ന്യൂദല്‍ഹി: ജീവിതസാഹചര്യങ്ങള്‍ മൂലം ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടേണ്ടിവരുന്നവരും പുനരധിവാസവും ആരോഗ്യവും ലക്ഷ്യമിട്ട് സേവാഭാരതിയും നാഷണല്‍ മെഡിക്കോ ഓര്‍ഗനൈസേഷനും(എന്‍എംഒ)യും ചേര്‍ന്ന് ഉത്കര്‍ഷ് എന്ന പേരില്‍ പുതിയ സംരംഭത്തിന് തുടക്കമിട്ടു. മൂവായിരത്തോളം വരുന്ന കുടുംബങ്ങളുടെ ജീവിത സുരക്ഷിതത്തിന് മുന്‍ഗണന നല്കുന്ന പദ്ധതിക്കാണ് പുതുവര്‍ഷം തുടക്കമിടുന്നതെന്ന് ദേശീയ സേവാഭാരതി ദല്‍ഹി മേഖലാ ജോയിന്റ് സെക്രട്ടറി സുശീല്‍ഗുപ്ത പറഞ്ഞു. ദല്‍ഹി പോലീസ് ജോയിന്റെ കമ്മിഷണറായിരുന്ന അലോക് ഗുപ്തയുടെ നിര്‍ദേശപ്രകാരമാണ് രണ്ട് വര്‍ഷം മുമ്പ് സേവാഭാരതി ഇത്തരമൊരു സംരംഭത്തിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയത്.
ആരോഗ്യ പരിശോധനാക്യാമ്പുകള്‍, കൗണ്‍സലിങ്, കുട്ടികള്‍ക്ക് വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ സുരക്ഷിതജീവിതം തുടങ്ങിയവയാണ് ഉതകര്‍ഷിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ലൈംഗികത്തൊഴിലാളികളുടെ പെണ്‍മക്കളെ സുരക്ഷിത ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ഉത്കര്‍ഷിന്റെ കീഴില്‍ അപരാജിത എന്ന പേരില്‍ ഹോസ്റ്റല്‍ സംവിധാനം സേവാഭാരതി ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ പരിരക്ഷ തേടി പൊതു ആശുപത്രികളെ സമീപിക്കുമ്പോള്‍ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്ന പരാതികള്‍ മുന്‍നിര്‍ത്തിയാണ് ഉത്കര്‍ഷ് എല്ലാവര്‍ക്കും വൈദ്യസഹായം എത്തിക്കാനുള്ള സംവിധാനം ശക്തമാക്കിയതെന്ന് സുശീല്‍ഗുപ്ത ചൂണ്ടിക്കാട്ടി. ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സഹകരണവും സേവാഭാരതിയുടെ ഈ കാല്‍വയ്പിനുണ്ട്.
വര്‍ഷത്തിന്‍റെ ആദ്യദിവസം തന്നെ ശരിയായ ദിശയിലേക്ക് സമൂഹത്തെ നയിക്കാനുതകുന്ന ഒരു പദ്ധതിക്ക് തുടക്കമിടുകയാണ് സേവാഭാരതിയെന്ന് അദ്ദേഹം പറഞ്ഞു. ന്യൂദല്‍ഹി റോട്ടറി ക്ലബ് പ്രസിഡന്റ് ടി.എന്‍. മല്‍ഹോത്ര, വാല്‍മീകി സമാജത്തിന്‍റെ അധ്യക്ഷന്‍ രോഹിത് ധിലോദ്, എന്‍എംഒ ജനറല്‍ സെക്രട്ടറി ഡോ. രമേശ് ചൗധരി, സേവാഭാരതി ശിക്ഷാപ്രമുഖ് സവിതാ നാരംഗ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
Discussion about this post