കരുനാഗപ്പള്ളി: രാഷ്ട്രത്തിന്റെ അനാദി ആയ സംസ്‌കാരത്തിന്റെ പുനഃസൃഷ്ടിയാണ് അയോധ്യയില്‍ കണ്ടതെന്ന് സ്വാമി വേദാമൃതാനന്ദപുരി. കരുനാഗപ്പള്ളി അമൃത വിദ്യാലയത്തില്‍ ആര്‍എസ്എസ് പ്രാന്ത പ്രൗഢ ശിബിരത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.ഭാരതത്തിന്റെ ആദ്ധ്യാത്മികതയുടെ വളര്‍ച്ച ഭാരതത്തെ ലോകത്തിന്റെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ പ്രാപ്തമാക്കുന്നു. ഹിന്ദു സമൂഹത്തിലെ അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും ഇല്ലാതാക്കി ഹിന്ദു സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ ആര്‍എസ്എസ്സിനു കഴിയണമെന്നും സ്വാമി പറഞ്ഞു.
ലോകത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള മോചനമന്ത്രമായി ഹിന്ദുത്വം മാറിയെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ എ.എം.കൃഷ്ണന്‍ പറഞ്ഞു. മതേതരത്വവും ജനാധിപത്യവും ഹിന്ദുത്വത്തില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. ആദര്‍ശമില്ലാത്തതും, ലക്ഷ്യ ബോധമില്ലാത്തത്തതുമായ വിദ്യാഭ്യാസരീതി കുട്ടികളെ ലഹരി ഉള്‍പ്പെടെയുള്ളവയുടെ അടിമകളാക്കി മാറ്റുന്നു. ആദര്‍ശ ബോധവും ദേശഭക്തിയും, വ്യക്തിത്വവുമുള്ള ഓരോ വ്യക്തിയേയും സൃഷ്ടിച്ച് രാഷ്ട്രത്തോളം ഉയര്‍ത്തുക എന്നതാണ് ആര്‍എസ്എസ് ലക്ഷ്യം വെക്കുന്നതെന്നും എ.എം.കൃഷ്ണന്‍ പറഞ്ഞു. റിട്ടയേഡ് ജില്ലാ ജഡ്ജ് എസ്.സോമന്‍ (ശിബിരാധികാരി), വി.മുരളീധരന്‍ (ശിബിര കാര്യവാഹ്) എന്നിവര്‍ പങ്കെടുത്തു.
Discussion about this post