കൊച്ചി: സ്ത്രീ പുരുഷ സമത്വത്തിൻ്റെ പാഠങ്ങൾ വീട്ടിൽ നിന്ന് തന്നെ തുടങ്ങണമെന്ന് ഡി ആർ ഡി ഒ മുൻ ഡയറക്ടർ ജനറൽ ഡോ. ടെസി തോമസ് ‘മഹിളാ സമന്വയ വേദിയുടെ ആഭിമുഖ്യത്തിൽ എളമക്കര ഭാസ്കരീയം കൺവെൻഷൻ സെൻ്ററിൽ നടന്ന സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്യകയായിരുന്നു അവർ. അവനവനിൽ ബഹുമാനമുണ്ടാവുകയും മറ്റുള്ളവരെ ബഹുമാനിക്കുകയും ചെയ്യണം, സമൂഹത്തിന് മുന്നിൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ എല്ലാവരെയും പ്രാപ്തരാക്കണം. ആൺ – പെൺ വ്യത്യാസമില്ലാതെ മക്കളെ ഒരുപോലെ വളർത്തണമെന്ന് അവർ കൂട്ടിച്ചേർത്തു. അദ്ധ്യാപികയായിരുന്ന അമ്മ കുടുംബത്തിലെ ആറ് സഹോദരങ്ങളെയും യാതൊരുവിധ പക്ഷപാതവുമില്ലാതെ വിദ്യാഭ്യാസം നൽകി വളർത്തിയെന്ന് സ്വന്തം ജീവിതാനുഭവം പങ്കുവെച്ചു കൊണ്ട് അവർ പറഞ്ഞു.
പരിപാടിയുടെ മുഖ്യാതിഥിയായിരുന്ന ഒളമ്പ്യൻ പി.ടി.ഉഷ എം.പി. സ്ത്രീകൾക്ക് ഒരു കുടുംബത്തെ സംരക്ഷിക്കാനും പരിചരിക്കാനും പുതുതലമുറയെ സൃഷ്ടിക്കുവാനുമുള്ള കഴിവുണ്ടെങ്കിൽ ചുറ്റിനും ഉള്ള സമൂഹത്തിനെയും അതുവഴി രാഷ്ട്രത്തെയും പുനർസൃഷ്ടിക്കാനുള്ള കഴിവ് ജഗദ്സൃഷ്ടാവ് നൽകിയിട്ടുണ്ടെന്നും പറഞ്ഞു. സ്ത്രീകൾക്ക് വേണ്ട ഗുണങ്ങളായ ധൈര്യം, ബുദ്ധിസാമർത്ഥ്യം, നീതിബോധം, ശരിയായതിനെ തിരഞ്ഞെടുക്കാനുള്ള കഴിവ്, കറകളഞ്ഞ ഭക്തി, എന്തിനും നേരിടാനുള്ള ചങ്കൂറ്റം, തെറ്റുകളെ വിളിച്ചു പറയാനുള്ള ആർജ്ജവം, ക്ഷമ, ഇച്ഛാശക്തി എന്നിവ നേടാൻ നമ്മൾ സ്വയം തയ്യാറാവണമെന്ന് മഹാഭാരതത്തിലെ ദ്രൗപതിയെ ഉദ്ധരിച്ചുകൊണ്ട് അവർ പറഞ്ഞു.
ഈശ്വരൻ എന്നും കൂടെയുണ്ടെന്നുള്ള പൂർണ്ണ വിശ്വാസത്തോടെ തന്റെ കർമ്മങ്ങൾ നിറവേറ്റണമെന്നും അതിൽ ഫലേച്ഛ പാടില്ല എന്നും അനുഗ്രഹ പ്രഭാഷണം നടത്തിയ ചിന്മയാമിഷൻ ബ്രഹ്മചാരിണി ദേവകീ ചൈതന്യ പറഞ്ഞു.
മഹിളാ സമന്വയ വേദി ജില്ലാ അധ്യക്ഷ ഡോ.വന്ദന ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സംയോജക സൗമ്യ കെ. സ്വാഗതവും, സഹ സംയോജക അഡ്വ.മിനി ഗോപിനാഥ് നന്ദിയും പറഞ്ഞു. കാഴ്ചപരിമിതികളെ അതിജീവിച്ച് സെറിബ്രൽ പാർസി പോലെയുള്ള അസുഖ ബാധിതരെ ജീവനീയം എന്ന സ്ഥാപനത്തിലൂടെ പരിചരിക്കുന്ന ഡോ.രശ്മിയടക്കം വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാരി രാമചന്ദ്രൻ, കായിക താരങ്ങളായ അലീന ഷെല്ലി, സ്വാതി കെ.ജെ., അൻവിത എസ്.ഭട്ട്, കലാമണ്ഡലം വാണി വാസുദേവൻ, കളരി ഗുരുക്കളായ ഫിലോമിന മാനുവൽ എന്നിവരെ വേദിയിൽ ആദരിച്ചു.
ഭാരതീയ സ്ത്രീ സങ്കല്പം, സ്ത്രീസമൂഹം നേരിടുന്ന പ്രതിസന്ധികളും – വെല്ലുവിളികളും, രാഷ്ട്ര പുരോഗതിയിൽ സ്ത്രീകളുടെ പങ്കാളിത്തം എന്നീ വിഷയങ്ങളിൽ അഡ്വ. അഞ്ജനാദേവി, ഡോ.അർച്ചന ആർ., അഡ്വ. ആശാമോൾ എന്നിവർ ചർച്ച നയിക്കുകയും, പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. സംഗമത്തിന്റെ ഭാഗമായി മെഗാ തിരുവാതിരകളി, കൈകൊട്ടികളി, വഞ്ചിപ്പാട്ട് എന്നിവയും ഉണ്ടായിരുന്നു.
Discussion about this post