ന്യൂദല്‍ഹി: പുതിയ റയില്‍വേ പദ്ധതികള്‍ ലെവല്‍ ക്രോസില്ലാതെയാകും ആസൂത്രണം ചെയ്യുന്നതെന്ന് റയില്‍വേ ബോര്‍ഡ്. നിലവിലുള്ള പദ്ധതികളില്‍ നിന്ന് ഇതിനകം അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ക്രോസിങ്ങുകള്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചു. പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ ഇത് അനുസരിച്ച് തയാറാക്കാന്‍ സോണുകളോട് ആവശ്യപ്പെട്ടു.
പുതിയ ലൈന്‍, ഗേജ് മാറ്റം, ഇരട്ടിപ്പിക്കല്‍, മള്‍ട്ടി ട്രാക്കിങ് പ്രോജക്ടുകള്‍ എന്നിവയിലെ ലെവല്‍ ക്രോസിംഗുകള്‍ക്കുള്ള നയം പരിഷ്‌കരിച്ചുകൊണ്ടുള്ള സര്‍ക്കുലറിലാണ് നിര്‍ദേശങ്ങള്‍. നിലവില്‍ നടക്കുന്ന പ്രോജക്ടുകളുടെ എസ്റ്റിമേറ്റ് പുതുക്കി ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കാന്‍ റോഡ് ഓവര്‍ ബ്രിഡ്ജ് (ആര്‍ഒബി) അല്ലെങ്കില്‍ റോഡ് അണ്ടര്‍ ബ്രിഡ്ജ് (ആര്‍യുബി) അനുവദിക്കാം ഉത്തരവില്‍ പറയുന്നു.
പാത ഇരട്ടിപ്പിക്കല്‍, മള്‍ട്ടി-ട്രാക്കിങ് പ്രോജക്ടിനായി, നിലവിലുള്ള ലെവല്‍ ക്രോസിങ്ങുകള്‍ മേല്‍പ്പാതയോ അടിപ്പാതയോ വഴി ഇല്ലാതാക്കാം. ബ്രോഡ് ഗേജ് ശൃംഖലയിലെ എല്ലാ ആളില്ലാ ലെവല്‍ ക്രോസിങ്ങുകളും 2019ല്‍ ഒഴിവാക്കിയിരുന്നു. മീറ്റര്‍ ഗേജ്, നാരോ ഗേജ് വിഭാഗങ്ങളില്‍ ഇത്തരത്തിലുള്ള 751 ലെവല്‍ക്രോസുകള്‍ മാത്രമാണ് നിലവിലുള്ളത്.
ഗേജ് മാറ്റപദ്ധതികകള്‍ യൂണി-ഗേജ് പോളിസിക്ക് കീഴിലാണ് അനുവദിച്ചിരിക്കുന്നതെന്നതിനാല്‍, എല്ലാ ലെവല്‍ ക്രോസിങ്ങുകളും ഇല്ലാതാക്കാന്‍ ആസൂത്രണം ചെയ്യാം.
സമാനമായ ഉത്തരവുകള്‍ നേരത്തെയും പുറപ്പെടുവിച്ചിരുന്നുവെങ്കിലും 2019-ല്‍, ഭൂമി ഏറ്റെടുക്കലും നിര്‍മ്മാണ ചെലവും കുറച്ച് പദ്ധതിച്ചെലവ് കുറയ്ക്കുന്നതിന് അടിപ്പാതകള്‍ക്കോ ലിമിറ്റഡ് ഹൈറ്റ് സബ്വേകള്‍ക്കോ പകരം ലെവല്‍ ക്രോസിങ്ങിന് ബോര്‍ഡ് അനുവാദം നല്കിയിരുന്നു.
Discussion about this post