തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പത് മുതല്‍ 29 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10നും ആരംഭിക്കും. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എസ്എല്‍സി പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും. 4,19,362 റഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇതില്‍ 2,13801 പേര്‍ ആണ്‍കുട്ടികളും 2,00,561 പേര്‍ പെണ്‍കുട്ടികളുമാണ്. 2960 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും.
എപ്രില്‍ മൂന്ന് മുതല്‍ മൂല്യ നിര്‍ണ്ണയം ആരംഭിക്കും 24 വരെ 70 ക്യാമ്പുകളിലായുള്ള മൂല്യ നിര്‍ണയത്തില്‍ 18000ല്‍ അധികം അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം വര്‍ഷം 4,25361 പേരും, 4,42067 രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. ഏപ്രില്‍ മൂന്നിന് തന്നെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റേയും മൂല്യ നിര്‍ണയ ക്യാമ്പ് ആരംഭിക്കും. ഇതിനായി 25000 അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും. പരീക്ഷാ നടത്തിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ അനുഭവിക്കുന്ന വിവിധതരം സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് ‘വി ഹെല്‍പ്പ്’ എന്ന പേരില്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ സഹായ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. 18 00 42 52 844 എന്ന നമ്പറില്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം 7 വരെ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിളിക്കാം. പരീക്ഷ അവസാനിക്കുന്നത് വരെ എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ടോള്‍ഫ്രീ സേവനം ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post