റാഞ്ചി: ഝാര്‍ഖണ്ഡില്‍ അഞ്ച് മാവോയിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചു. ഛത്രയിലെ ലാവലോങ്ങില്‍ നടന്ന ഏറ്റുമുട്ടലിലാണ് സ്‌പെഷ്യല്‍ ഏരിയ കമ്മിറ്റി (എസ്എസി) അംഗം ഗൗതം പാസ്വാന്‍ ഉള്‍പ്പെടെ അഞ്ച് കൊടുംഭീകരരെ കൊന്നത്. സബ് സോണല്‍ കമാന്‍ഡര്‍മാരായ അമര്‍ ഗഞ്ജു, നന്ദു, സഞ്ജീവ് ഭൂയാന്‍, എസ്എസി അംഗങ്ങളായ ഗൗതം പാസ്വാന്‍, അജിത് ഒറോണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഗൗതം പാസ്വാന്‍, അജിത് ഓറോണ്‍ എന്നിവരുടെ തലയ്ക്ക് 25 ലക്ഷം രൂപ വീതവും സബ് സോണല്‍ കമാന്‍ഡര്‍മാര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും തുക പ്രഖ്യാപിച്ചിരുന്നു. സൈനിക നടപടിയില്‍ അഞ്ച് ഭീകരരും കൊല്ലപ്പെട്ടതായി എസ്പി രാകേഷ് രഞ്ജന്‍ സ്ഥിരീകരിച്ചു.
രണ്ട് എകെ 47, ഒരു ഇന്‍സാസ്, രണ്ട് സാധാരണ റൈഫിളുകള്‍ എന്നിവയും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. അഞ്ച് മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
പലാമു അതിര്‍ത്തിയിലെ ഛത്രയിലെ ലവലോങ് പോലീസ് സ്റ്റേഷന്‍റെ കീഴിലുള്ള കാടുകളില്‍ ചില ഉന്നത മാവോയിസ്റ്റ് കമാന്‍ഡര്‍മാര്‍ ഒത്തുകൂടിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഝാര്‍ഖണ്ഡ് സായുധ സിആര്‍പിഎഫിന്‍റെ കോബ്രാ ബറ്റാലിയന്‍റെ സംയുക്ത സംഘത്തെ ഉള്‍പ്പെടുത്തിയാണ് ഓപ്പറേഷന്‍ നടത്തിയത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച ഓപ്പറേഷനില്‍ സൈന്യവും ഭീകരരും തമ്മില്‍ കനത്ത വെടിവയ്പ് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post