പള്ളിക്കത്തോട്: സന്‍സദ് ആദര്‍ശ് യോജന പദ്ധതി പ്രകാരം പി.ടി. ഉഷ എംപി ഏറ്റെടുത്ത പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ സുകന്യ സമൃദ്ധി യോജനാ പഞ്ചായത്തായി പ്രഖ്യാപിച്ചു.
പള്ളിക്കത്തോട് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പി.ടി. ഉഷയുടെ സാന്നിധ്യത്തില്‍ നോഡല്‍ ഓഫീസര്‍ ബെവിന്‍ വര്‍ഗീസാണ് പ്രഖ്യാപനം നടത്തിയത്. പള്ളിക്കത്തോട് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സൗജന്യമായി സഹായ ഉപകരണങ്ങള്‍ നല്കുന്ന ക്യാമ്പിന്റെ ഭാഗമായാണ് പ്രഖ്യാപനം നടത്തിയത്. ക്യാമ്പിന്റെ ഉദ്ഘാടനം പി.ടി. ഉഷ എംപി നിര്‍വഹിച്ചു.
പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന, 10 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ സുകന്യ സമ്യദ്ധി യോജനയില്‍ ചേര്‍ക്കുന്ന പദ്ധതി വില്ലേജ് ഡെവലപ്‌മെന്റ് പ്ലാനില്‍(വിഡിപി) ഉള്‍പ്പെടുത്തിയാണ് നടപ്പക്കിയത്. ആകെ 496 പെണ്‍കുട്ടികളില്‍ 447 പേരും(90 ശതമാനം) പദ്ധതിയില്‍ ഉള്‍പ്പെട്ടു. ശേഷിക്കുന്ന 10 ശതമാനം പേര്‍ പദ്ധതിയില്‍ ചേരുന്നത് സംബന്ധിച്ച് പഞ്ചായത്തില്‍ നിന്നും കത്ത് നല്കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ പരിശോധിച്ച് പഞ്ചായത്തിനെ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ സുകന്യ സമ്യദ്ധി യോജന പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനുളള നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ക്ക് കത്ത് നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.
Discussion about this post