ഇംഫാല്‍: മണിപ്പൂരില്‍ അക്രമങ്ങള്‍ക്കിരയായവര്‍ക്ക് നിര്‍മ്മിച്ച താത്കാലിക വീടുകള്‍ മുഖ്യമന്ത്രി ബിരേന്‍സിങ് കൈമാറി. അക്രമങ്ങള്‍ സൃഷ്ടിച്ച കെടുതികള്‍ ഭീകരമാണെന്നും ഇപ്പോള്‍ കൈമാറുന്നത് സ്ഥിരം സംവിധാനങ്ങളല്ലെന്നും ബിരേന്‍സിങ് പറഞ്ഞു. സമാധാനത്തിന്റെ പാതയിലേക്ക് നാട് മാറുന്നുണ്ട്. നഷ്ടങ്ങള്‍ വലുതാണ്. അത് പരിഹരിക്കാനുള്ള പ്രയത്‌നത്തിലാണ് സര്‍ക്കാര്‍. ഈ വീടുകള്‍ താത്കാലിക ആശ്വാസം മാത്രമാണ്. എത്രയും വേഗം സമഗ്രമായ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പുനല്കുന്നു, ബിരേന്‍ സിങ് പറഞ്ഞു.
ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സജിവ ജയില്‍ കോംപ്ലക്സില്‍ മുന്നൂറിലധികം കുടുംബങ്ങള്‍ക്ക് താത്കാലിക ഷെല്‍ട്ടര്‍ ഹോമുകള്‍ കൈമാറുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലകളിലും താഴ്വരയിലും ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുക എന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന. എട്ട് സ്ഥലങ്ങളിലാണ് ഇത്തരം താത്കാലിക വീടുകള്‍ നിര്‍മിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്‍കൂട്ടി നിര്‍മ്മിച്ച വീടുകള്‍ റെഡിമെയ്ഡ് സ്ട്രക്ച്ചറുകളാണ്, അവ പുറത്ത് നിര്‍മ്മിച്ച് വീടുകള്‍ സ്ഥാപിക്കുന്ന സ്ഥലത്ത് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.
ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്തയില്‍ 320ഉം സജിവയില്‍ നാനൂറും ഇംഫാല്‍ ഈസ്റ്റിലെ സാവോംബുങ്ങില്‍ ഇരുന്നൂറും വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. തൗബാല്‍ ജില്ലയിലെ യൈത്തിബി ലൗക്കോളില്‍ 400 വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. താഴ്‌വരയില്‍, അടുത്ത 10-15 ദിവസത്തിനുള്ളില്‍ ഷിഫ്റ്റിങ് നടത്തും. നിരവധി പ്രദേശങ്ങളില്‍ സ്ഥിരം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സര്‍വേ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
കാങ്പോക്പി, ചുരാചന്ദ്പൂര്‍ ജില്ലകളിലെ പുനരധിവാസം ദുഷ്‌കരമാണെന്നും എന്നാല്‍ അത് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാങ്പോക്പി ജില്ലയില്‍ 700 കുടുംബങ്ങള്‍ക്കായി രണ്ട് സ്ഥലങ്ങള്‍ പരിഗണിച്ചിട്ടുണ്ട്. ഒരു സ്ഥലം കണ്ടെത്തി അവിടെ നിലം നികത്തല്‍ ഏകദേശം പൂര്‍ത്തിയായി. ചുരാചന്ദ്പൂരിനും നിര്‍മ്മാണത്തിനുള്ള സ്ഥലം ഏകദേശം കണ്ടെത്തിയിട്ടുണ്ട്, സിങ് പറഞ്ഞു. സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെട്ടു വരികയാണ്. വെടിവയ്പ് പോലെയുള്ള സംഭവങ്ങള്‍ നിലച്ചിട്ടുണ്ട്. സാധാരണ നില പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ജനങ്ങളും സര്‍ക്കാരും, ബിരേന്‍ സിങ് പറഞ്ഞു.
Discussion about this post