ന്യൂഡൽഹി: പസഫിക് സമുദ്രമേഖലയിലെ ചെറുരാജ്യങ്ങളുടെ നാവിക കരുത്ത് വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യയും-ഇൻഡോനേഷ്യയും സംയുക്തമായി നടത്തുന്ന നാവികഭ്യാസങ്ങളുടെ വിവരങ്ങൾ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ആൻഡമാൻ മേഖലയിലാണ് ഇന്ത്യ-ഇൻഡോനേഷ്യ സംയുക്ത പരിശീലനം ആരംഭിച്ചിരിക്കുന്നത്. ഈ മാസം എട്ടാം തിയതി മേഖലയിൽ ഒരുമിച്ച് കൂടിയ ഇരുസേനാ വിഭാഗങ്ങളും 19-ാം തിയതി വരെ പരിശീലനം തുടരും.
ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കാർമുക്, മിസൈൽ വിക്ഷേപണ ശേഷിയുള്ള എൽ-58 കപ്പൽ, ഡോണിയർ വിമാനങ്ങൾ എന്നിവയാണ് പരിശീലനത്തിലുള്ളത്. ഇന്തോ-ഇൻഡോനേഷ്യൻ സംയുക്ത പരിശീലനം ഇത് 39-ാം തവണയാണ് നടക്കുന്നതെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും പസഫിക്കും അടങ്ങുന്ന മേഖലയിലെ സമുദ്ര സുരക്ഷയിൽ വിശാലമായ ഐക്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം ആവശ്യപ്പെടുന്നത്.
മേഖലയിലെ കടൽക്കൊള്ള, അനധികൃത മത്സ്യബന്ധനം, മയക്കുമരുന്ന് കടത്ത്, സമുദ്രമേഖലയിലെ ഭീകരപ്രവർത്തനം, ആയുധക്കടത്ത്- കൊള്ള എന്നിവ തടയാനുള്ള സമഗ്രപരിശീലനത്തിനാണ് ഇന്ത്യ നേതൃത്വം നൽകുന്നത്. ക്വാഡ് സഖ്യത്തിന്റെ ഭാഗമായി വൻ ശക്തികൾക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യ ചെറുരാജ്യങ്ങളെ വിശ്വാസത്തി ലെടുത്താണ് നീങ്ങുന്നത്. അവർക്ക് നാവിക സഹായങ്ങളും സൈനിക പരിശീലനവും നൽകിയാണ് ഇന്ത്യ മേഖലയിലെ സുരക്ഷ ഉറപ്പുവരുത്തുന്നത്.
Discussion about this post