ന്യൂഡൽഹി: ഇന്ത്യയുടെ പരമ്പരാഗത ചികിത്സാ പദ്ധതികളെ ലോകവ്യാപമാക്കുന്നതിന്‍റെ ഭാഗമായി മൂന്ന് പഠന-ഗവേഷണ സ്ഥാപനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 11ന് രാജ്യത്തിന് സമർപ്പിക്കും. പരമ്പരാഗത ചികിത്സാ മേഖലകളിൽ ഗവേഷണം ശക്തമാക്കാനും മരുന്നുകളുടെ ലഭ്യതയും ചികിത്സയും വ്യാപകമാക്കാനും പുതിയ സ്ഥാപനങ്ങൾ ഗുണകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ(എഐഐഎ)-ഗോവ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ(എൻഐയുഎം)-ഗാസിയാബാദ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി(എൻഐഎച്ച്)-ഡൽഹി എന്നീ സ്ഥാപനങ്ങളാണ് പ്രവർത്തനമാരംഭിക്കുന്നത്. മൂന്ന് സ്ഥാപനങ്ങളിലും 400 സീറ്റുകൾ വീതമാണ് ഉണ്ടാവുക. എല്ലാ മെഡിക്കൽ കോളേജിലുമായി 550 കിടക്കകൾ ഉണ്ടായിരിക്കുമെന്നും രോഗികളുടെ ചികിത്സയ്‌ക്കും പഠന ഗവേഷണത്തിനും വലിയ മാറ്റമുണ്ടാകുമെന്നും ആയുഷ് മന്ത്രാലയം അറിയിച്ചു.
മൂന്ന് സ്ഥാപനങ്ങളും ഇന്ത്യയ്‌ക്കൊപ്പം വിദേശ രാജ്യത്തെ ആയുർവേദ-യുനാനി-ഹോമിയോ ഗവേഷണ ചികിസ്താ സംവിധാനങ്ങളുമായി ഉപഗ്രഹ സംവിധാനത്താൽ ബന്ധിപ്പിക്കുമെന്നും ആയുഷ് മന്ത്രാലയം അറിയിച്ചു. ബിരുദ-ബിരുദാനന്തര-ഗവേഷണ വിദ്യാർത്ഥികൾക്കായിട്ടുള്ള എല്ലാ ആധുനിക സംവിധാനങ്ങളും മെഡിക്കൽ കോളേജുകളിൽ ഒരുക്കിക്കഴിഞ്ഞതായും മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ എല്ലാ മേഖലകളിലും ജനങ്ങൾക്ക് ഗുണകരമാകുന്നതും സാമ്പത്തികമായി അധികചിലവില്ലാത്ത ചികിത്സയ്‌ക്ക് പരമ്പരാഗത മേഖല വളരേണ്ടത് അത്യാവശ്യമാണെന്നത് ലക്ഷ്യം വെച്ചാണ് സുപ്രധാന നീക്കം കേന്ദ്രസർക്കാർ നടത്തുന്നത്.
Discussion about this post