ദോഹ : ലോകകപ്പ് ഫുട്ബോളിൽ പുതുചരിത്രം കുറിച്ചു കൊണ്ട് ആഫ്രിക്കൻ കരുത്ത് കാട്ടി മൊറോക്കോ സെമിയിൽ. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഒരു ഗോളിന് മുട്ടുകുത്തിച്ചാണ് മൊറോക്കോ ആദ്യ നാലിൽ പ്രവേശിച്ചത്. ലോകകപ്പ് ഫുട്‌ബോളിന്‍റെ ചരിത്രത്തിൽ സെമിയിൽ കടക്കുന്ന ആദ്യ ആഫ്രിക്കൻ ടീമാണ് മൊറോക്കോ.
യൂസഫ് എൻ നെസിറിയുടെ ഉയർന്നുചാടിയുള്ള ഹെഡ്ഡറാണ് മൊറോക്കോയുടെ ഭാഗ്യം നിർണയിച്ചത്. പോർച്ചുഗലിന്‍റെ വിധിയെഴുതിയതും ഈ ഗോളായിരുന്നു. 42-ാം മിനിറ്റിലായിരുന്നു ആ സുവർണ്ണ ഗോൾ.
മത്സരത്തിന്‍റെ ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിക്കേയാണ് മൊറോക്കോ ലീഡ് നേടിയത്. ഇടതുവിങ്ങിൽ നിന്ന് യഹിയ എൽ ഇദ്രിസി ഉയർത്തി നൽകിയ ക്രോസ് ഹെഡ് ചെയ്ത് നെസിറി വലയിലാക്കുകയായിരുന്നു.
ആദ്യ പകുതിയിൽ മൊറോക്കോ പല തവണ അവസരങ്ങൾ പാഴാക്കി. പന്തടക്കത്തിലും പാസിങ്ങിലും പോർച്ചുഗൽ ആദ്യ പകുതിയിൽ മുൻപിൽ നിന്നു. പോർച്ചുഗലിന് ലഭിച്ച അവസരങ്ങളിലേറെയും പാഴാക്കിയത് ജാവോ ഫെലിക്സായിരുന്നു. രണ്ടാം പകുതിയിലെ ആദ്യ മിനിറ്റുകളിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ജാവോ കാൻസലോയെയും പോർച്ചുഗൽ കളത്തിലിറക്കി. എന്നാൽ റൊണാൾഡോയ്‌ക്കും പോർച്ചുഗലിന്‍റെ വിധി മാറ്റാനായില്ല. തൊണ്ണൂറാം മിനിറ്റിൽ താരം ഒരു ബുള്ളറ്റ് ഷോട്ട് തൊടുത്തെങ്കിലും ഗോളി യാസിൻ ബോനോ അത് രക്ഷപ്പെടുത്തി.
അവസാന വിസിലിന് രണ്ട് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ പെപ്പേ ഹെഡ്ഡറിലൂടെ ഗോൾ പ്രതീക്ഷ ഉണർത്തിയെങ്കിലും അതും പുറത്തുപോയി. ഇതോടെ പോർച്ചുഗലിന്‍റെ തോൽവി പൂർണമായി. 2006 ന് ശേഷം ആദ്യ ലോകകപ്പ് സെമിയെന്ന പറങ്കിപ്പടയുടെ സ്വപ്‌നമാണ് ഇതോടെ പൊലിഞ്ഞത്.
Discussion about this post