തിരുവനന്തപുരം: ജാതിചിന്തകള്‍ വെടിഞ്ഞ് സനാതന ധര്‍മ സംരക്ഷണത്തിനായി ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി. പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പന്ത്രണ്ടാമത് അനന്തപുരി ഹിന്ദു മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഏത് ജാതിയായാലും നാമെല്ലാം ഹിന്ദുക്കളാണ് എന്നും ജാതിയല്ല മതമാണ് വലുത് എന്ന് ചിന്തയുണ്ടാകണമെന്നും അവര്‍ പറഞ്ഞു. എല്ലാവരും ഒരുമിച്ചുനിന്ന് സനാധന ധര്‍മത്തെ മുന്നോട്ട് കൊണ്ടുപോകണം. നമ്മള്‍ രക്ഷിക്കുന്ന സനാതനധര്‍മം നമ്മളെയും രക്ഷിക്കുമെന്നും വ്യത്യാസങ്ങള്‍ ഉള്‍ക്കൊണ്ടുതന്നെ നാം ഒരുമിച്ച് നിന്ന് വെല്ലുവിളികളെ നേരിടണമെന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി പറഞ്ഞു.
ജീവിതത്തില്‍ പരിപാലിക്കുന്ന ആനുഷ്ഠാനങ്ങളിലും അറിവിലും നിന്നാണ് ഒരു പ്രതിസന്ധിയിലും പതറാത്ത വ്യക്തിത്വം ലഭിക്കുന്നത് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ചെങ്കല്‍ എസ്.രാജശേഖരന്‍നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാമി അഭയാനന്ദ, സ്വാമി സുകുമാരാനന്ദ, സ്വാമി മഹോശ്വരാനന്ദ, സ്വാമി ഹരിഹരാനന്ദ, റാണി മോഹന്‍ദാസ്, വി.സുധകുമാര്‍, സരിന്‍ ശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജ്യോതിഷ പണ്ഡിതന്‍ സന്തോഷ് നായര്‍, എഴുത്തുകാരന്‍ ഇറക്കത്ത് രാധാകൃഷ്ണന്‍, മോഹന്‍ദാസ് കോളജ് ഡയറക്ടര്‍ റാണി മോഹന്‍ദാസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
Discussion about this post