നാഗ്പൂര്‍: ആത്മവിസ്മൃതിയകറ്റി തനിമയിലേക്ക് ഉണരുകയും അഭിമാനത്തോടെ നാം ഹിന്ദുക്കളാണെന്ന് ഉദ്‌ഘോഷിക്കുകയും വേണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ നിന്ന് ഉടലെടുത്ത അടിമത്ത മനസ്ഥിതിയാണ് നമ്മുടെ ആത്മവിശ്വാസം ചോര്‍ത്തിയത്. ചിന്തിക്കാനും സംസാരിക്കാനുമുള്ള ധൈര്യവും നമുക്കില്ലാതായി. അതുകൊണ്ടുതന്നെ സ്വാര്‍ത്ഥതയും വ്യാപകമായി. ഈ മനോഭാവത്തെ തരിമ്പും ബാക്കിയില്ലാതെ ഇല്ലാതാക്കണം, സര്‍സംഘചാലക് പറഞ്ഞു. മറാഠി വാരികയായ വിവേക് പ്രസിദ്ധീകരിച്ച ‘രാഷ്ട്രീയ സ്വയംസേവക സംഘം-ഹിന്ദുരാഷ്ട്രജീവിതലക്ഷ്യത്തിന്റെ വ്യവസ്ഥാപിത ആവിഷ്‌കാരം’ എന്ന പുസ്തകം നാഗ്പൂര്‍ ഹെഡ്ഗെവാര്‍ സ്മൃതിഭവനിലെ മഹര്‍ഷി വ്യാസ് ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് എന്ത് നടന്നാലും സംഘമാണ് അതില്‍ പ്രധാന ഘടകമെന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖര്‍ വരെ ചിന്തിക്കുന്നു. സമൂഹത്തില്‍ സംഘത്തോടുള്ള താല്‍പര്യം വര്‍ദ്ധിച്ചതാണ് അതിന് കാരണം. സ്വയംസേവകരാകാന്‍ ആഗ്രഹിക്കുന്നവരുടെ നിരവധി കത്തുകള്‍ വരുന്നു. ജോയിന്‍ ആര്‍എസ്എസ് പോലുള്ള പ്ലാറ്റ് ഫോമിലൂടെ അനേകം പേര്‍ സംഘത്തെ അറിയാന്‍ ആഗ്രഹിക്കുന്നു.
1925ലാണ് ആര്‍എസ്എസ് ആരംഭിച്ചത്. ഇത് 2024 ആണ്. അന്നത്തെയും ഇന്നത്തെയും സാഹചര്യങ്ങളില്‍ വലിയ വ്യത്യാസമുണ്ട്. അന്ന് നമ്മെ സഹായിക്കുന്ന ഘടകങ്ങളുണ്ടായിരുന്നില്ല. ആശയങ്ങള്‍ക്ക് സ്വീകാര്യത ലഭിച്ചിരുന്നില്ല. എതിര്‍ക്കുന്നവര്‍ ധാരാളമായിരുന്നു താനും. ആ ദിവസങ്ങള്‍ കഠിനമായിരുന്നു.
സര്‍സംഘചാലകടക്കം എല്ലാവരും ദാരിദ്ര്യത്തില്‍ ദിവസങ്ങള്‍ കഴിയേണ്ടിവന്നിരുന്നു. എന്നാലിന്ന് സൗകര്യങ്ങളുണ്ട്. ഐശ്വര്യത്തിന്റെ കാലമാണ്. ഉയര്‍ച്ച താഴ്ചകള്‍ മറക്കാത്തവരാണ് ജ്ഞാനികള്‍. അവിടെ നിന്നാണ് വഴിവെട്ടുന്നത്. ജാഗ്രതയോടെ, മൂല്യങ്ങളെ കാത്തുസൂക്ഷിച്ച് നമ്മെ മുന്നോട്ടുനയിക്കുന്നത് ധര്‍മ്മമാണ്, ഇക്കാര്യം മറക്കരുത്, സര്‍സംഘചാലക് പറഞ്ഞു.കഴിഞ്ഞ ആയിരത്തി അഞ്ഞൂറ് വര്‍ഷത്തിനിടയില്‍ നിരവധി മഹാന്മാര്‍ നമ്മുടെ നാട്ടില്‍ പിറന്നു. അവര്‍ രാജ്യത്തെ മുന്നോട്ട് നയിച്ചു. ജീവിതം സമര്‍പ്പിച്ച ധാരാളം പ്രവര്‍ത്തകര്‍ പരിശ്രമിച്ചു. എന്നാല്‍ ഓരോ ആക്രമണത്തെയും പരാജയപ്പെടുത്തുമ്പോള്‍ പുതിയ അക്രമികള്‍ വന്നു. നമ്മുടെ ശക്തിയും പൊരുതുന്ന ശീലവും കൊണ്ട് ഓരോ തവണയും നാം സ്വതന്ത്രരാവുന്നു. നമ്മുടെതന്നെ അഭിപ്രായവ്യത്യാസങ്ങള്‍ കടന്നുകയറ്റക്കാര്‍ക്ക് വിജയമായി.
അടിസ്ഥാനപരമായി ഇതൊരു രോഗമാണ്. അത് പരിഹരിക്കാതെ നമുക്ക് അന്തിമവിജയം നേടാനാകില്ല, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.ഹിന്ദുസ്ഥാന്‍ പ്രകാശന്‍ സന്‍സ്ത ചെയര്‍മാന്‍ പദ്മശ്രീ രമേഷ് പതംഗെ, പൂനെയിലെ ജാദ്വാര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപക ചെയര്‍മാന്‍ സുധാകര്‍ ജാദ്വാര്‍, ആര്‍എസ്എസ് നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ എന്നിവര്‍ പങ്കെടുത്തു.
Discussion about this post