സൂററ്റ്: ടെക്‌സ്റ്റൈല്‍ വ്യവസായത്തിന് പേരുകേട്ട സൂററ്റ് നഗരം രാജ്യത്തെ പ്രഥമ സാരി വാക്കത്തോണിന് വേദിയായി. രാജ്യമൊട്ടാകെയുള്ള വിവിധതരം സാരികളുമണിഞ്ഞ് പതിനയ്യായിരത്തിലധികം സ്ത്രീകള്‍ വാക്കത്തോണില്‍ പങ്കെടുത്തു. ഗുജറാത്തിലെ സ്ത്രീകള്‍ക്കിടയില്‍ ഫിറ്റ്‌നസിനെക്കുറിച്ചും സ്വയം പര്യാപ്തതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകം വിളിച്ചോതിയ സാരി വാക്കത്തോണില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് തങ്ങളുടെ ദേശത്തിന്‍റെ തനിമ ഓര്‍മ്മിപ്പിക്കുന്ന സാരി ധരിച്ചെത്തിയത്.
യോഗചാപ് നൃത്തത്തിന്‍റെ അകമ്പടിയോടെയാണ് രാജ്യത്തിന്‍റെ സാരി വൈവിധ്യം അവതരിപ്പിച്ചത്. ഓരോ നാടിന്‍റെയും രീതിക്ക് അനുസരിച്ച് രൂപകല്പന ചെയ്ത സാരികളാണ് പങ്കെടുത്തവര്‍ ധരിച്ചത്.
ഹരിയാന, ബീഹാര്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, കേരളം, ഒഡീഷ, തെലങ്കാന, കര്‍ണാടക, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തുസാര്‍, ഗിച്ച, മധുബനി പെയിന്റിങ് സാരികള്‍, കാംഥ, കോസ സില്‍ക്ക്, ഫുല്‍കാരി, പടോല, ഡബിള്‍ ഇക്കാത്ത്. തംഗലിയ, അശ്വലി, ചന്ദേരി, കോട്ടണ്‍ ബോംകായ്, കോട്പട്, പോച്ചമ്പള്ളി, ബനാറസി, ലഹേരിയ, ഗോതാപാട്ടി, ബന്ധാനി തുടങ്ങിയ സാരികളാണ് വാക്കത്തോണിനെ ആകര്‍ഷകമാക്കിയത്.
Discussion about this post