ടോക്കിയോ: ഇന്ത്യൻ യുപിഐ പേയ്‌മെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ജപ്പാൻ. ഇന്ത്യയിലെ യുപിഐ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാൻ ജി7 യോഗത്തിന് ശേഷം ജപ്പാൻ ഒരു ടീമിനെ ഇന്ത്യയിലേക്ക് അയക്കുമെന്ന് ഡിജിറ്റൽ മന്ത്രി കോനോ ടാരോ പറഞ്ഞു.
ഇന്ത്യൻ യുപിഐ പേയ്‌മെന്റ് സിസ്റ്റവുമായുള്ള സഹകരണം ഇരു രാജ്യങ്ങൾക്കും ഗുണകരമാണ്. ഇന്ത്യ, സിംഗപൂർ,തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നും ജപ്പാനിലേക്കെത്തുന്ന വിദേശികൾക്ക് ഇത് ഏറെ സഹായകരമാകും. ഒരു പുതിയ അന്താരാഷ്‌ട്ര ഡാറ്റാ ഓർഗനൈസേഷനായുള്ള ജപ്പാന്റെ നിർദ്ദേശത്തെ ഇന്ത്യ പിന്തുണയ്‌ക്കണമെന്നും കോനോ ടാരോ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പേയ്‌മെന്റ് സംവിധാനവുമായി നിരവധി രാജ്യങ്ങൾ ഇതിന് മുൻപ് തന്നെ കരാറിലെത്തിയിട്ടുണ്ട്.
സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, മലേഷ്യ, ഒമാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. റുപേ വഴിയും ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സേവനം പല രാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയ്‌ക്ക് പുറത്ത് ആദ്യമായി യുപിഐ സേവനം ലഭ്യമാക്കുന്ന രാജ്യം നേപ്പാളാണ്. ഡിജിറ്റൽ പണമിടപാടിൽ ഇന്ത്യ ബഹുദൂരം മുൻപന്തിയിലാണ്. രാജ്യത്തെ പ്രതിമാസ യുപിഐ പണമിടപാടുകളും നിരന്തരം വർദ്ധിച്ചുവരികയാണ്.
Discussion about this post