റാന്നി: റാന്നിയിൽ നടന്നു വരുന്ന അയ്യപ്പ ഭാഗവത മഹാ സത്രത്തിൽ ഹൈന്ദവ നേതാക്കളുടെ സമ്മേളനം നടന്നു. സമ്മേളനം വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി ഉത്‌ഘാടനം ചെയ്തു.
ശരീരവും മനസ്സും ആത്മീയമായി തയ്യാറായാലേ പടി ചവിട്ടാവൂ എന്നദ്ദേഹം പറഞ്ഞു. ശബരിമല ദർശനത്തിനു മാനസികവും ശാരീരികവുമായ ശുദ്ധി വേണം. ദര്ശനത്തിനെത്തുന്ന അയ്യപ്പന്മാർ ധാരാളം ബുദ്ധി മുട്ടുകൾ അനുഭവിക്കുന്നു. നീതീകരിക്കാൻ കഴിയാത്ത അമിത ചാർജാണ് കെ എസ് ആർ ടി സി ഈടാക്കുന്നത്. നിലക്കലിൽ നിന്ന് പമ്പയിലേക്ക് അയ്യപ്പന്മാരെ കൊണ്ടു പോകാനും തിരിച്ചു കൊണ്ടുവരാനും സൗജന്യ സൗകര്യം ഏർപ്പെടുത്താമെന്നു പറഞ്ഞാൽ അതിന് അനുമതി തരാനും സർക്കാർ തയ്യാറാകുന്നില്ല. – ചലച്ചിത്ര സംവിധായകൻ കൂടിയായ വിജി തമ്പി പറഞ്ഞു.
സമ്മേളനത്തിൽ കെ കൃഷ്ണൻ കുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഹൈന്ദവർ ശക്തരാകണമെന്നു സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആരെയും ഉപദ്രവിക്കാനല്ല ഹൈന്ദവരുടെ ജീവിത ഗതിക്കും തുല്യ പ്രാധാന്യം ലഭിക്കുന്നതിന് വേണ്ടിയാണ്. അയ്യപ്പ സത്രം പുതിയൊരനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ ഹൈന്ദവ നേതാക്കളെ സത്രം സംഘാടകർ ആദരിച്ചു. വി എൻ ഉണ്ണി, കെ ആർ ഉണ്ണിത്താൻ, അജിത്, ഗോപി സ്വാമി, സന്തോഷ്, ആചാര്യ രമാ ദേവി ഗോവിന്ദ വാര്യർ, എസ് അജിത് കുമാർ, പ്രസാദ് കുഴികാല, ഗോപൻ ചെന്നിത്തല തുടങ്ങിയവർ പ്രസംഗിച്ചു
Discussion about this post