ന്യൂദല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ദ്വിദിന സന്ദര്‍ശനത്തിനായി നാളെ കേരളത്തില്‍ എത്തും. കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന ഉപരാഷ്ട്രപതി ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമി സന്ദര്‍ശിക്കും. തലശ്ശേരിയിലെത്തി തന്റെ സ്‌കൂള്‍ അധ്യാപിക രത്‌ന നായരെ ആദരിക്കും. ഉപരാഷ്ട്രപതിയായതിന് ശേഷമുള്ള ജഗ്ദീപ് ധന്‍കറിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.
21ന് തിരുവനന്തപുരത്ത് എത്തുന്ന ഉപരാഷ്ട്രപതി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 22ന് കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവം-2023ന്റെ സുവനീര്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും. 1998 മെയ് 22ന് അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണനാണ് നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്തത്.
ഉച്ചയ്ക്കുശേഷം കണ്ണൂര്‍ ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി സന്ദര്‍ശിക്കുന്ന ഉപരാഷ്ട്രപതി കേഡറ്റുകളുമായി സംവദിക്കും. ഇതാദ്യമായാണ് ഒരു ഉപരാഷ്ട്രപതി ഐഎന്‍എ സന്ദര്‍ശിക്കുന്നത്. തന്റെ അധ്യാപികയായിരുന്ന രത്‌ന നായരെ തലശ്ശേരിയിലെ വീട്ടിലെത്തി ഉപരാഷ്ട്രപതി ആദരിക്കും. ചിത്തോര്‍ഗഡിലെ സൈനിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ധന്‍കറിനെ രത്‌ന നായര്‍ പഠിപ്പിച്ചത്.
Discussion about this post