിനോടുള്ള അഭിനിവേശം പൂര്‍ണതയിലെത്തുന്നത് മനസ്സില്‍ ഒരു ഇഷ്ട ടീം കൂടുകൂട്ടുമ്പോഴാണ്. ഓരോ ആരാധകനും അവനിഷ്ടപ്പെട്ട ടീമുണ്ട്, ഒരു കൊടിയടയാളമുണ്ട്, ഒരു പിടി താരങ്ങളുമുണ്ട്.
ആ അഭിനിവേശത്തിന്‍റെ ആവേശത്തിന്‍റെ നാലു വര്‍ഷ കാത്തിരിപ്പിന് വിരമമിട്ട് കാല്‍പ്പന്തുകളിയുടെ ലോക പൂരത്തിന് ഇന്ന് കിക്കോഫ്. ഇനി തോല്‍ക്കാന്‍ മനസ്സില്ലാത്തവരുടെ ബലാബല പോരാട്ടത്തിന്‍റെ ദിനങ്ങള്‍. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ സമയം രാത്രി 9.30ന് ആതിഥേയരായ ഖത്തറും ഇക്വഡോറും ഏറ്റുമുട്ടും.
ലോക റാങ്കിങ്ങില്‍ ഖത്തറിനേക്കാള്‍ മുന്നിലാണ് ഇക്വഡോര്‍. ഖത്തര്‍ അമ്പതില്‍, ഇക്വഡോര്‍ നാല്‍പ്പത്തിനാലില്‍. ഖത്തര്‍ ആദ്യമായി ലോകകപ്പ് കളിക്കുമ്പോള്‍ ഇക്വഡോറിനിത് നാലാം ടൂര്‍ണമെന്റ്. ഉദ്ഘാടന മത്സരം വേദിയായ അല്‍ ബെയ്ത്ത് സ്റ്റേഡിയം ഖത്തറിന് സന്തോഷകരമായ വിജയങ്ങള്‍ സമ്മാനിച്ചയിടം. അവര്‍ ഇവിടെ അവസാനം കളിച്ച മൂന്ന് അന്താരാഷ്ട്ര മത്സരങ്ങളിലും വിജയിച്ചു. ഒമ്പതു ഗോളുകള്‍ നേടിയപ്പോള്‍ ഒന്നുപോലും വഴങ്ങിയില്ല. നവംബര്‍ ഒമ്പതിന് അല്‍ബേനിയയ്ക്കെതിരെയാണ് ഖത്തര്‍ അവസാനമായി കളിച്ചത്. ആ മത്സരത്തില്‍ 1-0 വിജയിച്ചു. ഈ മത്സരത്തില്‍ വിജയഗോള്‍ നേടിയ അല്‍മോയസ് അലിയിലാണ് ഖത്തറിന്‍റെ പ്രതീക്ഷകള്‍ മുഴുവന്‍.
മൂന്ന് വര്‍ഷം മുമ്പ് ഖത്തര്‍ ഏഷ്യന്‍ ചാമ്പ്യന്മാരാകുമ്പോള്‍ അലിയായിരുന്നു മുന്‍നിര സ്‌കോറര്‍. കേവലം ഏഴ് മത്സരങ്ങളില്‍ നിന്ന് ലക്ഷ്യത്തിലേക്ക് പായിച്ച 10 ഷോട്ടുകളില്‍ ഒമ്പതും ഗോളാക്കി മാറ്റി അത്ഭുതാവഹമായ പ്രകടനമാണ് അലി നടത്തിയത്. 2021 കോണ്‍കാകാഫ് ഗോള്‍ഡ് കപ്പിലും അലിയായിരുന്നു അവരുടെ ടോപ് സ്‌കോറര്‍.
നായകനും 169 മത്സരങ്ങളിലെ അനുഭവസമ്പത്തുമുള്ള ഹസന്‍ അലി ഹെഡോസ്, മുഹമ്മദ് മുന്‍ടാരി, എന്നിവര്‍ പ്രധാന സ്ട്രൈക്കര്‍മാര്‍. അബ്ദുള്‍ അസീസ് ഹാറ്റെം, കരിം ബൗഡിയാഫ് അലി അസ്സദല്ല എന്നിവര്‍ മധ്യനിരയിലും അബ്ദുള്‍കരിം ഹസ്സന്‍, ബൗവാലെം ഖൊഖി, ഇസ്മയില്‍ മുഹമ്മദ് തുടങ്ങിയവര്‍ പ്രതിരോധത്തിലും എത്തുമ്പോള്‍ ഗോള്‍ വലയ്ക്ക് മുന്നില്‍ സാദ് അലി ഷീബ് എത്താനാണ് സാധ്യത.
മത്സരത്തില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന എഞ്ചിനായാണ് ഇക്വഡോര്‍ ടീം എസ്തുപിയാനെ കണക്കാക്കുന്നത്. ലെഫ്റ്റ് ബാക്കായി കളിക്കുമ്പോഴും മികച്ച ഫോര്‍വേഡാകാനും എസ്തുപിയാനു കഴിയുന്നു. എന്നര്‍ വലന്‍സിയ എന്ന ഫെനര്‍ബാഷെ താരത്തെ മുന്നേറ്റത്തില്‍ ഇറക്കിയാകും ഇക്വഡോര്‍ ഇന്നിറങ്ങുക. അയര്‍ട്ടന്‍ പ്രെഷ്യാഡോ, റൊമാറിയോ ഇബ്ര തുടങ്ങിയവരാണ് പ്രധാന സ്ട്രൈക്കര്‍മാര്‍.
മധ്യനിരയില്‍ കാര്‍ലോസ് ഗ്ര്യുസോ, എയ്ഞ്ചല്‍ മെന, ഗൊണ്‍സാലോ പ്ലാറ്റ, പ്രതിരോധത്തില്‍ ഡീഗോ പലാസിയോസ്, വില്യം പാച്ചോ, ഫെലിക്സ് ടോറസ് എന്നിവരും എത്തുമ്പോള്‍ ഗോള്‍വലയ്ക്ക് മുന്നില്‍ ഹെര്‍മാന്‍ ഗാലിന്‍ഡസായിരിക്കാനാണ് സാധ്യത.
Discussion about this post