ന്യൂദൽഹി: ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എൽ1പേടകം പകർത്തിയ ചിത്രങ്ങൾ ഭൂമിയിലേക്കയച്ചു. സ്വന്തം ചിത്രത്തോടൊപ്പം ആദിത്യ എൽ1 പകർത്തിയ ഒറ്റ ഫ്രെയിമിലുള്ള ഭൂമിയുടെയും ചന്ദ്രന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ചിത്രങ്ങൾ ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ പുറത്തുവിട്ടു.
സെപ്റ്റംബർ 2നാണ് ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ഐ എസ് ആർ ഒ ആദിത്യ എൽ1 വിക്ഷേപിച്ചത്. പിഎസ്എൽവി സി57 റോക്കറ്റിലായിരുന്നു വിക്ഷേപണം. സൂര്യന്റെ ലാഗ്രേഞ്ച് പോയിന്റെ ലക്ഷ്യമാക്കി നീങ്ങുന്ന ആദിത്യ എൽ1, ഇതിനോടകം തന്നെ വിജയകരമായ രണ്ട് ഭ്രമണപഥ മാറ്റങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. 125 ദിവസങ്ങൾക്ക് ശേഷം ആദിത്യ എൽ1 നിശ്ചിത ലാഗ്രേഞ്ച് പോയിന്റിൽ എത്തും എന്നാണ് കണക്കാക്കപ്പെടുന്നത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ 3 പേടകം വിജയകരമായി ഇ റക്കിയതിന് പിന്നാലെയാണ് ഇസ്രോ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിച്ചത്. വൈദ്യുത കാന്തിക ഡിറ്റക്ടറുകളുടെയും പാർട്ടിക്കിൾ ഡിറ്റക്ടറുകളുടെയും സഹായത്തോടെ സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, കൊറോണ എന്നിവയെയാണ് ആദിത്യ-എൽ1 പഠന വിധേയമാക്കുക.
സൗരക്കൊടുങ്കാറ്റുകൾ, കണികാ വിസരണം, ഗ്രഹാന്തര മാദ്ധ്യമങ്ങൾ എന്നിവയെ കുറിച്ച് നിർണായക വിവരങ്ങൾ ലഭ്യമാക്കാൻ ആദിത്യ-എൽ1ന് സാധിക്കും എന്നാണ് ഐഎസ്ആർഒ അറിയിക്കുന്നത്. മനുഷ്യനെ ബഹിരാകാശത്തേയ്‌ക്ക് അയയ്‌ക്കാനുള്ള ഗഗൻ യാൻ പദ്ധതി ഉൾപ്പടെയുള്ളവയ്‌ക്കുള്ള തയാറെടുപ്പിലാണ് ഇപ്പോൾ ഇസ്രോ.
Discussion about this post