തിരുവനന്തപുരം: സിദ്ധാര്‍ഥനെതിരായ ക്രൂര റാഗിങ്ങിലും ആള്‍ക്കൂട്ട വിചാരണയിലും പൂക്കോട് വെറ്ററിനറി സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് എതിരെയെടുത്ത നടപടി റദ്ദാക്കിയ വൈസ് ചാന്‍സലറുടെ നടപടി റദ്ദാക്കുകയായിരുന്നു തിരുവനന്തപുരത്ത് എത്തിയ ഉടന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തത്.വൈസ് ചാന്‍സലര്‍ ഡോ.പി.സി.ശശീന്ദ്രനെ വിളിച്ച് രാജിവെയക്കുന്നോ അതോ ഞാന്‍ പുറത്താക്കണോ എന്നു ചോദിക്കുകയും ചെയ്തു. ഉടന്‍ തന്നെ രാജിക്കത്ത് നല്‍കി. വെറ്റിനറി സര്‍വകലാശാല വിസിയായിരുന്ന ഡോ.എം.ആര്‍.ശശീന്ദ്ര നാഥിനെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെയാണ് പി.സി.ശശീന്ദ്രന് ഗവര്‍ണര്‍ ചുമതല നല്‍കിയത്.
സിദ്ധാര്‍ഥന്റെ മരണത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ അനാസ്ഥ കാട്ടിയതിന് വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍.ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തിട്ടാണ് വെറ്ററിനറി കോളജ് മുന്‍ ഡീന്‍ ഡോ. പി.സി.ശശീന്ദ്രനു ചുമതല നല്‍കിയത്.ഡോ. എം.ആര്‍.ശശീന്ദ്രനാഥിനെ വിസിയായി നിയമിക്കുന്ന സമയത്തു സേര്‍ച് കമ്മിറ്റി നല്‍കിയ മൂന്നംഗ പാനലില്‍ ശശീന്ദ്രനും ഉണ്ടായിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് എതിരെയെടുത്ത നടപടി നിയമോപദേശം വൈസ് ചാന്‍സലര്‍ റദ്ദാക്കിയതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.
സിദ്ധാര്‍ഥനെതിരായ ആള്‍ക്കൂട്ട വിചാരണയില്‍ നേരിട്ടു പങ്കാളികളാകുകയോ കുറ്റകൃത്യം അധികൃതരില്‍നിന്നു മറച്ചുവയ്‌ക്കുകയോ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് എതിരെയാണ് ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആന്റി റാഗിങ് കമ്മിറ്റി നടപടിയെടുത്തത്. 31 പേരെ കോളജില്‍നിന്നു പുറത്താക്കുകയും ഹോസ്റ്റലില്‍ ഉണ്ടായിരുന്ന 90 പേരെ 7 ദിവസത്തേക്കു സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.എന്നാല്‍, സസ്‌പെന്‍ഷന്‍ നടപടി നേരിട്ടവര്‍ നല്‍കിയ അപ്പീലില്‍ സീനിയര്‍ ബാച്ചിലെ 2 പേരുള്‍പ്പെടെ 33 വിദ്യാര്‍ഥികളെ വിസി തിരിച്ചെടുത്തു. സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരായ വിദ്യാര്‍ഥികളെ സംരക്ഷിക്കാനാണു ധൃതിപിടിച്ചുള്ള തീരുമാനം. വിസിക്കു കിട്ടിയ അപ്പീല്‍ ലോ ഓഫിസര്‍ക്ക് നല്‍കാതെ സര്‍വകലാശാല ലീഗല്‍ സെല്ലില്‍ത്തന്നെ തീര്‍പ്പാക്കുകയായിരുന്നു. ആന്റി റാഗിങ് കമ്മിറ്റി അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിനു മുന്‍പേ സര്‍വകലാശാല നല്‍കിയ ശിക്ഷാ ഇളവ്, നിലവില്‍ റിമാന്‍ഡിലുള്ള പ്രതികള്‍ക്കു സഹായകരമാകും.
ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ അടിയന്തര ഇടപെടലും വൈസ് ചാന്‍സലറുടെ രാജിയും.
Discussion about this post