കോഴിക്കോട്: ഹരിയാനയിലെ പഞ്ച്കുലയില്‍ ഭാരതീയ ചിത്രസാധന സംഘടിപ്പിച്ച ചിത്രഭാരതി നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കാമ്പസ് ഫിലിം (പ്രൊഫഷണല്‍) വിഭാഗത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അശ്വതി രാംദാസിനുള്ള പുരസ്‌കാരം കോഴിക്കോട് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സമ്മാനിച്ചു. അശ്വതി അഭിനയിക്കുകയല്ല സിനിമയില്‍ ജീവിക്കുകയായിരുന്നുവെന്ന് പുരസ്‌കാരം സമ്മാനിച്ച സംവിധായകന്‍ പ്രവീണ്‍ മൂടാടി പറഞ്ഞു.
ആസ്വാദന നിലവാരമുള്ള നല്ല സിനിമകള്‍ മലയാളത്തില്‍ പിറക്കുന്നില്ലെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ കേസരി ചീഫ് എഡിറ്റര്‍ ഡോ.എന്‍.ആര്‍. മധു പറഞ്ഞു.
അരവിന്ദന്റെയും അടൂരിന്റെയും പത്മരാജന്റെയും ഭരതന്റെയും പാരമ്പര്യമുള്ള സിനിമ സംസ്‌കാരം കേരളത്തിന് ഉണ്ട്. കാമ്പസുകളില്‍ പുതിയ ആശയങ്ങളില്‍ നിര്‍ഭയത്വത്തോടെ ഹ്രസ്വചിത്രങ്ങള്‍ പിറക്കുന്നുവെന്നത് ആശ്വാസകരമാണ്.പതിനായിരക്കണക്കിന് കലാകാരന്‍മാര്‍ എത്തിച്ചേരുന്ന മഹോത്സവമാണ് ചിത്രഭാരതിയുടെ ഫിലിംഫെസ്റ്റിവല്‍. മലയാളത്തില്‍ കാണുന്ന ഫിലിംഫെസ്റ്റിവല്‍ ചിത്രഭാരതിക്കുമുന്നില്‍ ഒന്നുമല്ലെന്നും മലയാളമാധ്യമങ്ങള്‍ക്ക് ഇതുസംബന്ധിച്ച് കാര്യമായ അറിവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പഞ്ച്കുലയില്‍ സമ്മാനിച്ച പുരസ്‌കാരം കോഴിക്കോട് ഫിലിം സൊസൈറ്റി പ്രസിഡന്റ് ഹരീഷ് പി. കടയപ്രത്ത് സ്വീകരിച്ച് ഭാരതീയ ചിത്ര സാധനയും കോഴിക്കോട് ഫിലിം സൊസൈറ്റിയും ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ സമ്മാനിക്കുകയായിരുന്നു. മലയാള ചിത്രം ബര്‍സയിലെ അഭിനയത്തിനാണ് അശ്വതിക്ക് പുരസ്‌കാരം. പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും വെങ്കല ശില്‍പവും അടങ്ങിയതാണ് അവാര്‍ഡ്. കോഴിക്കോട് വടകര മേമുണ്ട സ്വദേശിയായ അശ്വതി മടപ്പള്ളി ഗവണ്‍മെന്റ് കോളജില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. പുരസ്‌കാരം ലഭിച്ച ‘ബര്‍സ ‘എന്ന ചിത്രത്തിന്റെപ്രദര്‍ശനവുമുണ്ടായിരുന്നു. ചടങ്ങില്‍ ഹരീഷ് കടയപ്രത്ത് അധ്യക്ഷത വഹിച്ചു. ടി.സുധീഷ്, എം.എന്‍. സുന്ദര്‍രാജ് സംസാരിച്ചു.
Discussion about this post