ഡെറാഡൂൺ: മോദി സർക്കാരിന്റെ മൂന്നാം ടേം ആരംഭിക്കാൻ മാസങ്ങൾ മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞങ്ങളുടെ മൂന്നാം ടേമിൽ അഴിമതികാർക്കെതിരെ ഇതിലും വലിയ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ പൊതു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോൺഗ്രസിന് ഇപ്പോൾ ജനാധിപത്യത്തിൽ വിശ്വാസമില്ല. അത്തരക്കാരെ അധികാരത്തിൽ കൊണ്ടുവരാൻ അനുവദിക്കരുത്. രാജ്യത്തെ അരാജകത്വത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. കർണാടകയിലെ ഒരു കോൺഗ്രസ് നേതാവ് രാജ്യത്തെ രണ്ടായി വിഭജിക്കുന്നതിനെ കുറിച്ച് സംസാരിച്ചു. രാജ്യത്തെ വിഭജിക്കുമെന്ന് പറയുന്നവരെ ശിക്ഷിക്കേണ്ടതല്ലേ? എന്നാൽ ശിക്ഷിക്കുന്നതിന് പകരം കോൺഗ്രസ് അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കി.
സ്ത്രീ ശാക്തീകരണത്തിനായി ഒരു പദ്ധതി ഞങ്ങൾ ആരംഭിച്ചു. നമോ ഡ്രോൺ ദീദിയിലൂടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഗുണം ചെയ്യുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യം കണ്ട വികസനം വെറും ട്രെയിലർ മാത്രമാണ്. ഇനിയും ഒരുപാട് ചെയ്യാനുണ്ട്. രാജ്യത്തേയും ഉത്തരാഖണ്ഡിനേയും നമുക്ക് ഇനിയും ഒരുപാട് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. കൃഷിയോ വിനോദസഞ്ചാരമോ വ്യവസായമോ ആകട്ടെ, ഈ മേഖലയിൽ നിരവധി അവസരങ്ങൾ ഉയർന്നുവരുന്നുണ്ട്.
അഴിമതിക്കാർ മോദിയെ ഭീഷണിപ്പെടുത്തുക മാത്രമല്ല അധിക്ഷേപിക്കുകയും ചെയ്യുന്നു. അഴിമതിയെ പൂർണമായും ഇല്ലാതാക്കും. മോദി അവരെ ഭയപ്പെടുന്നില്ല. എല്ലാ അഴിമതിക്കാർക്കെതിരെയും നടപടി തുടരും. പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾ തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ല. ഇതാണ് മോദിയുടെ ഉറപ്പ്- പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post