റിയോ: പശ്ചിമേഷ്യയില്‍ സമാധാന സ്ഥാപനത്തിന് ദ്വിരാഷ്‌ട്ര പരിഹാരം നടപ്പാക്കണമെന്ന് ആവര്‍ത്തിച്ച് ഭാരതം. സംഘര്‍ഷം വ്യാപിക്കാന്‍ ഇടവരുത്തരുത്. ബ്രസീലിലെ റിയോ ഡി ജെനീറോയില്‍ നടക്കുന്ന ജി 20 വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ഭാരതത്തെ പ്രതിനിധീകരിച്ച വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കി.
യുക്രെയ്‌നില്‍ ചര്‍ച്ചകള്‍ പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യസഹമന്ത്രി പറഞ്ഞു. എല്ലാത്തരം ഭീകരവാദത്തെയും ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കാന്‍ ലോകത്തിനാകണം. സമുദ്രസുരക്ഷകാര്യത്തില്‍ ജി20 അംഗരാജ്യങ്ങള്‍ക്കിടയിലെ സഹകരണം വര്‍ധിപ്പിക്കണം. ആഗോള വിഷയങ്ങളെ ക്രിയാത്മകമായി സമീപിക്കണമെന്നും പൊതുവായ തലം കണ്ടെത്താന്‍ സാധിക്കണമെന്നും ജി 20 കൂട്ടായ്മയില്‍ വിദേശകാര്യസഹമന്ത്രി ആവശ്യപ്പെട്ടു.
‘നീതിപൂര്‍വമായ ലോകവും സുസ്ഥിര ഭൂമിയും’ എന്ന ബ്രസീല്‍ ജി20 പ്രമേയം, മാനവകേന്ദ്രീകൃത പുരോഗതിക്കായി ഭാരതം മുന്നോട്ട് വയ്‌ക്കുന്ന ‘വസുധൈവ കുടുംബകം’ എന്നതുമായി ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഉറുഗ്വേ വിദേശകാര്യ മന്ത്രി ഒമര്‍ പഗനിനിയുമായും കൂടിക്കാഴ്ച നടത്തി.
വാണിജ്യം, ടൂറിസം, ആയുര്‍വേദം എന്നിങ്ങനെ വിവിധ വിഷയങ്ങളിലെ സഹകരണം ചര്‍ച്ചയായി. ഇന്ത്യ ബ്രസീല്‍ ദക്ഷിണാഫ്രിക്ക വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും വി. മുരളീധരന്‍ പങ്കെടുക്കും. സമ്മേളനത്തിനെത്തുന്ന വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളും തുടരും.
Discussion about this post