അബുദാബി: യുഎഇയിലെ ആദ്യ പരമ്പരാഗത ശിലാക്ഷേത്ര സമര്‍പ്പണച്ചടങ്ങുകള്‍ അടുത്ത വര്‍ഷം ഫെബ്രുവരി 14ന് ആരംഭിക്കുമെന്ന് ബാപ്‌സ് ഹിന്ദു ക്ഷേത്ര പ്രതിനിധികള്‍ അറിയിച്ചു. 18ന് ക്ഷേത്രം ഭക്തര്‍ക്കായി സമര്‍പ്പിക്കും. ഉദ്ഘാടന ആഘോഷങ്ങള്‍ സൗഹൃദത്തിന്റെ ഉത്സവമായി കൊണ്ടാടും. ആഗോള ഏകതയ്ക്കായി ഭാരതം ഉയര്‍ത്തുന്ന ആഹ്വാനത്തിന്റെ പ്രതിഫലനമാണ് ഈ ക്ഷേത്രം. ഭാരതീയ കലകളും മൂല്യങ്ങലും അറബ് നാടുകള്‍ക്ക് സംഭാവന ചെയ്യാന്‍ ഈ മഹോത്സവം ഉപകരിക്കുമെന്ന് ബാപ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
അബു മുറൈഖയിലെ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകുന്നത്. 2024 ഫെബ്രുവരി 14ന് മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തില്‍ ആത്മീയമായ ചടങ്ങുകളോടെയാകും ക്ഷേത്രസമര്‍പ്പണം. ഫെബ്രുവരി 15ന്, പൊതുസമൂഹത്തെ സംഘടിപ്പിച്ച് സമര്‍പ്പണ സമ്മേളനം ചേരും. യുഎഇയിലെ പ്രവാസിഭാരതീയര്‍ക്ക് ഈ സമ്മേളനത്തില്‍ രജിസ്‌ട്രേഷന്‍ മുഖാന്തരം പ്രവേശനമുണ്ടാകും. സ്വാമി ബ്രഹ്മവിഹാരിദാസിന്റെ മേല്‍നോട്ടത്തിലാണ് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകുന്നത്.
2015 ആഗസ്തിലാണ് അബുദാബിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ യുഎഇ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശന വേളയില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഭൂമി സമ്മാനിച്ചു. 2018 ഫെബ്രുവരിയിലാണ് തറക്കല്ലിടല്‍ ചടങ്ങ് നടന്നത്.
Discussion about this post