ഹരിദ്വാര്‍: രാഷ്ട്രസേവയ്ക്കായി ജീവിതം സമര്‍പ്പിച്ച് നവസംന്യാസിമാരുടെ നാരായണിസേന. യോഗഋഷി ബാബ രാംദേവ് ഹരിദ്വാറിലെ ആശ്രമത്തിലാണ് നവസംന്യാസിമാര്‍ക്ക് ദീക്ഷ നല്കിയത്. അറുപത് സംന്യാസിമാരും നാല്‍പത് സംന്യാസിനിമാരുമടങ്ങുന്നതാണ് പുതിയ നിര. 500 നൈഷ്ഠിക ബ്രഹ്‌മചാരിമാര്‍ക്കും അദ്ദേഹം ദീക്ഷ നല്‍കി. യുവസംന്യാസിമാര്‍ രാഷ്ട്രസേവയ്ക്കായി സമര്‍പ്പിതരാവുന്നത് ആത്മീയഭാരതത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിന് ഗതിവേഗം കൂട്ടുമെന്ന് ചടങ്ങില്‍ സംബന്ധിച്ച ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. സമഗ്രവികാസത്തിന്റെയും സംതൃപ്തജീവിതത്തിന്റെയും സാംസ്‌കാരികോന്നതിയുടെയും രാമരാജ്യത്തിന്റെ പുനസ്ഥാപനത്തിന് ഇത് വഴിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ മക്കളെ വളര്‍ത്തി രാജ്യത്തിനും ധര്‍മ്മത്തിനും സംസ്‌കാരത്തിനും മനുഷ്യത്വത്തിനും വേണ്ടി സമര്‍പ്പിച്ച യുവസംന്യാസിമാരുടെ അച്ഛനമ്മമാരുടെ ത്യാഗം മഹത്തരമാണ്. പത്ത് വര്‍ഷം മുമ്പ് അന്തരീക്ഷം ഇങ്ങനെയായിരുന്നില്ല, മനസ്സില്‍ ആശങ്കകള്‍ ഉണ്ടായിരുന്നു.. എന്നാല്‍ ഈ യുവ സംന്യാസിമാരെ കണ്ടപ്പോള്‍ എല്ലാ ആശങ്കകളും അവസാനിച്ചു, സര്‍സംഘചാലക് പറഞ്ഞു.
ലോകമെമ്പാടും സംന്യാസ ധര്‍മ്മത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും യുഗ ധര്‍മ്മത്തിന്റെയും പതാക വാഹകരായിരിക്കും നവസംന്യാസിമാരുടെ നാരായണി സേനയെന്ന് ബാബ രാംദേവ് പറഞ്ഞു. ഒന്‍പത് ദിനരാത്രങ്ങളായുള്ള ചടങ്ങുകള്‍ക്കൊടുവിലാണ് ദീക്ഷാസമര്‍പ്പണം നടന്നത്. വേദമന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും പുഷ്പങ്ങള്‍ ചൊരിഞ്ഞ് യുവസംന്യാസിമാരെ സ്വീകരിച്ചു. തുടര്‍ന്ന് ഗംഗയില്‍ കുളിച്ച് വെള്ള വസ്ത്രം ഉപേക്ഷിച്ച് കാവി വസ്ത്രം ധരിച്ചു. ഋഷിഗ്രാമില്‍ തൊഴുതു. ചടങ്ങില്‍ ആചാര്യ ബാലകൃഷ്ണ സംന്യാസ ധര്‍മ്മത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിച്ചു.
Discussion about this post