സുക്മ(ഛത്തിസ്ഗഡ്): രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്. ഇരുപത്തൊന്ന് കൊല്ലം മുമ്പ് നക്‌സല്‍ ഭീകരര്‍ അടച്ചുപൂട്ടിയ സുക്മയിലെ വനവാസി ഗ്രാമമേഖലയിലെ പുരാതനമായ രാമക്ഷേത്രം തുറന്നു. സുക്മ ജില്ലയിലെ കേരളപെന്‍ഡ ഗ്രാമത്തിലാണ് സിആര്‍പിഎഫ് ജവാന്മാരുടെ പിന്തുണയോടെ ഗ്രാമീണരാണ് ക്ഷേത്രം തുറന്ന് ആരാധന നടത്തിയത്. ശ്രീരാമസീതാ ലക്ഷ്മണന്മാരുടെ വിഗ്രഹങ്ങളില്‍ പൂക്കളര്‍പ്പിച്ചും ആരതിയുഴിഞ്ഞും അവര്‍ ആരാധനാ സ്വാതന്ത്ര്യം വീണ്ടെടുത്തു.
നക്‌സല്‍ ഭീകരര്‍ താവളമാക്കിയ കേരളപെന്‍ഡയില്‍ 2003ലാണ് ക്ഷേത്രാരാധന നിരോധിച്ചത്. അന്നുമുതല്‍ പ്രാര്‍ത്ഥനാപൂര്‍വമുള്ള വനവാസികളുടെ കാത്തിരിപ്പാണ് ഇന്നലെ സാക്ഷാത്കരിച്ചത്. കേരളപെന്‍ഡയിലെ ലഖപാലില്‍ സിആര്‍പിഎഫ് അടുത്തിടെയാണ് ക്യാമ്പ് തുറന്നത്. ഗ്രാമവാസികളുടെ ക്ഷേമം ആരാഞ്ഞെത്തിയ സൈനികോദ്യോഗസ്ഥരോട് അവര്‍ക്ക് ആദ്യം പറയാനുണ്ടായിരുന്നത് തങ്ങളുടെ ആശ്രയമായ രാമക്ഷേത്രം തുറക്കണമെന്നായിരുന്നു. തുടര്‍ന്ന് സൈനികര്‍ ക്ഷേത്രപരിസരത്ത് ഗ്രാമവാസികള്‍ക്കായി ആരോഗ്യപരിശോധനാ ക്യാമ്പ് നടത്തി. പ്രദേശം ശുചീകരിച്ചു. സൈനികര്‍ക്കൊപ്പം സുക്മ പോലീസും ഗ്രാമവാസികളും ശുചീകരണത്തില്‍ പങ്കെടുത്തു. തുടര്‍ന്നത് കാത്തിരിപ്പിന് വിരമമായി. 21 വര്‍ഷത്തിന് ശേഷം ശ്രീകോവില്‍ തുറന്നു. ഗ്രാമീണര്‍ ഒന്നടങ്കം എത്തി സാമൂഹ്യാര്‍ച്ചനയും ഭജനയും നടത്തി.
ഇനിയൊരാവശ്യമാണ് ബാക്കി. അതും അവര്‍ സൈനികോദ്യോഗസ്ഥരുടെ മുന്നില്‍വച്ചു. ക്ഷേത്രം പുതുക്കിപ്പണിയണം. ക്ഷേത്രപുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post