മാനന്തവാടി: നാടിന്‍റെ സ്വത്വം അപകടത്തിലായപ്പോഴാണ് ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സയോജകന്‍ ജെ. നന്ദകുമാര്‍. വള്ളിയൂര്‍ക്കാവില്‍ വീരപഴശ്ശി സ്മൃതി ദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊളോണിയല്‍ ആക്രമണകാരികള്‍ ഭാരതത്തിന്‍റെ മണ്ണില്‍ കാലുകുത്തിയപ്പോള്‍ ആരംഭിച്ചതാണ് ഒന്നാം സ്വാതന്ത്ര്യ സമരം. സ്വാതന്ത്ര്യസമര ചരിത്രം ദീര്‍ഘമാണ്. ഈ മണ്ണിന്‍റെ സ്വത്വം കവര്‍ന്നെടുക്കപ്പെടും എന്ന് എപ്പോഴാണോ ഭാരതീയര്‍ക്ക് മനസിലായത്. അപ്പോള്‍ മുതല്‍ ഭാരതത്തില്‍ പോരാട്ടങ്ങളും ആരംഭിച്ചു. അല്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിവെച്ചതല്ല ഒന്നാം സ്വാതന്ത്ര്യസമരം.
പഴശ്ശിത്തമ്പുരാന് സ്മാരകം നിര്‍മ്മിക്കുന്നതിനെ എതിര്‍ത്തവരാണ് ഇവിടുത്തെ രാഷ്ട്രീയക്കാര്‍. അവര്‍ തന്നെയാണ് പഴശ്ശിയുടെ സ്മരണ അന്ധകാരത്തിലേക്ക് ആഴ്ത്താന്‍ നിരന്തരം ശ്രമിക്കുന്നത്. പഴശ്ശിയുടെ പത്‌നിയാണ് അദ്ദേഹത്തെ ഒറ്റിയതെന്ന് എഴുതി അദ്ദേഹത്തെ അപമാനിക്കാനാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാര്‍ അമൃത മഹോത്സവം ഉദ്ഘാടനം ചെയ്തപ്പോള്‍ ചെങ്കോട്ടയില്‍ ഒരു വലിയ മ്യൂസിയം തയാറാക്കി. അതിന്‍റെ പ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് വീര കേരളവര്‍മ്മ പഴശ്ശി രാജാവിന്റേതാണ് എന്നത് നമുക്ക് അഭിമാനത്തോടെ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആസാദി കാ അമൃത മഹോത്സവ് സമിതി ജനറല്‍ കണ്‍വീനര്‍ സി.കെ. ബാലകൃഷ്ണന്‍ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ വി.കെ. സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. വനവാസി വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ കെ.സി. പൈതല്‍, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്‍റെ അഡൈ്വസര്‍ എസ്.സി. ബര്‍മ്മന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.














