തായ്പേയ്: യുഎസ് ഹൗസ് സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായി തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ദ്വീപിന് ചുറ്റും വീണ്ടും ചൈനീസ് സൈനിക വിന്യാസം. തായ്വാന് ചുറ്റുമുള്ള കടലില്‍ ചൈന ഇന്നലെ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. ബുധനാഴ്ചയാണ് ലോസ് ഏഞ്ചല്‍സില്‍ മക്കാര്‍ത്തിയുമായി തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ ചര്‍ച്ച നടത്തിയത്. അന്താരാഷ്ട്ര വേദിയില്‍ ഒറ്റപ്പെട്ടില്ലെന്ന മക്കാര്‍ത്തിയുടെ ഉറപ്പിന് സായ് ഇങ് വെന്‍ നന്ദി അറിയിച്ചു.
ചൈനീസ് മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് തായ്‌വാന്‍ പ്രസിഡന്റ് അമേരിക്കയിലേക്ക് പോയത്. കൂടിക്കാഴ്ച നടക്കരുതെന്ന് ചൈന ഇരുപക്ഷത്തിനും താക്കീത് നല്‍കിയിരുന്നു, ചര്‍ച്ചനടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് താക്കീതായി തായ്വാന്‍ കടലില്‍ ചൈന ഒരു വിമാനവാഹിനിക്കപ്പല്‍ വിന്യസിച്ചു.
തായ്വാനും ചൈനയ്ക്കുമിടയിലുള്ള കടലില്‍ മൂന്ന് യുദ്ധക്കപ്പലുകളാണ് ഇന്നലെ അധികമായി വിന്യസിച്ചിട്ടുള്ളതെന്ന് തായ്വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തായ്‌വാന് മേലുള്ള ചൈനയുടെ ആര്‍ത്തി അവസാനിപ്പിക്കണമെന്ന് പ്രതിരോധമന്ത്രാലയം മുന്നറിയിപ്പ് നല്കി. 70 വര്‍ഷത്തിലേറെയായി തായ്വാന്‍ സ്വതന്ത്രമാണ്. എന്നിട്ടും സ്വന്തം പ്രദേശമായി ദ്വീപിനെ വിശേഷിപ്പിക്കുകയും ആവശ്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ മക്കാര്‍ത്തിയുടെ മുന്‍ഗാമിയായ നാന്‍സി പെലോസി ദ്വീപില്‍ നടത്തിയ സന്ദര്‍ശനത്തെത്തുടര്‍ന്ന് തായ്വാന് ചുറ്റിലും ചൈന എക്കാലത്തെയും വലിയ വ്യോമ, കടല്‍ അഭ്യാസങ്ങള്‍ നടത്തിയിരുന്നു. അതേസമയം അമേരിക്കയിലെ സ്വീകരണം കൂടുതല്‍ കരുത്ത് പകരുന്നുണ്ടെന്ന് തായ്വാന്‍ പ്രസിഡന്റ് സായ് പറഞ്ഞു. അമേരിക്കയുടെ സാന്നിധ്യവും പിന്തുണയും ഞങ്ങള്‍ ഒറ്റയ്ക്കല്ല എന്ന ആത്മവിശ്വാസമാണ് നല്കുന്നതെന്ന് സിമി വാലിയിലെ റൊണാള്‍ഡ് റീഗന്‍ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയില്‍ അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതിനിടെ, ‘അമേരിക്കയും തായ്വാനും തമ്മിലുള്ള ഗുരുതരമായ ഗൂഢാലോചനകള്‍ക്ക് മറുപടിയായി, ദേശീയ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിന് ദൃഢവും ഫലപ്രദവുമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു..
Discussion about this post