കൊച്ചി : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാര്‍ തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തില്‍ പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകരോട് വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹാജര്‍ പട്ടിക കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. പ്രതികളായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹാജര്‍ പട്ടിക മൂന്ന് മാസം കൂടുമ്പോള്‍ ബന്ധപ്പെട്ട കോടതികളില്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഗവര്‍ണര്‍ക്ക് കരിങ്കൊടി കാണിച്ച സംഭവത്തില്‍ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഇവരുടെ ജാമ്യം കീഴ്‌ക്കോടതി നിരസിച്ചതോടെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചെങ്കിലും 25000 രൂപയുടെ ബോണ്ട് ഉള്‍പ്പടെ കര്‍ശ്ശന ഉപാധികളാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്. യദുകൃഷ്ണന്‍, ആഷിഖ്, പ്രദീപ്, ആര്‍ ജി ആഷിഷ്, ദിലീപ്, റയാന്‍, അമല്‍ ഗഫൂര്‍, റിനോ സ്റ്റീഫന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
വിദ്യാര്‍ത്ഥികളെല്ലാം ക്ലാസില്‍ കൃത്യമായി കയറി പഠനം പൂര്‍ത്തിയാക്കണം. പ്രതിഷേധവുമായി ബന്ധപ്പെട്ട് നഷ്ടം വന്ന തുക 76,357 രൂപ കെട്ടിവെയ്‌ക്കണമെന്നും പ്രതികള്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി മുഖേന കൗണ്‍സിലിങ് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് ഇവരുടെ മാതാപിതാക്കളോട് ഓണ്‍ലൈന്‍ മുഖേന കോടതി സംസാരിച്ചു.
വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ കൃത്യമായി കയറണം. മാതാപിതാക്കളെ അനുസരിക്കണമെന്നും ഹൈക്കോടതി ഉപദേശിച്ചു. മാതാപിതാക്കള്‍ നിര്‍ദ്ദേശിക്കു്ന്ന കൗണ്‍സിലിങ്ങിന് വിധേയമാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പാലിക്കാമെന്ന് വിദ്യാര്‍ത്ഥികളും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി കേസില്‍ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സി.എസ്. ഡയസാണ് ഹര്‍ജി പരിഗണിച്ചത്.
Discussion about this post