ദോഹ : അൽ ബെയ്ത്തിലെ ആദ്യ രാവ് ഇക്വഡോറിന് സ്വന്തം . ആതിഥേയരായ ഖത്തറിനെ ക്യാപ്റ്റൻ ഇന്നർ വലൻസിയ നേടിയ ഇരട്ട ഗോളിന് വീഴ്ത്തി ഈ ലോകകപ്പിലെ ആദ്യ വിജയം ഇക്വഡോർ സ്വന്തമാക്കി. അൽ ബെയ്ത്തിന്റെ മൈതാനത്ത് പന്തുരുണ്ട് നാലാം മിനിട്ടിൽ ഖത്തറിന്റെ വല കുലുങ്ങി. ഫെലിപ്സ് ടോറസ് വിങ്ങിൽ നിന്ന് ഉയർത്തി നൽകിയ പന്ത് തല കൊണ്ട് വലൻസിയ വലയിലേക്ക് ചെത്തിയിട്ടു. ഗോളാരവം നിലയ്ക്കും മുമ്പ് ഓഫ് സൈഡ് വിളിച്ചു. പിന്നെ കളിയിലെ ആദ്യ ഗോൾ വീണത് ഏഷ്യയിലെ ഏറ്റവും മികച്ച ഗോളിയെന്ന് പേരുകേട്ട സാദ് അൽ ഷീദിന്റെ പിഴവിൽ നിന്നായിരുന്നു. കാലിൽ പന്ത് കുരുക്കി ഖത്തർ വലയിലേക്ക് പാഞ്ഞുകയറിയ വലൻസിയയെ കാല് വാരി വീഴ്ത്തിയാണ് അൽ ഷീദ് സ്വന്തം ടീമിന് കുഴി വെട്ടിയത്. ഷീദിന്റെ പിഴയ്ക്ക് പെനാൽട്ടി. വലൻസിയ അനായാസം അത് വലയിലാക്കി. പതിനാറാം മിനിറ്റിൽ എന്നർ വലൻസിയയിലൂടെ ഖത്തർ ലോകകപ്പിലെ ആദ്യ ഗോൾ.
മുപ്പത്തൊന്നാം മിനിട്ടിൽ വലൻസിയ വീണ്ടും . ഇക്കുറി ഏഞ്ചലോ പ്രസിയാഡോ വലതു വിങ്ങിൽ നിന്ന് ഉയർത്തിയടിച്ച പന്ത് വായുവിലുയർന്ന് തല കൊണ്ട് പിന്നിലേക്ക് ചെത്തിയിട്ടാണ് വലൻസിയ വിസ്മയമായത്. രണ്ടാം പകുതിയിലും ഇക്വഡോർ തന്നെ കളം നിറഞ്ഞു. എസ്ട്രാഡയും ഇബാറയും സെർമിന്റോയുമൊക്കെ നിരവധി അവസരങ്ങൾ തുറന്നെങ്കിലും ഖത്തർ വലിയ തോൽവിയിലേക്ക് കൂപ്പ് കുത്താതെ രക്ഷപ്പെടുകയായിരുന്നു.
Discussion about this post