ഉദയ്പൂര്‍(രാജസ്ഥാന്‍): ‘അദ്ദേഹം ജീവിതം പിറന്ന നാടിനായി സമര്‍പ്പിച്ചു, ഇപ്പോള്‍ ചേതനയറ്റ ശരീരവും സമാജത്തിനേകുന്നു.’ കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ഹസ്തിമല്‍ ഹിരണിന്‍റെ ഭൗതിക ശരീരം രവീന്ദ്രനാഥ ടാഗോര്‍ ആയുര്‍വിജ്ഞാന്‍ മഹാ വിദ്യാലയത്തിലെ അനാട്ടമി വിഭാഗത്തിന് കൈമാറുമ്പോള്‍ സഹോദരി സോഹന്‍ദേവീ സാഖ്‌ല പറഞ്ഞു.
വികാരനിര്‍ഭരമായിരുന്നു ചടങ്ങുകള്‍. തന്‍ സമര്‍പ്പിത് മന്‍ സമര്‍പ്പിത് ഔര് യഹ് ജീവന്‍ സമര്‍പ്പിത്.. എന്ന ഗീതം ഓരോരുത്തരുടെ ഉള്ളിലും മുഴങ്ങി. അന്ത്യയാത്രാമൊഴിയേകാന്‍ ആയിരങ്ങളാണ് ഉദയ്പൂരിലെ ശിവാജിനഗര്‍ കാര്യാലയത്തിലേക്ക് ഒഴുകിയെത്തിയത്.
അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം ഭൗതികശരീരവും രാഷ്ട്രത്തിനായി സമര്‍പ്പിച്ചു. എഴുപത്തഞ്ചാം പിറന്നാളിലാണ് അദ്ദേഹം നേത്രദാന, ദേഹദാന സമ്മതപത്രം എഴുതിയത്. ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരിയിലെ പ്രത്യേക ക്ഷണിതാവായിരുന്ന ഹസ്തിമല്‍ അഖിലഭാരതീയ സമ്പര്‍ക്ക പ്രമുഖ്, സഹബൗദ്ധിക് പ്രമുഖ് എന്നീ ചുമതലകളും നേരത്തെ വഹിച്ചിരുന്നു.
മൂത്ത സഹോദരി സോഹന്‍ദേവീ സാഖ്‌ല, അനന്തരവന്മാരായ കനയ്യലാല്‍ ഹിരണ്‍, സുരേഷ് ഹിരണ്‍, വിനോദ് ഹിരണ്‍, ലളിത് സാംഖലാ, അനന്തരവളായ അനിതാ സാംഖലാ തുടങ്ങിയവര്‍ ദേഹദാനവേളയില്‍ സന്നിഹിതരായി. അനാട്ടമി വിഭാഗം മേധാവി ഡോ. പര്‍വീണ്‍ ഓഝ, സീനിയര്‍ പ്രൊഫസര്‍ ഡോ. സീമാപ്രകാശ്, ഡോ. ശ്വേതാ അസ്ഥാന, ഡോ. സൗരഭ് ജൈന്‍, ഡോ. സുനില്‍ ശര്‍മ്മ തുടങ്ങിയവര്‍ ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശരീരം ഏറ്റുവാങ്ങി.
ശിവാജി നഗറില്‍ നിന്ന് രവീന്ദ്രനാഥ ടാഗോര്‍ ആയുര്‍ വിജ്ഞാന്‍ കേന്ദ്രത്തിലേക്കുള്ള യാത്രയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അനുഗമിച്ചു. രാമമന്ത്രങ്ങളും ഗണഗീതങ്ങളുമായി നഗ്നപാദരായാണ് അവസാനയാത്രയില്‍ ഒത്തുചേര്‍ന്നാണ് അദ്ദേഹത്തോടുള്ള ആദരവ് ജനാവലി പ്രകടിപ്പിച്ചത്. തുടര്‍ന്നു നടന്ന ശ്രദ്ധാഞ്ജലിയില്‍ സ്വദേശി ജാഗരണ്‍മഞ്ച് ദേശീയ ഉപാദ്ധ്യക്ഷന്‍ ഡോ. ബി.പി. ശര്‍മ്മ, രാജസ്ഥാന്‍ ക്ഷേത്ര പ്രചാരകന്‍ നിംബാറാം, പ്രാന്ത സംഘചാലക് ജഗദീഷ് റാണ, പ്രാന്തപ്രചാരകന്‍ വിജയാനന്ദ്, കാര്യവാഹ് ഡോ. ശങ്കര്‍ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post